Wednesday, October 24, 2007

മനുഷ്യാവകാശ പ്രവര്‍ത്തകനായ രാജകുമാരന്‍

ഇന്ത്യയടക്കം ലോകമെമ്പാടുമുള്ള ദശലക്ഷങ്ങള്‍ കാണുന്ന
റ്റെലിവിഷന്‍ ടോക് ഷോയാണ് ‘ഓപ്ര വിന്‍ഫ്രി ഷോ’.
അതിന്റെ ഇന്നത്തെ പരിപാടിയില്‍ ഗുജറാത്തിലെ
രാജകുടുംബാഗവും ഇന്ത്യയിലെ സ്വവര്‍ഗ്ഗപ്രേമികളുടെ
മനുഷ്യാവകാശങ്ങള്‍ക്കായി ജീവിതം ഉഴിഞ്ഞുവച്ച
സാമൂഹ്യപ്രവര്‍ത്തകനുമായ മാനവേന്ദ്രസിംഗ് ഗോഹില്‍
പ്രധാന അതിഥിയായിരുന്നു. 2005ല്‍ അതിഥിയായി വന്ന
ഐശ്വര്യ റായിക്ക് ശേഷം ഇതാദ്യമായാണെന്ന്
തോന്നുന്നു ഇന്ത്യന്‍ പൌരനായ ഒരാള്‍ ഓപ്ര വിന്‍ഫ്രി
ഷോയില്‍ വരുന്നത്.


മാനവേന്ദ്രസിംഗ് രാജകീയ വേഷത്തില്‍ ഓപ്രയോടൊപ്പം


“Gay around the world” എന്ന ഇന്നത്തെ പരിപാടിയില്‍
മാനവേന്ദ്രസിംഗിനെ കൂടാതെ ജമൈക്കന്‍ രാജ്യത്ത് നിന്ന്
അമേരിക്കയില്‍ വന്ന് പ്രവാസ ജീവിതം നയിക്കുന്ന ലെസ്ബിയന്‍
എഴുത്തുകാരി സ്റ്റേസിയന്‍ ചിന്‍, പ്രശസ്ത അമേരിക്കന്‍
നാഷനല്‍ ബാസ്കറ്റ്ബോള്‍ താരമായിരുന്ന ജോണ്‍ അമേച്ചി
എന്നിവരും പങ്കെടുത്തു. ഒരോരുത്തരോടും അവരവരുടെ
ചുറ്റുപാടുകള്‍ക്കനുസൃതമായ ചോദ്യങ്ങള്‍ ചോദിക്കുന്നതില്‍
ഓപ്ര പൂര്‍ണ്ണാമായും വിജയിച്ചു എന്നു തന്നെ പറയാം.
നാട്ടുനടപ്പനുസരിച്ച് സ്വമേധയാ നടത്തിയ കല്യാണത്തിന്റെ
ആദ്യ രാത്രിയില്‍ ഭാര്യയുടെ മുന്നില്‍ ‘തലവേദന’ അഭിനയിച്ച്
തിരിഞ്ഞു കിടന്നുറങ്ങിയതിനെ പറ്റിയുള്ള മാനവേന്ദ്രസിംഗിന്റെ
വിവരണം ഓപ്രയടക്കമുള്ളവരില്‍ ചിരി പടര്‍ത്തി. യാതൊരു
ശാരീരിക ബന്ധവുമില്ലാത്ത ഒരു വര്‍ഷത്തിനു ശേഷം ഭാര്യയോടു
മാപ്പുപറഞ്ഞവസാനിപ്പിച്ച വിവാഹവും, തുടര്‍ന്നുണ്ടായ
വിഷാദ രോഗത്തേക്കുറിച്ചും മാനവേന്ദ്രസിംഗ്
വാചാലനായി. പൂര്‍ണ്ണമായ സംഭാഷണങ്ങളുടെ ലിങ്ക് ഇവിടെ.


വികസ്വര രാജ്യങ്ങളില്‍ സ്വവര്‍ഗ്ഗപ്രേമികള്‍ക്ക് നേരെ
സമൂഹത്തിന്റെയും ചിലപ്പോള്‍ ഭരണകൂടത്തിന്റെയും
വകയായി നടക്കുന്ന അക്രമങ്ങള്‍ക്കും മറ്റ് മനുഷ്യാവകാശ
ലംഘനങ്ങള്‍ക്കും നേരെ വിരല്‍ ചൂണ്ടിയതില്‍ ഓപ്രക്ക്
ഒരായിരം നന്ദി പറയാം...

