Monday, December 15, 2008

കൌമാര സ്വപ്നങ്ങൾ

പലരും മറന്നു കഴിഞ്ഞ, എന്നാൽ മലയാള സംഗീതചരിത്രത്തിൽ സുപ്രധാനമായ സ്ഥാനം അർഹിക്കുന്ന “കൌമാരസ്വപ്നങ്ങൾ... പീലിവിടർത്തിയ മാനസതീരങ്ങളിൽ” എന്ന മലയാളം പാട്ടിനെ ഓർമ്മപ്പെടുത്താനാണ് ഈ പോസ്റ്റ്. 1981ൽ പി.ചന്ദ്രകുമാർ സംവിധാനം ചെയ്ത “ആരതി” എന്ന ചിത്രത്തിലേതാണ് എം.ബി ശ്രീനിവാസൻ സംഗീതം പകർന്ന ഈ മനോഹര ഗാനം. ഗാനരചന ഇന്നത്തെ പ്രശസ്ത സിനിമാ സംവിധായകനായ സത്യൻ അന്തിക്കാടാണ്. മലയാളം വരികളെ അച്ചടിഭാഷാ ചുവയില്ലാതെ സ്വാഭാവികമായ വായ്മൊഴി ഉച്ചാരണത്തോടെ പാടാൻ കഴിവുള്ള ഏക അയൽ-സംസ്ഥാന ഗായികയായ ജാനകിയാണ് ഈ പാട്ടു പാടിയിരിക്കുന്നത്.


                  എം.ബി.ശ്രീനിവാസൻ

ഈ പാട്ടിന്റെ സവിശേഷത “രണ്ട് ജാനകിമാർ“ ഒരുമിച്ചു പാടിയിരിക്കുന്നു എന്നുള്ളതാണ്! സാധാരണ സംഘഗാനം പാടുന്നതുപോലെ ഒരുമിച്ചു പാടുകയല്ല ഇവിടെ ചെയ്തിരിക്കുന്നത്. പാട്ടിന്റെ ഉടനീളം പ്രധാന മെലഡിയുടെ അനുപൂരകമായ മെലഡി (counter melody) അതേ സാഹിത്യത്തിൽ,അതേ മനുഷ്യശബ്ദത്തിൽ തന്നെ പാശ്ചാത്തലമായി ഉപയോഗിച്ച് ഹാർമണിയുടെ എഫക്റ്റ് ഉണ്ടാക്കിയിരിക്കുന്നു.

പാട്ട് ഇവിടെ കേഴ്ക്കാം/Download ചെയ്യാം.

എന്റെ കൌമാരകാലത്ത് റേഡിയോയില്‍ തേടിപ്പിടിച്ചു കേട്ടിരുന്ന ഒരു പാട്ടായിരുന്നു ഇത്. പിന്നെ പിന്നെ കേഴ്ക്കാതെ ഓർമ്മയിൽ നിന്നും പൂർണ്ണമായി മറഞ്ഞു. ഈ പാട്ടിന്റെ റെക്കോര്‍ഡിഗ് സവിശേഷതകളെപ്പറ്റി രവിമേനോന്‍ ഈയടുത്ത് മാതൃഭൂമി ആഴ്ചപ്പതിപ്പിലെ എം.ബി.ശ്രീനിവാസനെക്കുറിച്ചുള്ള ‘പാട്ടെഴുത്ത്‘-ൽ ഓർമ്മിപ്പിച്ചിരുന്നു. അങ്ങനെയാണ് ഒരു 'blast from the past' ആയി ഈ ഗാനം വീണ്ടും മനസ്സിൽ തിരിച്ചെത്തിയത്! ഇന്നത്തെപ്പോലെ ഡിജിറ്റൽ ട്രാക് എഡിറ്റിങ്ങും മിക്സിങ്ങും ഒന്നുമില്ലാത്ത 1981ൽ ഇങ്ങനെയൊരു പാട്ടുണ്ടാക്കിയ എം.ബി.ശ്രീനിവാസൻ ഒരു ജീനിയസ് തന്നെ. മെലഡിയും ഹാർമണിയും തമ്മിലുള്ള ഒരു മത്സരമാണ് ഈ പാട്ട്. മെലഡി തന്നെ ജയിച്ചു എന്നാണ് എനിക്കു തോന്നുന്നുത്.


                  എസ്. ജാനകി (Image courtesy : Hindu)

പാട്ടിന്റെ വരികൾ ഈ ലിങ്കിൽ കൊടുത്തിട്ടുണ്ട്. സാഹിത്യത്തിന്റെ ഘടനയിലും ഈ പാട്ട് സാധാരണ കീഴ്വഴക്കമായ “പല്ലവി-അനുപല്ലവി-ചരണം” എന്ന ഫോർമുലയെ അട്ടിമറിക്കുന്നു. അനുപല്ലവി എന്ന വസ്തുവേ ഇതിലില്ല. മൂന്നു ചരണങ്ങൾ ഉള്ളത് വരികളുടെ എണ്ണത്തിലും ദൈർഘ്യത്തിലും ട്യൂണിലും ഒന്നിനൊന്നു വ്യത്യസ്തം! (സാധാരണ പാട്ടുകളിൽ എല്ലാ ചരണങ്ങൾക്കും വരികളുടെ എണ്ണം, ദൈർഘ്യം, ട്യൂൺ എന്നിവ സമാനമായിരിക്കും). എം.ബി.ശ്രീനിവാസന്റെ തന്നെ ജനപ്രിയ മാസ്റ്റർപീസായ “ഒരു വട്ടം കൂടിയെന്നോർമ്മകൾ” എന്ന ഗാനത്തിലും ഇതുപോലെ സാമ്പ്രദായികമായ ഗാനഘടനയുടെ നിരാകരണം കാണാം.

ഇതിന്റെ റെക്കോർഡിങ് സങ്കേതത്തെ “Dual Track Mixing" എന്നു പറയാമെന്നു തോന്നുന്നു. രണ്ടു ട്രാക്കുകളും തമ്മിൽ മെലഡിയിൽ സാരമായ വ്യതിയാനങ്ങളുണ്ട്. ‘Wave Theory' യിലെ 'Variable Phase Difference' പോലെ രണ്ടു ട്രാക്കുകൾക്കും ഇടയിൽ മാറിമറിഞ്ഞു വരുന്ന കാലവ്യത്യാസം കൊടുത്തിരിക്കുന്നതിലാണ് ഈ പാട്ടിന്റെ മനോഹാരിത. ഉദാഹരണമായി പാട്ടിന്റെ തുടക്കം തന്നെ ഒന്നാം ട്രാക്കിലെ “കൌമാരസ്വപ്നങ്ങൾ...” എന്നു പാടിക്കഴിഞ്ഞതിന്റെ അവസാനത്തിലാണ് രണ്ടാം ട്രാക്കിലെ “കൌമാരസ്വപ്നങ്ങൾ“ വരുന്നത്. എന്നാൽ ഒന്നാം ട്രാക്കിലെ “പീലിവിടർത്തിയ മാ” എന്നു പകുതി പാടിയ സ്ഥാനത്തെത്തുമ്പോഴേക്കും രണ്ടാം ട്രാക്കിലെ “പീലിവിടർത്തിയ” തുടങ്ങിയിരിക്കുന്നു! ഇങ്ങനെ പാട്ടിലുടനീളം ഏതോ അഭൌമമായ ഗണിതസമവാക്യമുപയോഗിച്ച് അനുയോജ്യമായ സമയ-ഇടവേള രണ്ടു ട്രാക്കുകൾക്കും ഇടയിൽ കൊടുത്തിരിക്കുന്നു. രണ്ട് സമാന്തര ട്രാക്കുകളുള്ളതിനാൽ ഒരാൾക്കും ഈ പാട്ട് ഒറ്റക്ക് പാടി പൂർണ്ണത കൈവരുത്താൻ കഴിയില്ല. അതിനാൽ തന്നെയായിരിക്കണം ഒരു റ്റി.വി. പരിപാടിയിലും വരാതെ ഈ പാട്ട് വിസ്മൃതിയിൽ തള്ളപ്പെട്ടത്. ഈ പാട്ടിനു അതിന്റെ പ്രത്യേക സൌന്ദര്യം കൊടുക്കുന്ന ഘടകം തന്നെ അതിന്റെ ജനപ്രീതിക്കു വിഘാതമായി! പാട്ടിന്റെ മൊത്തം സമയ ദൈർഘ്യം 3:14(same as 'Pi' in mathematics) മിനിട്ട് ആയത് വെറും coincidence മാത്രമോ? ‘അല്ല’ എന്നാണ് എന്റെ മനസ്സിലെ എഞ്ജിനീയർ പറയുന്നത് :-)

താളവാദ്യ അകമ്പടിയും ഡബിൾ വോയ്സ് ട്രാക്കും ഒന്നുമില്ലാതെ ഈ പാട്ടിന്റെ ഒരു സാദാ വെർഷനും ജാനകിയുടെ ശബ്ദത്തിൽ തന്നെ റെക്കോർഡു ചെയ്യപ്പെട്ടിട്ടുണ്ട്. (ഇവിടെ കേഴ്ക്കാം). പാട്ടിന്റെ MP3 തപ്പിപ്പിടിച്ചു തന്ന ഭൂമിപുത്രിക്കും കിരൺസിനും പ്രത്യേകം നന്ദി...

