അമേരിക്കൻപ്രവാസിയായ അജയ് മേനോൻ രൂപകൽപ്പന ചെയ്ത് സാരഥ്യം വഹിക്കുന്ന MSI എന്ന ചുരുക്കപ്പേരിലറിയപ്പെടുന്ന http://malayalasangeetham.info നിങ്ങളിൽ പലരും സന്ദർശിച്ചിരിക്കാൻ ഇടയുണ്ട്. മലയാളസിനിമകളെ കുറിച്ചും അതിലെ പാട്ടുകളെ കുറിച്ചും പൂർണ്ണമായ വിവരങ്ങൾ നൽകുന്ന റെഫറൻസ് സൈറ്റാണ് ഇത്. MSIയെ പറ്റി പ്രശസ്ത മ്യൂസികോളജിസ്റ്റായ രവി മേനോൻ ഈയിടെ കലാകൌമുദിയിൽ എഴുതിയിരുന്നു (ഇവിടെ വായിക്കാം). വാക്കുകളിൽ കൂടി മാത്രമുള്ള വിവരങ്ങളെ കൂടാതെ ഗാനങ്ങളൂടെ ഒറിജിനൽഓഡിയോ ക്ലിപ്, യൂറ്റ്യൂബ് വീഡിയോ ലിങ്ക് എന്നിവയും MSIയുടെ സവിശേഷതയാണ്. സിനിമാഗാനങ്ങളിൽ ദൃശ്യാവിഷ്കരണവും ആശയവിനിമയത്തിൽ നല്ലൊരു പങ്കുവഹിക്കുന്നതിനാൽ ഗാനരംഗങ്ങളിൽ അഭിനയിക്കുന്ന പ്രധാന നടീനടന്മാരെ പറ്റിയുള്ള വിവരങ്ങൾ കൂടി നൽകണമെന്ന എന്റെ നിർദ്ദേശം MSI നടപ്പാക്കി കഴിഞ്ഞു.
തന്റെ മ്യൂസിക്ബ്ലോഗിലൂടെ ബൂലോഗമലയാളികൾക്ക് സുപരിചിതനായ ഗായകനായ കിരൺസിന്റെ നേതൃത്വത്തിലുള്ള http://malayalamsongslyrics.com സൈറ്റിനെ ഞാൻ പേരെടുത്തു പറഞ്ഞു പരിചയപ്പെടുത്തേണ്ടതിന്റെ ആവശ്യമില്ല. MSL എന്ന ചുരുക്കപ്പേരിലറിയപ്പെടുന്ന ഈ സൈറ്റിൽ ഇംഗ്ലീഷിലും മലയാളത്തിലും വെവ്വേറെ പ്രവേശനകവാടങ്ങളുള്ളതിനാൽ ഒരു സമ്പൂർണ്ണ ദ്വിഭാഷാ പോർട്ടൽ എന്ന സവിശേഷതയുണ്ട്. മലയാള ഗാനങ്ങളൂടെ വരികളെ ഇംഗ്ലീഷിലും മലയാളത്തിലുമുള്ള അക്ഷരങ്ങളിൽ ആവാഹിക്കുക എന്ന ലളിതമായ ശ്രമത്തിൽ തുടങ്ങി ഗായകർക്ക് അവരുടെ പാട്ടുകൾ അപ്‌ലോഡ് ചെയ്ത് ജനമധ്യത്തിൽ കൊണ്ടുവരാൻ വഴിയൊരുക്കുന്ന ഒരു കമ്യൂണിറ്റി പോർട്ടൽ ആയി MSL ഇന്ന് പുരോഗമിച്ചിരിക്കുന്നു. പാട്ടുകളുടെ രചന, സംഗീതസംവിധാനം, ഗായകർ, രാഗം, വർഷം എന്നിവ രണ്ടു സൈറ്റുകളും നൽകുന്നു. ഗായകർക്ക് അവരുടെ കഴിവുകൾ പ്രകടിപ്പിക്കാനുള്ള വഴിയൊരുക്കുന്നു എന്നതിലാണ് MSL MSIയിൽ നിന്നും വേറിട്ടു നിൽക്കുന്നത്. ജീവിതത്തിന്റെ ഒരു ചീന്തായ ഇന്റെർനെറ്റിലും വൈവിധ്യം അത്യാവശ്യമാണ്. വെറും സംഗീതവിവരവിതരണത്തിൽ മാത്രം ഒതുങ്ങിനിൽക്കാതെ സംഗീതനിർമ്മാണത്തിലും