Monday, October 15, 2007

പദ്മപ്രിയക്ക് കരണത്തടി

ഏതോ തമിഴ് സിനിമാ സംവിധായകന്‍ സെറ്റില്‍ വച്ച് നടി
പദ്മപ്രിയയുടെ കരണത്തടിച്ചുവെന്ന് ഇന്ന് മനോരമ വാര്‍ത്ത.

വാര്‍ത്താ ലിങ്ക് ഇവിടെ.

അത്യാവശ്യം വ്യക്തി സ്വാതന്ത്ര്യവും സാമ്പത്തിക സ്വാതന്ത്ര്യവും
സമൂഹത്തില്‍ പിടിപാടുമുള്ള ഒരു പ്രമുഖ സിനിമാനടിയുടെ
സ്ഥിതി ഇതാണെങ്കില്‍ ശരാശരി ഇന്ത്യന്‍ സ്ത്രീയുടെ അവസ്ഥ
ഊഹിക്കാവുന്നതേ ഉള്ളൂ. അഭിപ്രായ വ്യത്യാസം പ്രകടിപ്പിക്കുന്ന
സ്ത്രീകളുടെ കരണത്തടിച്ച് “ആണത്തം” പ്രദര്‍ശിപ്പിച്ച്
സ്വന്തം തീരുമാനങ്ങള്‍ നടപ്പിലാക്കുക എന്നത് ചില
ഇന്ത്യന്‍ പുരുഷന്മാരുടെ “വിനോദ“മാണെന്ന് തോന്നുന്നു.

ഇതുപോലെയുള്ള കരണത്തടി സീനുകള്‍ മലയാളത്തിലെ
ചില സിനിമകളിലും സീരിയലുകളിലും ഇന്നും കാണാം.
ഇത്തരം സീനുകളില്‍ അഭിനയിക്കാന്‍ തയ്യാറാവുന്ന
പദ്മപ്രിയ ഉള്‍പ്പെടെയുള്ള നടികള്‍ ഒരു ആത്മ
പരിശോധന നടത്തേണ്ട സമയമായിരിക്കുന്നു.
ജീവിതത്തിന്റെ ഒരു ചീന്താണ് സിനിമ പോലുള്ള ദൃശ്യകലകള്‍.
യഥാര്‍ഥ ജീവിതത്തില്‍ അവക്കുള്ള ശക്തമായ സ്വാധീനം
നമ്മുടെ നടിമാര്‍ എന്തുകൊണ്ടു മനസ്സിലാക്കുന്നില്ല?

Tuesday, October 9, 2007

മണിച്ചിത്രത്താഴിനെക്കുറിച്ചുള്ള ലേഖനം

എന്റെ മണിച്ചിത്രത്താഴിനെക്കുറിച്ചുള്ള ലേഖനം
മലയാളത്തിലെ പ്രമുഖ ഓണ്‍ലൈന്‍ സിനിമാ
ജേര്‍ണലായ വര്‍ണ്ണചിത്രത്തില്‍ (www.varnachitram.com)
ഇന്ന് പ്രസിദ്ധീകരിച്ചിട്ടുണ്ട്.

ലേഖനത്തിന്റെ ലിങ്ക് ഇവിടെ.

വായിച്ച് അഭിപ്രായങ്ങള്‍ അറിയിക്കുക...