Sunday, November 16, 2008

ഒബാമയും പ്രണയവും

പുതിയ അമേരിക്കന്‍ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട ബറാക്ക് ഒബാമ നവംബര്‍ 4ന് ചിക്കാഗോയില്‍ വച്ചു നടത്തിയ ‘വിജയ പ്രസംഗം’ (victory speech) മലയാളികളില്‍ ചിലരെങ്കിലും കണ്ടിരിക്കാം. ചരിത്രത്തിന്റെ ഭാഗമായി മാറിയ ഈ പ്രസംഗത്തിന്റെ തുടക്കത്തിലെ 2 മിനിറ്റ് താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ കാണാം.



“...It's the answer spoken by young and old, rich and poor, Democrat and Republican, Black, White, Hispanic, Asian, Native American, gay(സ്വവര്‍ഗപ്രണയി), straight(എതിര്‍വര്‍ഗപ്രണയി), disabled and not disabled...“.

ലോകത്തിലാദ്യമായാണ് ഒരു രാജ്യത്തിന്റെ ഭരണാധികാരി സ്വവര്‍ഗപ്രണയികളായ പൌരന്മാരെ തന്റെ കന്നിപ്രസംഗത്തില്‍ എടുത്തു പറഞ്ഞിരിക്കുന്നത്. റ്റി.വി.യില്‍ പ്രസംഗം തത്സമയം കേട്ടുകൊണ്ടിരുന്ന എനിക്ക് വളരെ ആശ്ചര്യജനകമായ ഒരു സന്ദര്‍ഭമായിരുന്നു ഇത്. സ്വവര്‍ഗപ്രണയികളായ എന്റെ പല വെള്ളക്കാരായ സുഹൃത്തുക്കളും അവര്‍ ഒബാമയുടെ ഈ വാക്കുകള്‍ കേട്ട് ആനന്ദാശ്രുക്കള്‍ പൊഴിച്ചു എന്ന് എന്നോട് പറയുകയുണ്ടായി. ഈ വാക്കുകള്‍ പറഞ്ഞ സമയത്ത് ജനാവലിയില്‍ ചിലരില്‍ നിന്നുയര്‍ന്ന സന്തോഷാരവം വീഡിയോയില്‍ കേള്‍ക്കാം.

കെനിയന്‍-കറുത്തവര്‍ഗക്കാരന്‍-മുസ്ലീമായ അഛന്‍, അമേരിക്കന്‍-വെള്ളക്കാരി-കൃസ്ത്യാനിയായ അമ്മ, ചിറ്റഛനുമായി ഇന്തോനേഷ്യയില്‍ ചിലവിട്ട ബാല്യം, ഭൂരിപക്ഷമായ വെള്ളക്കാര്‍ക്ക് മുന്‍‌തൂക്കം കൊടൂക്കുന്ന അമേരിക്കന്‍-സാമൂഹ്യ വ്യവസ്ഥയില്‍ പോലും ലോകോത്തരമായ ഹാര്‍വാര്‍ഡ് യൂനിവേര്‍സിറ്റി വരെ ചെന്നെത്തിയ വിദ്യാര്‍ത്ഥി ജീവിതം, കറുത്തവര്‍ഗക്കാരിയായ മിഷലുമായുള്ള പ്രണയവിവാഹം, തുടര്‍ന്ന് സെനറ്ററായി തിരഞ്ഞെടുക്കപ്പെട്ട രാഷ്ട്രീയ ജീവിതം -- ഇങ്ങനെ വൈവിധ്യങ്ങളുടെ സമന്വയമാണ് ‘ബറാക്ക് ഹുസ്സൈന്‍ ഒബാമ’ എന്ന വ്യക്തി. ഒരു യഥാര്‍ത്ഥ വിശ്വപൌരന്‍ എന്നു വേണമെങ്കില്‍ പറയാം. അങ്ങനെയുള്ള ഒരു വ്യക്തിക്ക് മനുഷ്യജീവിതത്തിലെ Life-force ആയ ലൈംഗികത/പ്രണയം എന്നിവയിലെ വൈവിധ്യങ്ങളെക്കുറിച്ച് ശാസ്ത്രീയമായ അവബോധവും മുന്‍‌വിധികളില്ലാത്ത സമീപനങ്ങളും ഉണ്ടായിരിക്കുന്നതില്‍ അദ്ഭുതമില്ല. ലൈഗികന്യൂനപക്ഷങ്ങള്‍ മറ്റേത് ന്യൂനപക്ഷങ്ങളേയും പോലെ പൌരാവകാശങ്ങള്‍ അര്‍ഹിക്കുന്ന വിഭാഗമാണെന്ന വസ്തുത ലോകജനതയെ ഓര്‍മ്മപ്പെടുത്തിയതിന് ഒബാമയോടു നമുക്കു നന്ദി പറയാം. സ്വവര്‍ഗപ്രണയികളായ പൌരന്മാരെ കുറ്റവാളികളും സാമൂഹ്യവിരുദ്ധരായ ആഭാസന്മാരുമായി കണക്കാക്കുന്ന ഇന്ത്യയുള്‍പ്പെടെയുള്ള വികസ്വരരാജ്യങ്ങളിലെ ഭരണകൂടങ്ങള്‍ക്ക് ഒബാമ ഒരു മഹനീയമായ മാതൃക തന്നെയാണ്.

വ്യക്തിസ്വാതന്ത്ര്യം പാടെ നശിപ്പിക്കുന്ന റഷ്യ/ചൈന ശൈലിയിലുള്ള കൊടും-കമ്മ്യൂണിസം പോലെതന്നെ അതിന്റെ എതിര്‍ധ്രുവത്തില്‍ നില്‍ക്കുന്ന നിയന്ത്രണമില്ലാത്ത കോര്‍പ്പറേറ്റ് മുതലാളിത്തവും അപകടകാരിയാണെന്ന് ഈയടുത്തകാലത്തു സംജാതമായ സാമ്പത്തിക കുഴപ്പങ്ങള്‍ തെളിയിക്കുന്നു. ഒരു മധ്യവര്‍ത്തി മാര്‍ഗം അവലംബിക്കുന്നതാണ് ഏറ്റവും ഉചിതം. ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ ജനാധിപത്യത്തിലതിഷ്ടിതമായ, ഇടതുപക്ഷചായ്‌വുള്ള നയങ്ങള്‍ ലോകപ്രസക്തമാകുന്നതും അതിനാല്‍ തന്നെ. ഭഗവാന്‍ കൃഷ്ണന്‍ (‘കാര്‍ഷ്ണ്യ(കറുപ്പ്)നിറമുള്ളവന്‍ കൃഷ്ണന്‍ ‘ -- വര്‍ണ്ണവെറിയാല്‍ ചിലരവനെ നീലയാക്കി!) “സംഭവാമി യുഗേ യുഗേ...” എന്ന് ഭഗവത്ഗീതയില്‍ പാടി. അടിച്ചമര്‍ത്തപ്പെട്ട സകലവിധ ന്യൂനപക്ഷങ്ങളുടെ ശാക്തീകരണത്തിനും ലോകസമ്പദ്‌വ്യവസ്ഥയുടെ ഉയിര്‍ത്തെഴുന്നേല്‍പ്പിനും ഇറാഖ് യുദ്ധത്തിലൂടെ അമേരിക്കക്ക് ലോകരാജ്യങ്ങളില്‍ നഷടപ്പെട്ട സല്‍പ്പേര് വീണ്ടെടുക്കാനും ഈ അഭിനവ-കൃഷ്ണന് സാധിക്കും എന്ന് നമുക്കാശിക്കാം.

Wednesday, November 5, 2008

നൃത്തവും പുരുഷനും

ധനഞ്ജയന്റെ വിടവാങ്ങല്‍-പര്യടനത്തെക്കുറിച്ചുള്ള പോസ്റ്റില്‍ ‘പുരുഷന്മാര്‍ക്കു നൃത്തം പാടുണ്ടോ?’ എന്നതിനെക്കുറിച്ച് ചൂടാര്‍ന്ന ചര്‍ച്ചകള്‍ നടക്കുന്നുണ്ട്. മോഹിനിയാട്ടത്തിന്റെയും ചാന്തുപൊട്ടു കുത്തിയ രാധാകൃഷ്ണന്മാരുടേയും കോമഡിഷോകളില്‍ പെണ്‍കോലം കെട്ടുന്ന ആണുങ്ങളുടേയും നാടാണല്ലോ കേരളം!

പോസ്റ്റിന്റെ ചര്‍ച്ചാവിഷയം മാറിമറിഞ്ഞതിനാല്‍ താല്പര്യമുള്ളവരുടെ ശ്രദ്ധക്ഷണിക്കാനായി അനുയോജ്യമായ പുതിയ തലെക്കെട്ടോടെ റീ-പോസ്റ്റുന്നു. അഗ്രഗേറ്ററുകള്‍ കനിയുമെന്ന് വിചാരിക്കുന്നു.

ചര്‍ച്ചകളില്‍ പങ്കെടുക്കാന്‍ ഇവിടെ ക്ളിക്കുക.