കൈവച്ചിരിക്കുകയാണ് ഈ രണ്ടു സൈറ്റുകളും. MSI അവരുടെ ആദ്യ സംഗീത ആൽബമായ ഹൃദയമുരളിക 2008ൽ പുറത്തിറക്കുകയുണ്ടായി. വിദ്യാധരൻ മാസ്റ്റർ, ചിത്ര, ശ്രീവത്സൻ മേനോൻ തുടങ്ങിയ പ്രമുഖർ സഹകരിക്കുന്ന ഈ ആൽബം ഇവിടെ കൊടുത്തിരുക്കുന്ന ലിങ്കു വഴി ഓൺലൈനായി വാങ്ങാവുന്നതാണ്. മലയാളത്തിലെ ആദ്യത്തെ ഓൺലൈൻ സ്വതന്ത്രസംഗീത സംരംഭമായ ഈണം MSL 2009ൽ പുറത്തിറക്കിയിരിക്കുന്നു. മ്യൂസിക് ബ്ലോഗിംഗ് വഴി സുഹൃത്തുക്കളായ ഒരു കൂട്ടം യുവാക്കൾ തന്നെ രചന, സംഗീതം, ആലാപനം, ഓർക്കെസ്ട്രേഷൻ എന്നിവ നിർവ്വഹിച്ചിരിക്കുന്ന ഈ ആൽബം മയലാളസംഗീത രംഗത്തു തന്നെ ഒരു പുതിയ കാൽവയ്പാണ്. സ്വതന്ത്രസോഫ്റ്റ്‌വെയർ എന്ന പോലെ സ്വതന്ത്രസംഗീതം എന്ന ആശയവും മലയാളത്തിൽ പ്രാവർത്തികമാക്കാമെന്ന് തെളിയിച്ചിരിക്കുകയാണ് MSL. ഇത് ലോകമാകെ ചിതറിക്കിടക്കുന്ന കലാകാരന്മാർക്ക് ഒത്തൊരുമിച്ച് പ്രവർത്തിച്ച് തങ്ങളുടെ സംഗീതം ജനമധ്യത്തിലേക്ക് എത്തിക്കാനുള്ള വേദിയൊരുക്കുന്നു.
ഈ രണ്ടു സൈറ്റുകളുടേയും വിജയരഹസ്യം അതിന്റെ പിന്നണിയിൽ ലാഭേഛയില്ലാതെ അശ്രാന്ത പരിശ്രമം നടത്തുന്ന മലയാളികളായ സംഗീതപ്രേമികളാണ്. ലോകത്തിന്റെ നാനാകോണുകളിൽ പ്രവാസികളായി ചിതറിക്കിടക്കുന്ന സംഗീതപ്രേമികളുടെ കൂട്ടായ്മകൾ ഉണ്ടാക്കുവാൻ ഇത്തരം സൈറ്റുകൾക്കു കഴിയുന്നു. ഗാനങ്ങളെ രാഗപ്രകാരം ലിസ്റ്റ് ചെയ്യുന്ന എന്റെ 1997ൽ രൂപം കൊണ്ട രാഗകൈരളി വെബ് സൈറ്റ് നിങ്ങളിൽ ചിലരെങ്കിലും സന്ദർശിച്ചിരിക്കാം. ഞാൻ ഈയിടെ മറ്റു ജീവന്മരണപ്രശ്നങ്ങളെ കുറിച്ച് ബ്ലോഗ് ചെയ്യുമ്പോള്‍ സംഗീതം ചിലപ്പോള്‍ പിന്നണിയിലായിപ്പോകുന്നു എന്നത് സത്യമാണ്. എങ്കിലും MSI ഗൂഗിൾ ഗ്രൂപ്പിൽ നടക്കുന്ന രാഗ-തർക്കങ്ങളിൽ ഒത്തു തീർപ്പുണ്ടാക്കാനും മറ്റു ചർച്ചകളിൽ പങ്കെടുക്കാനും ഞാൻ സമയം കണ്ടെത്താറൂണ്ട്. MSI, MSL, രാഗകൈരളി എന്നിവയിലെ രാഗവിവരങ്ങൾ ഏകോപിപ്പിക്കുക എന്നത് തീർച്ചയായും ചെയ്യേണ്ട ഒരു കാര്യമാണ്. ഒരേ പാട്ടിനു തന്നെ ഓരോ സൈറ്റും വേറെവേറെ രാഗങ്ങൾ കൊടുക്കുന്നത് സംഗീതവിദ്യാർത്ഥികളെ വലയിലാക്കും!