Saturday, October 6, 2007

മോഹന്‍ലാല്‍ ഷോ

മോഹന്‍ലാല്‍ സംഘത്തിന്റെ അമേരിക്കന്‍ പര്യടനത്തിലെ
അവസാനത്തെ ഷോ ബോസ്റ്റണില്‍ സെപ്റ്റംബര്‍ 23ന്
അരങ്ങേറി. അവതാരകരായി മുകേഷ്, ജഗദീഷ്;
നായികമാരായി ലക്ഷ്മി ഗോപാലസ്വാമി, ശ്വേത മേനോന്‍;
നര്‍ത്തകനായി വിനീത്; പാട്ടുകാരായി രമേഷ് ബാബു,
റിമി ടോമി; മിമിക്രിയുമായി സൂരജ് വെഞ്ഞാറമ്മൂട്
എന്നിങ്ങനെയായിരുന്നു പരിപാടികള്‍.20 വര്‍ഷങ്ങളോളം സ്ക്രീനില്‍ കണ്ട മോഹന്‍ലാലിനെ ഒന്ന് നേരില്‍
കാണുക എന്നത് മാത്രമായിരുന്നു എന്റെ ഉദ്ദേശം. ലാല്‍ സിനിമയില്‍
കാണുന്നതിനെക്കാള്‍ സുന്ദരനും ചെറുപ്പക്കാ‍രനുമായി കാണപ്പെട്ടു.
ലാലിനേക്കാള്‍ ഏഴ് വയസ്സ് പ്രായമുള്ള മമ്മൂട്ടി വര്‍ഷം കഴിയും
തോറും ചെറുപ്പക്കാരനായി വരുന്നതിന്റെ രഹസ്യമെന്താണ്?
ശരീരം വണ്ണം വെക്കാതെ നോക്കാനും ഹെയര്‍ സ്റ്റൈലിംഗിലും
ലാല്‍ പ്രത്യേകം ശ്രദ്ധിക്കണമെന്നാണ് എന്റെ അഭിപ്രായം.
ഒരു ജനകീയ നടന് നല്ല കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്
കൂടാതെ നല്ല ബോഡി ഇമേജ് നിലനിര്‍ത്തുക എന്ന കടമ കൂടിയുണ്ട്!!


പരിപാടിയിലെ കലാപരമായി ഏറ്റവും മികച്ച ഐറ്റം ഏതെന്ന്
ചോദിച്ചാല്‍ “വിനീതിന്റെ എന്ന ഭരതനാട്യം“
എന്ന് നിസ്സംശയം ഉത്തരം പറയാം (സോറി ലാലേട്ടാ!).
വിനീത് സ്വയം കോറിയോഗ്രഫി ചെയ്ത് അവതരിപ്പിച്ച
“ബ്രഹ്മം ഒകടേ” എന്ന നൃത്തം ഭരതനാട്യമാണോ
അതോ പദ്മാ സുബ്രഹ്മണ്യത്തിന്റെ കീഴില്‍ അഭ്യസിച്ചു വരുന്ന
ഭരതനൃത്തമോ എന്ന് തീര്‍ത്തു പറയുക വയ്യ. ആണുങ്ങള്‍ക്കു ചേര്‍ന്ന
താണ്ഡവ ശൈലിയിലുള്ള ഈ നൃത്തം വിനീത് മനോഹരമാക്കി.
വിനീതും ലക്ഷ്മി ഗോപാലസ്വാമിയും കൂടി രവീന്ദ്രന്‍ അനുസ്മരണയായി
അവതരിപ്പിച്ച “കളഭം തരാം..” എന്ന ഗാനത്തിന്റെ നൃത്താവിഷ്കരണവും
നല്ല നിലവാരം പുലര്‍ത്തി.

മോഹന്‍ലാല്‍ ഗാനങ്ങളുടെ മെഡ്ലെ ദൃശ്യാവതരണം നൊസ്റ്റാള്‍ജിയ
പടര്‍ത്തി. പാട്ടുകാരില്‍ രമേഷ് ബാബുവിന്റെ ഫനായിലെ ഹിന്ദി
ഗാനവും നരനിലെ അടിപൊളി “വേല്‍ മുരുകാ” എന്നഗാനവും
ഓര്‍മ്മയില്‍ തങ്ങി നില്‍ക്കുന്നു. റിമിറ്റോമിയുടെ ശബ്ദം എനിക്ക്
അരോചകമായാണ് തോന്നിയത്. ചിലപാട്ടുകള്‍ മുന്‍പ് റെക്കോര്‍ഡ്
ചെയ്തതിന്റെ ലിപ്-സിങ്കിങ് ആയിരുന്നില്ലേ എന്ന്‍ ഈയുള്ളവന് സംശയം!
സൂരജിന്റെ ശബ്ദാനുകരണത്തില്‍ ഒന്നാം സ്ഥാനം ബിന്ദു പണിക്കരുടെ
അനുകരണത്തില്‍ തന്നെ!

പരിപാടികള്‍ ആകെമൊത്തം വിചാരിച്ചതിനെക്കാള്‍ നല്ല
നിലവാരം പുലര്‍ത്തി.