Sunday, November 2, 2008

ധനഞ്ജയന്മാര്‍ അമേരിക്കയില്‍

പേരുകേട്ട ഭരതനാട്യ നര്‍ത്തകരും ഗുരുക്കളുമായ ധനഞ്ജയന്മാര്‍ (ധനഞ്ജയന്‍ - ശാന്ത ദമ്പതികള്‍ ) “ഭക്തി മാര്‍ഗം” എന്ന നൃത്തപരിപാടിയുമായി ഈ മാസം അമേരിക്കയില്‍ ‘വിടവാങ്ങല്‍‌ പര്യടനം‘(farewell tour) നടത്തുകയാണ്. ഇന്നലെ ബോസ്റ്റണിലായിരുന്നു അവര്‍ രണ്ടു ശിഷ്യകളോടു കൂടി “ഭക്തി മാര്‍ഗം” അവതരിപ്പിച്ചത്. അങ്ങനെ പുകള്‍പെറ്റ ധനഞ്ജയന്മാരുടെ നൃത്തം ആദ്യമായി നേരിട്ടു കാണാനുള്ള അവസരം ലഭിച്ചു. കണ്ണൂരിലെ പയ്യന്നൂരില്‍ ജനിച്ചു വളര്‍ന്ന മലയാളിയായ ധനഞ്ജയന്‍ കലാക്ഷേത്രയിലെ പഠനത്തിനു ശേഷം മദിരാശിയില്‍ ഭരതകലാഞ്ജലി എന്ന നൃത്തവിദ്യാലയം സ്ഥാപിച്ചു ഭാര്യയോടൊപ്പം തന്റെ കലാസപര്യ തുടരുന്നു.


                  Image courtesy : www.thinkquest.org

70 വയസ്സിലും ശ്രീ ധനഞ്ജയന്‍ തന്റെ നൃത്തത്തിനു ചടുലത കുറഞ്ഞിട്ടില്ല എന്നു തെളിയിച്ചു. പ്രായക്കൂടുതല്‍ കൊണ്ടാകാം, അരമണ്ടി / അര്‍ദ്ധമണ്ഡലി വേണ്ടത്ര ഉണ്ടായിരുന്നില്ല എന്ന ഒരു കുറ്റം വേണമെങ്കില്‍ പറയാം. മുഖാഭിനയത്തിനു പ്രാധാന്യമുള്ള ഇനങ്ങളിലായിരുന്നു ധനഞ്ജയന്‍ ശരിക്കും തിളങ്ങിയത്. ശ്രീരാമപട്ടാഭിഷേകത്തിലെ പുത്രനെ കാട്ടിലയക്കേണ്ടി വന്ന ദശരഥന്റെ ധര്‍മ്മസങ്കടവും നന്തനാര്‍ ചരിതത്തിലെ തന്റെ ഇഷ്ടദൈവമായ ശിവനെ കാണാന്‍ അമ്പലത്തില്‍ പ്രവേശിക്കാന്‍ അനുവാദമില്ലാത്ത ‘താഴ്ന്ന’ജാതിക്കാരന്റെ ദൈന്യതയും ധനഞ്ജയന്‍ കൃത്യതയോടെ വരച്ചു കാട്ടി.


പരിപാടികളുടെ സംഗ്രഹം:

1. നാട്യാഞ്ജലി - സഭാ വന്ദനം
2. ശ്രീരാമ പട്ടാഭിഷേക ഭംഗം - ദശരഥന്‍ , കൈകേയി, മന്ഥര
3. മയില്‍‌വാഹനാ - സുബ്രഹ്മണ്യ കീര്‍ത്തനം, മോഹന രാഗം
4. വരുകലാമോ അയ്യ - നന്ദനാര്‍ ചരിതം
5. അഷ്ടപദി - ദേശ് രാഗം
6. തില്ലാന - ബിഹാഗ് രാഗം
7. മംഗളം


പുരുഷന്മാര്‍ ശാസ്ത്രീയ നൃത്തം (നൃത്ത-നാട്യ-നാടകങ്ങളായ കഥകളിയേയും കൂടിയാട്ടത്തെയും തുള്ളലിനേയും ഞാന്‍ മന:പൂര്‍വം ഒഴിവാക്കുന്നു) ഒരു തൊഴിലായി സ്വീകരിക്കുന്നത് വളരെ വിരളമാണ്. കേരളത്തിലെ മിക്ക ആണ്‍ കുട്ടികളുടേയും നൃത്തപരിശീലനം ഹൈസ്കൂള്‍ യുവജനോത്സവത്തിലെ തട്ടിക്കൂട്ടിയ പ്രകടനത്തോടെ അവസാനിക്കുന്നതാണ് കാണുന്നത്. എന്നാല്‍ ശാസ്ത്രീയ സംഗീതത്തില്‍ ഇങ്ങനെയുള്ള ലിംഗപരമായ അസന്തുലിതാവസ്ഥ കാണുന്നില്ല. സ്ത്രീകള്‍ തിളങ്ങി നില്‍ക്കുന്ന നൃത്തമേഖലയില്‍ കടന്നു വരാന്‍ ജന്മവാസനയും താല്പര്യവുമുള്ള പുരുഷന്മാര്‍ പോലും മടിക്കുന്നു (പേടിക്കുന്നു?) എന്നാണ് എനിക്കു തോന്നുന്നത്. നൃത്തമെന്നാല്‍ സ്ത്രൈണതയുടെ പ്രകടനമാണെന്ന അബദ്ധധാരണ പലര്‍ക്കും ഉണ്ട്. നടന രാജനായ ദൈവം പുരുഷത്വത്തിന്റെ മൂര്‍ത്തീഭാവമായ ശിനവാണെന്നോര്‍ക്കുക. പൌരുഷം നിലനിര്‍ത്തിക്കൊണ്ടു തന്നെ ഭരതനാട്യത്തിലും കുച്ചിപ്പുഡിയിലും പുരുഷന്മാര്‍ക്ക് തങ്ങളുടെ വ്യക്തിത്വത്തിന് അനുയോജ്യമായ ഇനങ്ങള്‍ അവതരിപ്പിക്കുവാന്‍ കഴിയും. സദിര്‍ എന്ന പേരിലറിയപ്പെട്ടിരുന്ന ദാസിയാട്ടത്തിനെ ഇന്ന് കാണുന്ന തരത്തിലുള്ള ഭരതനാട്യമായി ഉടച്ചുവാര്‍ത്തവരില്‍ മുന്‍‌ഗാമികള്‍ നാല് തഞ്ചാവൂര്‍ സഹോദരന്മാരായിരുന്നുവെന്നത് ശ്രദ്ധേയമാണ്. കേരളത്തിന്റെ മോഹിനിയാട്ടം അതിന്റെ പേര്‍ സൂചിപ്പിക്കുന്നതു പോലെ സ്ത്രൈണമായ ലാസ്യഭാവങ്ങള്‍ക്ക് മുന്‍‌തൂക്കം കൊടുക്കുന്നതിനാല്‍ സ്ത്രീകള്‍ ചെയ്യുന്നതാണ് ഉചിതം എന്ന് തോന്നുന്നു.

ധനഞ്ജയന്റെ കാല്‍പ്പാടുകള്‍ പിന്തുടര്‍ന്ന് നൃത്തത്തെ സ്നേഹിക്കുകയും അത് തന്റെ പ്രൊഫഷനായി സ്വീകരിക്കുകയും ചെയ്ത മറ്റൊരു ധീരനായ കണ്ണൂര്‍ക്കാരന്‍ നമുക്കുണ്ട്:- നഖക്ഷതങ്ങളിലൂടെ നായകനായി അരങ്ങേറ്റം കുറിച്ച സിനിമാനടന്‍ വിനീത്.

Sunday, September 28, 2008

72 മേളകര്‍ത്താരാഗങ്ങള്‍

ദക്ഷിണേന്ത്യന്‍ സംഗീതത്തിലെ അടിസ്ഥാന രാഗങ്ങളായി കണക്കാക്കുന്നത് 72 മേളകര്‍ത്താരാഗങ്ങളെയാണ്. എന്തു മാനദണ്ഡം ഉപയോഗിച്ചാണു വെങ്കിടമഖി ചതുര്‍ദണ്ഡീപ്രകാശികയില്‍ ഇങ്ങനെ 72 മേളകര്‍ത്താരാഗങ്ങളെ ലിസ്റ്റ് ചെയ്തിരിക്കുന്നത് എന്ന് പലര്‍ക്കും സംശയമുണ്ടാകാം. 72 മേളകര്‍ത്താരാഗങ്ങള്‍ ഉണ്ടെന്നല്ലാതെ ഈ 72 എന്ന മാജിക്-നംബര്‍ എങ്ങിനെ വന്നുവെന്നതിന്റെ വിശദീകരണം ഒരു സംഗീതഗ്രന്ഥത്തിലും ഞാന്‍ കണ്ടിട്ടില്ല. 72ന്റെ പിന്നിലുള്ള കണക്കാണ് ഈ ലേഖനം.


                        Image courtsey : Hindu

എല്ലാ ഏഴു സ്വരങ്ങളും ക്രമമായി, ആവര്‍ത്തിക്കാതെ, ആരോഹണത്തിലും അവരോഹണത്തിലും വരുന്ന രാഗങ്ങളെയാണ് മേളകര്‍ത്താരാഗം അല്ലെങ്കില്‍ ജനകരാഗമെന്ന് പറയുന്നത്. ഇവക്കെല്ലാം താഴെ പറയുന്ന ലക്ഷണമാണുള്ളത്:


       ആരോഹണം :        സരിഗമപധനിസ
       അവരോഹണം :        സനിധപമഗരിസ


നമ്മള്‍ “സരിഗമപധനി“യെ സപ്ത(7)സ്വരങ്ങള്‍ എന്നു പറയുന്നുവെങ്കിലും ദക്ഷിണേന്ത്യന്‍ സംഗീതത്തില്‍ ശരിക്കും 16 സ്വരങ്ങള്‍ ഉണ്ട്. ‘സ’യും ‘പ’യും ഒഴികെ ബാക്കിയുള്ള അഞ്ച് സ്വരങ്ങള്‍ക്കും ഒന്നില്‍ കൂടുതല്‍ വകഭേദങ്ങള്‍ ഉണ്ട്:


        ഷഡ്ജം
രി        ഋഷഭം (3 തരം - രി1, രി2, രി3)
        ഗാന്ധാരം (3 തരം - ഗ1, ഗ2, ഗ3)
        മധ്യമം (2 തരം - മ1, മ2)
രി        പഞ്ചമം
        ധൈവതം(3 തരം - ധ1, ധ2, ധ3)
നി        നിഷാദം(3 തരം - നി1, നി2, നി3)


ഈ വകഭേദങ്ങളെ താഴെ പറയുന്ന വിധം നാമകരണം ചെയ്തിരിക്കുന്നു:


രി1        ശുദ്ധ ഋഷഭം
രി2        ചതുശ്രുതി ഋഷഭം
രി3        ഷഡ്ശ്രുതി ഋഷഭം
ഗ1        ശുദ്ധ ഗാന്ധാരം
ഗ2        സാധാരണ ഗാന്ധാരം
ഗ3        അന്തര ഗാന്ധാരം
മ1        ശുദ്ധ മധ്യമം
മ2        പ്രതി മധ്യമം
ധ1        ശുദ്ധ ധൈവതം
ധ2        ചതുശ്രുതി ധൈവതം
ധ3        ഷഡ്ശ്രുതി ധൈവതം
നി1        ശുദ്ധ നിഷാദം
നി2        കൈശികി നിഷാദം
നി3        കാകളി നിഷാദം



ലോകത്തെങ്ങുമുള്ള മറ്റു സംഗീതവ്യവസ്ഥകളില്‍ (ഹിന്ദുസ്താനി, പാശ്ചാത്യം) 12 സ്വരങ്ങള്‍ മാത്രമുള്ളപ്പോള്‍ ദക്ഷിണേന്ത്യന്‍ സംഗീതത്തില്‍ മാത്രം 16 സ്വരങ്ങള്‍ വന്നതെങ്ങിനെയാണെന്നു നോക്കാം. താഴെ കൊടുത്തിരിക്കുന്ന സമവാക്യങ്ങളാണ് ഇതിനടിസ്ഥാനം:


       രി2 = ഗ1
       രി3 = ഗ2
       ധ2 = നി1
       ധ3 = നി2


അതായത് ഒരേ ശ്രുതിയിലുള്ള സ്വരസ്ഥാനങ്ങളെ ചിലപ്പോള്‍ ‘രി’ യെന്നോ മറ്റു ചിലപ്പോള്‍ ‘ഗ’ യെന്നോ പാടാവുന്നതാണ്. അതുപോലെ തന്നെ ‘ധ’ യുടേയും ‘നി’ യുടേയും കാര്യം. പോരെ പുകില്? ദക്ഷിണേന്ത്യന്‍ സംഗീതത്തിനു മാത്രം അവകാശപ്പെട്ട രാഗവൈവിധ്യങ്ങളുടെ അടിസ്ഥാനമാണ് ഈ സവിശേഷത!


                        Image courtsey : Hindu

ഈ സമവാക്യങ്ങള്‍ ഉപയോഗിച്ച് നമുക്ക് മേല്‍പ്പറഞ്ഞ 16 സ്വരങ്ങളെ ശ്രുതിയുടെ ആരോഹണക്രമത്തില്‍ താഴെക്കാണുന്ന വിധം 12 നിരപ്പുകളിലായി ക്രമത്തില്‍ ലിസ്റ്റു ചെയ്യാം.



രി1
രി2 ഗ1
രി3 ഗ2
ഗ3
മ1
മ2

ധ1
ധ2 നി1
ധ3 നി2
നി3


ഇതനുസരിച്ച് “രിഗ” എന്ന് ആരോഹണമായി (‘രി’ താഴ്ന്ന ശ്രുതിയിലും ‘ഗ’ ഉയര്‍ന്ന ശ്രുതിയിലും) എത്ര തരത്തില്‍ പാടാം എന്നു നമുക്കു കണക്കു കൂട്ടാം:


1) രി1ഗ1
2) രി1ഗ2
3) രി1ഗ3
4) രി2ഗ2
5) രി2ഗ3
6) രി3ഗ3


അതായത് ‘രിഗ’ എന്ന് ആരോഹണമായി 6 തരത്തില്‍ പാടാം. ഇതേ പോലെ വകഭേദങ്ങളുള്ള ‘ധനി’ യേയും ഇതുപോലെ 6 തരത്തില്‍ പാടാം. ‘മ’ രണ്ടു തരം. ‘സ’ യും ‘പ’യും ഒരോ തരം മാത്രം.


സ (1 തരം)
രിഗ (6 തരം)
മ (2 തരം)
പ (1 തരം)
ധനി (6 തരം)


അങ്ങനെയാവുമ്പോള്‍ “സരിഗമപധനി“ എന്ന് ആരോഹണമായി 1 * 6 * 2 * 1 * 6 = 72 തരത്തില്‍ വരാവുന്നതാണ്. (see "Fundamental Counting Principle"). ഇങ്ങനെയാണ് 72 മേളകര്‍ത്താ രാഗങ്ങള്‍ ഉടലെടുത്തത്.

എല്ലാ സ്വരങ്ങളും താഴ്ന്ന ശ്രുതിയില്‍ (“സ രി1 ഗ1 മ1 പ ധ1 നി1“) ഉള്ള നംബര്‍-1 ‘കനകാഗി‘ തുടങ്ങി എല്ലാ സ്വരങ്ങളും ഉയര്‍ന്ന ശ്രുതിയില്‍ (“സ രി3 ഗ3 മ2 പ ധ3 നി3“) ഉള്ള ‘രസികപ്രിയ‘ അവസാന നംബര്‍-72 ആയി വരുന്ന സമ്പൂര്‍ണ്ണ പട്ടിക താഴെ കൊടുത്തിരിക്കുന്നു:


1. കനകാംഗി
2. രത്നാംഗി
3. ഗാനമൂര്‍ത്തി
4. വനസ്പതി
5. മാനവതി
6. താനരൂപി
7. സേനാവതി
8. ഹനുമതോടി
9. ധേനുക
10. നാടകപ്രിയാ
11. കോകിലപ്രിയ
12. രൂപവതി
13. ഗായകപ്രിയ
14. വാകുളാഭരണം
15. മായാമാളവഗൗള
16. ചക്രവാകം
17. സൂര്യകാന്തം
18. ഹാടകാംബരി
19. ഝങ്കാരധ്വനി
20. നഠഭൈരവി
21. കീരവാണി
22. ഖരഹരപ്രിയ
23. ഗൗരിമനോഹരി
24. വരുണപ്രിയ
25. മാരരഞ്ജിനി
26. ചാരുകേസി
27. സാരസാംഗി
28. ഹരികാംബോജി
29. ധീരശങ്കരാഭരണം
30. നാഗനന്ദിനി
31. യാഗപ്രിയ
32. രാഗവര്‍ദ്ധിനി
33. ഗാംഗേയഭൂഷണി
34. വാഗധീശ്വരി
35. ശൂലിനി
36. ചലനാട്ട
37. സാലഗം
38. ജലാര്‍ണ്ണവം
39. ഝാലവരാളി
40. നവനീതം
41. പാവനി
42. രഘുപ്രിയ
43. ഗവാംബോധി
44. ഭവപ്രിയ
45. ശുഭപന്തുവരാളി
46. ഷഡ്വിധമാര്‍ഗ്ഗിണി
47. സുവര്‍ണ്ണാംഗി
48. ദിവ്യമണി
49. ധവളാംബരി
50. നാമനാരായണി
51. കാമവര്‍ദ്ധിനി
52. രാമപ്രിയ
53. ഗമനശ്രമ
54. വിശ്വംബരി
55. ശ്യാമളാംഗി
56. ഷണ്മുഖപ്രിയ
57. സിംഹേന്ദ്രമധ്യമം
58. ഹൈമവതി
59. ധര്‍മ്മവതി
60. നീതിമതി
61. കാന്താമണി
62. ഋഷഭപ്രിയ
63. ലതാംഗി
64. വാചസ്പതി
65. മേചകല്യാണി
66. ചിത്രാംബരി
67. സുചരിത്ര
68. ജ്യോതിസ്വരൂപിണി
69. ധാതുവര്‍ദ്ധിനി
70. നാസികാഭൂഷണി
71. കോസലം
72. രസികപ്രിയ

എല്ലാസ്വരങ്ങളും ക്രമമായി, ആവര്‍ത്തിക്കാതെ, ആരോഹണത്തിലും അവരോഹണത്തിലും വരുന്നുവെന്നതു മാത്രമാണ് ഇവയുടെ പൊതു ലക്ഷണം. മറ്റുരാഗങ്ങളെ ഈ ജനകരാഗങ്ങളുടെ ജന്യരാഗങ്ങളായി കണക്കാക്കുന്നത് അവയുടെ സ്വരസ്ഥാനം എളുപ്പത്തില്‍ കണ്ടുപിടിക്കുന്നതിനും, ഓര്‍മ്മിച്ചുവക്കുന്നതിനും വേണ്ടിയുള്ള ഒരു വര്‍ഗ്ഗീകരണം മാത്രമാണ്. ഉദാഹരണത്തിന് മോഹനരാഗത്തിന്റെ അരോഹണം “സ രി ഗ പ ധ സ” എന്നാണെന്ന് നമുക്കറിയാം. മോഹനം മേളം-28 ആയ ഹരികാംബോജിയുടെ ജന്യമായാണ് കണക്കാക്കുന്നത്. ഹരികാംബോജിയുടെ ആരോഹണം “സ രി2 ഗ3 മ1 പ ധ2 നി2 സ” എന്നാണ്. അതിനാല്‍ മോഹനത്തിന്റെ സ്വരസ്ഥാനങ്ങള്‍ “സ രി2 ഗ3 പ ധ2 സ” ആണെന്നു എളുപ്പത്തില്‍ ഓര്‍മ്മിച്ചു വക്കാം. പല ജന്യരാഗങ്ങളും അവയുടേ തന്തപ്പിടിയായി കണക്കാക്കുന്ന ജനകരാഗത്തേക്കാള്‍ മുന്‍പു തന്നെ കണ്ടുപിടിക്കപ്പെട്ടവയും കൂടുതല്‍ പ്രചാരത്തിലുള്ളവയുമാണെന്നതാണ് സത്യം!


                        Image courtsey : Hindu

ജനകരാഗത്തിന്റെ സന്തതികളായ ജന്യരാഗങ്ങളെ പറ്റി പറയുമ്പോള്‍ ചില തലതെറിച്ച സന്താനങ്ങളെ പറ്റി പറയാതെ വയ്യ! സാധാരണയായി ഒരു ജന്യരാഗത്തിന്റെ സ്വരങ്ങള്‍ അതിന്റെ ജനകരാഗ സ്വരങ്ങളുടെ ഉപഗണം(sub set) ആയിരിക്കും. ഇത്തരം ജന്യരാഗങ്ങളെ ഉപാംഗരാഗങ്ങള്‍ എന്നു പറയുന്നു. മുകളില്‍ കൊടുത്ത മോഹനം ഉപാംഗരാഗത്തിന് ഉദാഹരണമാണ്. എന്നാല്‍ ചില ജന്യരാഗങ്ങളില്‍ അതിന്റെ ജനകരാഗത്തിലില്ലാത്ത ചില അന്യസ്വരങ്ങള്‍ അനുവദനീയമാണ്. അത്തരം രാഗങ്ങളെ ഭാഷാംഗരാഗങ്ങള്‍ എന്നു പറയുന്നു. ഉദാഹരണമായി ഭാഷാംഗരാഗമായ ബിലഹരിയില്‍ അതിന്റെ ജനകരാഗമായ ശങ്കരാഭരണത്തിലില്ലാത്ത ‘നി2’ ചില സഞ്ചാരങ്ങളില്‍ അനുവദനീയമാണ്.

മേളകര്‍ത്താരാഗത്തിന്റെ ക്രമസംഖ്യ കണ്ടു പിടിക്കാനുള്ള ഒരു സൂത്രപ്പണിയാണ് കപടയാദി വിശേഷണം. പരല്‍പ്പേരിന്റെ അടിസ്ഥാനത്തില്‍ രാഗത്തിന് പേര് നല്‍കി പേരില്‍ നിന്നുതന്നെ രാഗത്തിന്റെ ക്രമസംഖ്യ കണ്ടുപിടിക്കാവുന്നതാണ്. ചിലപ്പോള്‍ ഈ വിശേഷണം ഉപയോഗിക്കാറില്ല. ഉദാഹരണമായി ‘മേചകല്യാണി’ എന്നതിനുപകരം ‘കല്യാണി’ എന്നു മാത്രമാണ് എല്ലാവരും പറയുന്നത്. രാഗങ്ങളുടെ അടിസ്ഥാന പേരുകള്‍ തന്നെ ദീക്ഷിതര്‍ ബാണിയില്‍ പാടെ വ്യത്യസ്തമാണെന്നതും മനസ്സില്‍ വെക്കുക.

Thursday, September 18, 2008

ലൈംഗികന്യൂനപക്ഷാവകാശ കണ്‍വെന്‍ഷന്‍

തൃശ്ശൂരില്‍ ഈ ശനിയാഴ്ച സെപ്റ്റംബര്‍ 20ന് ലൈംഗികന്യൂനപക്ഷാവകാശ കണ്‍വെന്‍ഷന്‍ -- ‘ഇടം‘

കേരളീയരായ സ്വവര്‍ഗപ്രണയിനികളുടെ കൂട്ടായ്മയായ ‘സഹയാത്രിക’യാണ് കണ്‍വെന്‍ഷന്‍ സംഘടിപ്പിക്കുന്നത്. തൃശ്ശൂരിലെ സാഹിത്യ അക്കാദമി ഹാളില്‍ വച്ച് നടക്കുന്ന കണ്‍വെന്‍ഷനില്‍ പ്രഭാഷണങ്ങള്‍, ചര്‍ച്ചകള്‍, സാഹിത്യ സദസ്സ്, നൃത്തം, സംഗീതം എന്നിങ്ങനെ ഒരു ദിവസം നീണ്ടുനില്‍ക്കുന്ന പരിപാടികളാണ് ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്. സ്വവര്‍ഗപ്രണയികളായി ജനിച്ചുപോയി എന്ന ഒറ്റക്കാരണത്താല്‍ വിഷാദരോഗത്തിലും ആത്മഹത്യയിലും കലാശിച്ചു പോയ ആത്മാക്കളുടെ ഓര്‍മ്മക്കായി ജാഗ്രതാദീപം തെളിയിക്കലും തുടര്‍ന്ന് 6:30ന് കോര്‍പറേഷന്‍ ഹാളില്‍ വച്ച് പൊതുയോഗവും സംഘടിപ്പിച്ചിരിക്കുന്നു.

കേരളത്തിലെ ‘സഹയാത്രിക’യെപ്പോലുള്ള സംഘടനകളായ തമിഴ്നാട്ടിലെ ‘സഹോദരന്‍’, കര്‍ണ്ണാടകയിലെ ‘സംഗമ’ എന്നിവരും ഈ കണ്‍വെന്‍ഷനില്‍ സഹകരിക്കുന്നു.

‘ഇടം’ കണ്‍വെന്‍ഷന്‍ പോസ്റ്റര്‍ താഴെ കൊടുത്തിരിക്കുന്നു:



സ്വവര്‍ഗപ്രണയികളുടെ ശാക്തീകരണവുമായി അനുഭാവം പുലര്‍ത്തുന്ന പുരോഗമന ചിന്താഗതിക്കാരായ എതിര്‍വര്‍ഗപ്രണയികള്‍(“സാധാരണക്കാര്‍“) പലരുമുണ്ട്. എങ്കിലും ബഹുഭൂരിപക്ഷം വരുന്ന അജ്ഞരും അസഹിഷ്ണുക്കളുമായ എതിര്‍വര്‍ഗപ്രണയികളുടെ ബോധവല്‍ക്കണത്തിലൂടെ മാത്രമേ ഏതു രാജ്യത്തിലേയും ലൈഗികന്യൂനപക്ഷങ്ങള്‍ക്ക് മനുഷ്യാവകാശങ്ങളോടെയും അഭിമാനത്തോടെയും ജീവിക്കാന്‍ സാധിക്കുകയുള്ളൂ. അപ്പോള്‍ മാത്രമേ ഇത്തരം കണ്‍വെന്‍ഷനുകളിലൂടെ നടക്കുന്ന ബോധവല്‍ക്കരണം അതിന്റെ ഫലപ്രാപ്തിയിലെത്തുന്നുള്ളൂ.

Monday, July 21, 2008

തള്ളക്കു പിറക്കാത്ത മക്കള്‍!

മലയാള ദിനപത്രങ്ങളില്‍ സാധാരണയായി കണ്ടുവരുന്ന ചില വാര്‍ത്താ സാമ്പിളുകള്‍ (പേരു മാറ്റിയിട്ടുണ്ട്) താഴെ കൊടുത്തിരിക്കുന്നു:


“28 കാരനായ യുവാവ് ---വീട്ടില്‍ ഗോപാലന്റെ മകന്‍ ശോഭീന്ദ്രന്‍ ബൈക്കില്‍ ലോറിയിടിച്ച് മരിച്ചു.“


“---വീട്ടില്‍ ജോര്‍ജിന്റെ മകന്‍ ബിജുവും ---വീട്ടില്‍ തോമസിന്റെ മകള്‍ ബീനയും ഭരണങ്ങാനത്ത് പള്ളിയില്‍ വച്ച് ഇന്നു വിവാഹിതരായി.”


തലമുറകളായി ഇത്തരം വാര്‍ത്തകള്‍ വായിച്ചു ശീലിച്ചവര്‍ക്ക് ഇതില്‍ അന്തര്‍ലീനമായിരിക്കുന്ന ആണധികാരത്തോടു ബന്ധപ്പെട്ടതും സ്ത്രീവിരുദ്ധവുമായ നിലപാടുകള്‍ പെട്ടെന്ന് മനസ്സിലായിക്കാണണമെന്നില്ല. പെറ്റു വളര്‍ത്തിയ അമ്മ എന്തുകൊണ്ടാണ് കുഞ്ഞിന്റെ മരണത്തില്‍ പോലും അദൃശ്യയാക്കപ്പെടുന്നത്? ജൈവശാസ്ത്രപരമായിപ്പോലും കുഞ്ഞിന് അമ്മയുമായുള്ള പൊക്കിള്‍ക്കൊടി ബന്ധത്തില്‍ക്കവിഞ്ഞ ഒരു ബന്ധം അഛന് അവകാശപ്പെടാന്‍ പറ്റില്ല.

ബഹുഭൂരിപക്ഷം റിപ്പോര്‍ട്ടര്‍മാരും പുരുഷന്മാരായതിനാലായിരിക്കാം ഇത്തരം നിലപാടുകള്‍ ഒരിക്കലും ചോദ്യം ചെയ്യപ്പെടുകയോ തിരുത്തപ്പെടുകയോ ചെയ്യാതെ പോകുന്നത്. വനിതകളായ പത്രപ്രവര്‍ത്തകര്‍ ഇക്കാര്യത്തെക്കുറിച്ച് എന്നെങ്കിലും ചിന്തിച്ചിട്ടുണ്ടോ എന്ന് അറിയാനാഗ്രഹമുണ്ട്. മരുമക്കത്തായത്തിന്റെയും അമ്മദൈവങ്ങളുടെയും (മാതാ അമൃതാനന്ദമയിയെപ്പോലുള്ള ആള്‍ദൈവങ്ങളെയല്ല ഉദ്ദേശിച്ചത്!) നാട്ടിലാണ് ഇത്തരം മാധ്യമ വിക്രിയകള്‍ നടക്കുന്നത് എന്നത് മറ്റൊരു വൈരുധ്യം! “പെണ്ണെഴുത്ത്” എന്നത് വനിതകളുടെ സ്വതന്ത്ര ആത്മാവിഷ്കാരം മാത്രമായി ഒതുങ്ങുന്നതല്ല. മുഖ്യധാരാ മാധ്യമ റിപ്പോര്‍ട്ടിങ്ങ് ശൈലികളില്‍ സ്ത്രീ സമത്വത്തോടുകൂടിയ പൊളിച്ചെഴുത്തുകള്‍ ഉടനടി ആവശ്യമാണ്.

Saturday, June 28, 2008

ഇരട്ട ആത്മഹത്യകള്‍

ബ്ലോഗു ചെയ്തിട്ടു കുറച്ചു നാളായി. മാതൃഭൂമിയിലെ ലേഖനം തയ്യാറാക്കി പ്രസിദ്ധീകരിച്ചതിന്റെ ചാരിതാര്‍ത്ഥ്യത്തില്‍ ഒരു ചെറിയ ‘ബ്ലോഗിടവേള’ വന്നുവെന്നു മാത്രം. കേരളത്തിലെ ഒരു സുഹൃത്തു വഴി ഇന്നലെ കിട്ടിയ ന്യൂസ്പേപ്പര്‍ കട്ടിങ് വായിച്ചപ്പോള്‍ ഒരു ബ്ലോഗ് പോസ്റ്റിടാമെന്നു കരുതി.

കമിതാക്കളായ രണ്ടു യുവാക്കള്‍ കൊച്ചിയില്‍ തീക്കൊളുത്തി ആത്മഹത്യ ചെയ്തതിന്റെ ഇംഗ്ലീഷിലും മലയാളത്തിലുമുള്ള ന്യൂസ് റിപ്പോര്‍ട്ട് വായിക്കൂ. സ്വവര്‍ഗ പ്രണയികളുടെ ഇതു പോലെയുള്ള ഇരട്ട-ആത്മഹത്യകള്‍ കാരണ സഹിതം തന്നെ ന്യൂസ്പേപ്പറുകള്‍ റിപ്പോര്‍ട്ടു ചെയ്യാന്‍ തുടങ്ങിയത് നല്ലകാര്യം തന്നെ. പല നാളുകളിലായി കേരളത്തിലെ പത്രങ്ങളില്‍ റിപ്പോര്‍ട്ടു ചെയ്യപ്പെട്ട സ്വവര്‍ഗപ്രണയിനി-ഇരട്ട-ആത്മഹത്യ(lesbian double suicide)കളുടെ പട്ടിക യുനൈറ്റഡ് നേഷന്‍സിന്റെ മനുഷ്യാവകാശ കമ്മീഷണറുടെ
ഈ വെബ്സൈറ്റില്‍ കാണാം.



തമിഴ്നാടില്‍ ഇതേ കാ‍രണത്താല്‍ കഴിഞ്ഞ മാസം നടന്ന രണ്ടു വനിതകളുടെ ഇരട്ട ആത്മഹത്യകള്‍ അവിടെ തുറന്ന ചര്‍ച്ചകള്‍ക്കും സംഘടിതമായ ബോധവല്‍ക്കരണത്തിനും വഴി തെളിച്ചിരുന്നു. കേരളത്തിലെ സ്വവര്‍ഗപ്രണയിനികള്‍കായി ‘സഹയാത്രിക’ എന്ന സംഘടന പ്രവര്‍ത്തിക്കുന്നുണ്ട്. പക്ഷെ മലയാളി പുരുഷന്മാരുടെ കൌണ്‍സലിങ്ങിനും ആത്മഹത്യ-പ്രതിരോധത്തിനുമായി ഏതെങ്കിലും സംഘടനകള്‍ പ്രവര്‍ത്തിക്കുന്നുണ്ടോ എന്ന് എനിക്കറിയില്ല.

Sunday, February 17, 2008

ലജ്ജാവതിക്ക് അയിത്തം?

മാതൃഭൂമി ആഴ്ച്ചപ്പതിപ്പിന്റെ ഡിസംബറില്‍ വന്ന ജനപ്രിയ സംഗീതത്തെക്കുറിച്ചുള്ള പ്രത്യേക പതിപ്പിലെ ജാസി ഗിഫ്റ്റുമായുള്ള അഭിമുഖം അല്പം കൌതുകത്തോടെയാണ് വായിച്ചത്. മലയാള സംഗീത ലോകം തനിക്കും “ലജ്ജാവതിയേ“ എന്ന ഗാനത്തിനും അയിത്തം കല്‍പ്പിച്ചു നിര്‍ത്തി അകറ്റി നിര്‍ത്തിയിരിക്കുകയാണെന്ന് അദ്ദേഹം വിചാരിക്കുന്നു. മാത്രവുമല്ല ശാസ്ത്രീയ സംഗീതത്തെ ‘ഉന്നത‘ജാതിക്കാരുടെ സംഗീതമാക്കി ചിത്രീകരിച്ച് ജനപ്രിയ സംഗീതത്തിന്റെ ശത്രുപക്ഷത്തു നിര്‍ത്താനും അദ്ദേഹം തുനിയുന്നു.



-----------------------------------------------------------------
അഭിമുഖത്തില്‍ നിന്നുള്ള ജാസിയുടെ ചില ഉദ്ധരണികള്‍:

1. "(ഇന്ത്യയുടെ)പരമ്പരാഗത സംഗീതവുമായി ഇനി അധിക കാലം
മലയാളിക്കു മുന്നോട്ടു പോവാനാവില്ല”

2. “ശാസ്ത്രീയ സംഗീതം പഠിക്കാതിരുന്നത് നല്ലതായിട്ടാണ് എനിക്കു തോന്നിയത്”

3. “ശാസ്ത്രീയ സംഗീതത്തിന്റെ അതിപ്രസരമാണ് മലയാള സിനിമയില്‍”
-----------------------------------------------------------------

ഈ നൂറ്റാണ്ടിലെ വന്‍ ജനപ്രീതിയാര്‍ജ്ജിച്ച, എനിക്കിഷ്ടപ്പെട്ട ഒരു ഗാനമാണ് ജാസി സംവിധാനം ചെയ്തു പാടിയ “ലജ്ജാവതിയേ നിന്റെ കള്ളക്കടക്കണ്ണില്‍”. എന്നാല്‍ ചില ഇംഗ്ലീഷ് വരികളും പാശ്ചാത്യ ശൈലിയിലുള്ള ഓര്‍ക്കസ്റ്റ്റേഷനുമുണ്ടെകിലും ലജ്ജാവതി അടിസ്താനപരമായി ഭാരതീയമായ മെലഡി തന്നെയാണ്. അതിനാലാണ് സംവിധായകനായ ജയരാജിന് കഥകളി, മോഹിനിയാട്ടം, പുലികളി തുടങ്ങിയ ദൃശ്യങ്ങള്‍ ഇതിന്റെ ചിത്രീകരണത്തില്‍ വിജയകരമായി ഉപയോഗിക്കാന്‍ കഴിഞ്ഞത്. താരതമ്യം ചെയ്യുകയാണെണ്‍കില്‍ ഇതെപോലെ ഫാസ്റ്റായ അടിപൊളിപ്പാട്ടാണ് സ്വപ്‌നക്കൂടിലെ “കറുപ്പിനഴക്.....”. എന്നാല്‍ പൂര്‍ണ്ണമായും പാശ്ചാത്യ ശൈലിയില്‍ ചെയ്ത ഗാനമാണ് ഇത്. പറഞ്ഞു വരുന്നത് സംഗീതം ഇന്ത്യനാണെങ്കിലും വെസ്റ്റേണാണെങ്കിലും കേള്‍ക്കാനിമ്പമുണ്ടെങ്കില്‍ ജനത്തിനിഷ്ടപ്പെടും. ഹിറ്റാവുകയും ചെയ്യും. ജാസി ഗുരുതുല്യനായി കാണുന്ന എ.ആര്‍.റഹ്മാന്‍ പോലും തന്റെ മിക്കഗാനങ്ങളിലും ഭാരതീയമായ മെലഡിയാണ് ഉപയോഗിക്കുന്നത്. പാശ്ചാത്യശൈലിയിലുള്ള ഇലക്ട്രോണിക് ഉപകരണ സംഗീതമുപയോഗിച്ച് റഹ്മാന്‍ തന്റെ മെലഡികള്‍ക്ക് പുതുമ നല്‍കുന്നു എന്നു മാത്രം.

ഇനി സിനിമയിലെ ശാസ്ത്രീയ സംഗീതത്തെ കുറിച്ച്. സിനിമയിലെ ഗാനങ്ങള്‍ ലളിതമായോ (ഉദാ: മഞ്ഞള്‍ പ്രസാദവും)അതോ സ്വരപ്രസ്താരത്തോടെ/അതി-ഗമകങ്ങളോടെ കച്ചേരി ശൈലിയിലോ (ഉദാ: രാമകഥാ ഗാനലയം) ആവാം. എങ്ങിനെയുള്ള പാട്ടാണെങ്കിലും അത് രൂപഭദ്രതയുള്ള മെലഡിയാണെങ്കില്‍ അതിന്നടിസ്താനമായി ഒരു രാഗംകാണുമെന്നത് തീര്‍ച്ചയാണ്. രൂപഭദ്രതയുള്ള മെലഡിയുടെ പലതരത്തിലുള്ള തരം തിരിവിനേയാണല്ലോ ഭാരതീയസംഗീതത്തില്‍ ‘രാഗം’എന്ന് പറയുന്നത്. മഞ്ഞള്‍ പ്രസാദം മോഹനത്തിലും രാമകഥാ ഗാനലയം ശുഭപന്തുവരാളിയിലുമാണ് ( മലയാള ഗാനങ്ങളുടെ രാഗപ്രകാരമുള്ള പട്ടിക ഇവിടെ ). അതിനാല്‍ മെലഡിയിലതിഷ്ടിതമായ ഭാരതീയ സംഗീതത്തില്‍ നിന്ന് ശാസ്ത്രീയസംഗീതത്തെ വേര്‍തിരിച്ചു നിര്‍ത്താവാവില്ല തന്നെ. ലളിതമായ സിനിമാ ഗാനങ്ങള്‍ ചെയ്യാന്‍ ശാസ്ത്രീയ സംഗീതത്തിലുള്ള പരിജ്ഞാനം ആവശ്യമില്ല. ജാസി തന്നെ സംഗീതം നല്‍കിയ ഗാനങ്ങളായ “ലോകാ സമസ്താ സുഖിനോ”(ശുദ്ധധന്യാസി), “അലകടളിനലകളില്‍ ഒഴുകിയ“(ഹംസധ്വനി) എന്നിവ ഉദാഹരണം. ലജ്ജാവതി പോലും സിന്ധുഭൈരവിയും നടഭൈരവിയും ചേര്‍ന്ന ഒരുമിശ്രണമല്ലേ എന്നാണ് എന്റെ സന്ദേഹം! ശാസ്ത്രീയ ഗാനങ്ങള്‍ എന്നാല്‍ ഒച്ചിഴയുന്നതുപോലെയുള്ള വേഗത്തിലുള്ള മുഷിപ്പനായ ഗാനങ്ങള്‍ മാത്രമാണ് എന്നു വിചാരിക്കുന്നവര്‍ കടുകു വറുക്കുന്ന ദ്രുതഗതിയില്‍ മൂന്നാം കാലത്തില്‍ പാടുന്ന വര്‍ണ്ണങ്ങളോ തില്ലാനകളോ കേട്ടിരിക്കാനിടയില്ല. സിനിമാപാട്ട് ലളിതമാണോ സങ്കീര്‍ണ്ണമാണോ ഫാസ്റ്റാണോ സ്ലോയാണോ നാടനാണോ ഫോറിനാണോ എന്നൊക്കെ തീരുമാനിക്കുന്നത് നിനിമയിലെ കഥാ സന്ദര്‍ഭം മാത്രമാണ്. സംഗീതസംവിധായകന് ഇക്കാര്യം തീരുമാനിക്കുന്നതില്‍ യാതൊരു സ്വാതന്ത്ര്യവുമില്ല. ഇത് മനസ്സിലാക്കാതെ ശാസ്ത്രീയ സംഗീതത്തെ മൊത്തം അടച്ചാക്ഷേപിക്കുന്നത് സംഗീതത്തിന്റെ ഉല്‍പ്പത്തിയെക്കുറിച്ച് വ്യക്തമായി ചിന്തിക്കാതെ നടത്തുന്ന ബാലിശമായ അഭിപ്രായപ്രകടനമായി തോന്നുന്നു. അല്‍പ്പം ശാസ്ത്രീയമായി പഠിക്കുന്നത് ജന്മസിദ്ധമായ സംഗീത വാസനയെ പരിപോഷിപ്പിക്കുകയേ ഉള്ളൂ.

അവസാനമായി സംഗീതത്തിലെ മേലാള/കീഴാള തരംതിരിവുകളെക്കുറിച്ച് ചില ചിന്തകള്‍. ഇന്ത്യയിലെ ജാതി വ്യവസ്ഥ എന്നത് പാരമ്പര്യമായി കുടുംബങ്ങള്‍ തുടര്‍ന്നു വന്ന കുലത്തൊഴിലുകളില്‍ അധിഷ്ടിതമാണല്ലോ. ഇതനുസരിച്ച് ഓരോരുത്തരും അവരുടെ പിതാവില്‍ നിന്നു പഠിച്ച കുലത്തൊഴില്‍ മാത്രം ചെയ്ത് ജീവിതം നയിച്ചിരുന്നു. നായന്മാര്‍ യോദ്ധാക്കളായും കൃഷിപ്പണി നടത്തിച്ചും പുലയര്‍ കൃഷി ചെയ്തും ഈഴവര്‍ കള്ള് ചെത്തിയും തമ്പുരാക്കന്മാര്‍ രാജ്യം ഭരിച്ചും മാത്രം ജീവിച്ചു പോന്നു. അങ്ങനെയുള്ള ചുറ്റുപാടില്‍ കലകള്‍ പഠിക്കുക/ആസ്വദിക്കുക എന്നത് മെയ്യനങ്ങി തൊഴില്‍ ചെയ്യുന്ന,കുറഞ്ഞ വരുമാനക്കരായ ‘താഴ്ന്ന’ ജാതിയില്‍പ്പെട്ടവര്‍ക്ക് അസാധ്യവുമായിരുന്നു. അതിനാല്‍ തന്നെ പണ്ടുമുതലേ കലകളില്‍ ഉന്നതജാതിക്കാരുടെ ആധിപത്യം ഉണ്ടെന്നുള്ളത് ഒരു ചരിത്രസത്യമാണ്. എന്നാല്‍ സ്വാതന്ത്ര്യവും ജനാധിപത്യവും നിയമവാഴ്ചയും പൊതുവിദ്യാഭ്യാസവും വന്നതോടെ ഏവര്‍ക്കും അവരവരുടെ കഴിവുകള്‍ക്കും വിദ്യാഭ്യാസത്തിനുമനുസരിച്ചുള്ള ജോലികള്‍ ചെയ്യാമെന്നായി. സംഗീതമുള്‍പ്പെടെയുള്ള കലകളുടെ ശിക്ഷണം പൊതു സ്ഥാപനങ്ങളായ സര്‍വ്വകലാശാലകളും കലാമണ്ഡലം പോലുള്ള സ്ഥാപനങ്ങളും ഏറ്റെടുത്തു. കേരളത്തിലെ ഒന്നാം നിര സംഗീതജ്ഞരുടെ പട്ടിക തയ്യാറാക്കിയാല്‍ കാണാം ജാതി-മത അതിര്‍ വരമ്പുകള്‍ ഇവിടത്തെ സംഗീതലോകത്ത്
എന്നേ ഭേദിച്ചു കഴിഞ്ഞുവെന്ന്.

യേശുദാസ് - കൃസ്ത്യന്‍
രവീന്ദ്രന്‍ മാഷ് - പാണന്‍
കലാമണ്ഡലം ഹൈദരാലി (സോപാനം) - മുസ്ലീം
നെയ്യാറ്റിങ്കര വാസുദേവന്‍ (കര്‍ണ്ണാടിക്) - ദളിത്(?)
രാഘവന്‍ മാഷ് - അരയന്‍
ദേവരാജന്‍ മാഷ് - ആശാരി(?)
അര്‍ജ്ജുനന്‍ മാഷ് - ആശാരി
ബാബുരാജ് മാഷ് - മുസ്ലീം
വിദ്യാധരന്‍ മാഷ് - വേലന്‍
ഇസൈജ്ഞാനി ഇളയരാജ - ദളിത്
(അവലംബം : സംഗീതിക മാസിക)

കലാ രംഗത്ത് ജാതി-മതപരമായ വിവേചനങ്ങള്‍ പാലിക്കുന്ന ചിലര്‍ ഇന്നും ഉണ്ടാകാം. അതിനെ തുറന്നു നേരിടുന്നതിനു പകരം പാശ്ചാത്യ ശൈലികളിലേക്ക് ഒളിച്ചോടുന്നത് ബുദ്ധിപരമായ ഭീരുത്വമാണ്. ജാതീയമായ വിവേചനങ്ങള്‍ ഒഴിവാക്കാനായി ഇന്ത്യയിലെ എല്ലാവരും ഇംഗ്ലീഷില്‍ മാത്രം സംസാരിക്കണമെന്ന് ഒരു ദളിത്-മനുഷ്യാവകാശപ്രവര്‍ത്തകന്‍ ഈയിടെ പ്രസ്താവിച്ചതിനെയാണ് ഇത് ഓര്‍മ്മപ്പെടുത്തുന്നത്. ഇങ്ങനെയുള്ള ചിന്താരീതികള്‍ അപനിര്‍മ്മാണം ചെയ്താല്‍ വളരെ അപകടം പിടിച്ച പാശ്ചാത്യവംശീയ മേല്‍ക്കോയ്മയില്‍ ആണ് നാം ചെന്നെത്തി നില്‍ക്കുന്നത്. മേലാളം/കീഴാളം എന്ന് കലകളെ ദൃഢമായി തരംതിരിച്ചു നിര്‍ത്തുന്നത് കെട്ടുറപ്പിച്ച ജാതിവ്യവസ്തയിലേക്കുള്ള ഒരു തിരിച്ചുപോക്കായേ എനിക്കു കാണാന്‍ പറ്റുന്നുള്ളൂ. കലകള്‍ നാടനായാലും ഫോറിനായാലും ലളിതമായാലും ശാസ്ത്രീയമായാലും എല്ലാ വിഭാഗത്തില്‍പ്പെട്ട ആളുകള്‍ക്കും പഠിക്കുവാനും ആസ്വദിക്കുവാനുമുള്ള ചുറ്റുപാടുകള്‍ ഉണ്ടായിരിക്കേണ്ടതാണ്.

വായനക്കാര്‍ക്ക് എന്തു തോന്നുന്നു?

Saturday, January 19, 2008

എയ്‌ഡ്‌സിനെപ്പറ്റി നാലു ഇന്ത്യന്‍ ഹ്രസ്വ ചലച്ചിത്രങ്ങള്‍

മൈക്രോസോഫ്റ്റിന്റെ ചെയര്‍മാനായ ബില്‍ ഗേറ്റ്സിന്റെ ജീവകാരുണ്യ സംഘടനയായ “ബില്‍ & മെലിന്‍ഡ ഗേറ്റ്സ് ഫൌണ്ടേഷന്‍“ എയ്‌ഡ്‌സിനെപ്പറ്റി നാലു ഇന്ത്യന്‍ ഹ്രസ്വ ചലച്ചിത്രങ്ങള്‍ നിര്‍മ്മിച്ചിരിക്കുന്നു. സന്തോഷ് ശിവന്‍, മീരാനായര്‍, വിശാല്‍ ഭരദ്വാജ്, ഫാര്‍ഹാന്‍ അക്തര്‍ എന്നീ പ്രമുഖരാണ് സംവിധാന ചുമതല ഏറ്റെടുത്തിരിക്കുന്നത്. ലാഭേച്ഛയില്ലാതെ പൊതുജന ബോധവല്‍ക്കരണം മാത്രം മുന്നില്‍ക്കണ്ടു നിര്‍മ്മിച്ച്, സൌജന്യമായി വിതരണം ചെയ്യുന്ന ഈ ഹ്രസ്വ ചലച്ചിത്രങ്ങള്‍ സംവിധാന മികവും കലാമൂല്യവും ഒത്തു ചേര്‍ന്നവയാണ്.

3 ചിത്രങ്ങള്‍ ഹിന്ദിയിലും 1 കന്നടയിലുമാണ് എടുത്തിരിക്കുന്നത്. ശബാന ആസ്മി, പ്രഭുദേവ, ഇര്‍ഫാന്‍ ഖാന്‍, സമീര റെഡ്ഡി, ബൊമ്മന്‍ ഇറാനി തുടങ്ങിയ മുന്‍ നിര താരങ്ങള്‍ ഈ സംരംഭത്തില്‍ സഹകരിച്ചിരിക്കുന്നു എന്നതും ശ്രദ്ധേയമാണ്. 15 മിനിറ്റോളം നീളമുള്ള ഈ ചിത്രങ്ങള്‍ സൌജന്യമായി ഇംഗ്ലീഷ് സബ്ടൈറ്റിലോടെ താഴെ കാണാം. ഡൌണ്‍ലോഡു ചെയ്യണമെങ്കില്‍ സൈറ്റില്‍ പോയാല്‍ മതി.


Prarambha (The Beginning)

ഈ കന്നട സിനിമ മലയാളികള്‍ക്കു സുപരിചിതനായ സന്തോഷ് ശിവന്‍ സംവിധാനം ചെയ്തിരിക്കുന്നു. നായകനായി ജനപ്രിയ തെന്നിന്ത്യന്‍ താരം പ്രഭുദേവ.


Migration

എയ്‌ഡ്‌സിന്റെ ഗ്രാമ-നഗര വ്യത്യാസമില്ലാത്ത മുഖത്തെ മീരാ നായര്‍ അനാവരണം ചെയ്യുന്നു. പ്രമുഖ മുഖ്യധാരാ നടന്‍ ഇര്‍ഫാന്‍ ഖാന്‍ സ്വവര്‍ഗ്ഗപ്രണയിയായി വേഷമിടുന്നു എന്നതും ശ്രദ്ധേയമാണ്. സമീരാ റെഡ്ഡിയുടെ സതി-സാവിത്രി സ്റ്റീരിയോറ്റൈപ്പല്ലാത്ത ഭാര്യാ വേഷവും സൂക്‍ഷ്മതയോടെ അവതരിപ്പിച്ചിരിക്കുന്നു.



Blood Brothers

വിശാല്‍ ഭരദ്വാജ് സംവിധാനം ചെയ്ത ഈ സസ്പെന്‍സ് ചിത്രത്തിന്റെ ആണിക്കല്ല് അതിന്റെ കഥയിലെ ആന്റി-ക്ലൈമാക്സ് തന്നെ!



Positive

ഫാര്‍ഹാന്‍ അക്തര്‍ സംവിധാനം ചെയ്ത ഈ ചിത്രത്തിന്റെ തീം പിതാവിന്റെ എയ്‌ഡ്‌സ് ഒരു കുടുംബത്തെ എങ്ങിനെ മാറ്റിമറിക്കുന്നു എന്നതാണ്. ശബാനാ ആസ്മിക്കൊപ്പം ബൊമ്മന്‍ ഇറാനിയും പ്രധാന വേഷം ചെയ്യുന്നു.

Saturday, January 5, 2008

കൈവിട്ടുപോയ ‘ഭയങ്കരം’

കഴിഞ്ഞ മാസം നാട്ടില്‍ വെക്കേഷന്‍ ചിലവഴിക്കുന്ന കാലത്ത് പല മലയാളം ടിവി ചാനലുകളിലൂടെയും ബ്രൌസ് ചെയ്യുന്ന സമയത്താണ് മനസ്സിലായത് -- ‘ഭയങ്കരം’ എന്ന വാക്ക് ഇനി തിരിച്ചെടുക്കാനാവാത്ത വിധത്തില്‍ കൈവിട്ടു പോയിരിക്കുന്നു!!

ഭയം + കരം = ഭയങ്കരം (ഭയം ജനിപ്പിക്കുന്നത് എന്നര്‍ത്ഥം). ഇതു പോലെ ഉല്‍പ്പത്തിയുള്ള മറ്റൊരു വാക്കാണ് ‘സുഖകരം’. പക്ഷെ ഭയങ്കരത്തിന്റെ ഇന്നത്തെ ഉപയോഗത്തിലുള്ള അര്‍ത്ഥം ഭയങ്കരമായി മാറിയിരിക്കുന്നു! “എനിക്ക് ആ പാട്ട് ഭയങ്കര ഇഷ്ടമാണ്“ എന്നൊക്കെ മലയാള സാഹിത്യ നായകന്‍മാര്‍ വരെ ടെലിവിഷനിലൂടെ ഉച്ചത്തില്‍ പ്രസ്താവിക്കുന്ന കാഴ്ചയാണ് ഇന്ന് കാണുന്നത്. “വളരെ നല്ലത്” എന്നാണെന്നു തോന്നുന്നു ഭയങ്കരത്തിന്റെ ഉത്തരാധുനിക അര്‍ത്ഥം! എല്ലാവരും ഇത് പുട്ടിനു തേങ്ങയിടുന്നത് പോലെ ആവശ്യത്തിലധികം നിത്യ സംഭാഷണങ്ങളില്‍ ഉപയോഗിക്കുന്നുമുണ്ട്.

ഇനി ഈ പുതിയ അര്‍ത്ഥത്തെ ഇരു കൈകളും നീട്ടി പുണരുകയല്ലാതെ നിവൃത്തിയില്ല. "God, grant me the serenity to accept the things I cannot change; the courage to change the things I can; and the wisdom to know the difference" എന്നാണല്ലൊ ലോകത്തിലെ ഏറ്റവും അര്‍ത്ഥവത്തായ പ്രാര്‍ത്ഥന.

ഈ ബ്ലോഗ് പോസ്റ്റ് നിങ്ങള്‍ക്ക് ഭയങ്കരമായി ഇഷ്ടപ്പെട്ടിട്ടുണ്ടാവുമെന്നു കരുതുന്നു :-)

വാല്‍ക്കഷ്ണം: നാട്ടില്‍ പോയ വിശേഷങ്ങളെക്കുറിച്ച് ഇംഗ്ലീഷിലെഴുതിയ ഈ പോസ്റ്റ് ഒന്നു വായിക്കൂ.