Sunday, November 16, 2008

ഒബാമയും പ്രണയവും

പുതിയ അമേരിക്കന്‍ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട ബറാക്ക് ഒബാമ നവംബര്‍ 4ന് ചിക്കാഗോയില്‍ വച്ചു നടത്തിയ ‘വിജയ പ്രസംഗം’ (victory speech) മലയാളികളില്‍ ചിലരെങ്കിലും കണ്ടിരിക്കാം. ചരിത്രത്തിന്റെ ഭാഗമായി മാറിയ ഈ പ്രസംഗത്തിന്റെ തുടക്കത്തിലെ 2 മിനിറ്റ് താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ കാണാം.



“...It's the answer spoken by young and old, rich and poor, Democrat and Republican, Black, White, Hispanic, Asian, Native American, gay(സ്വവര്‍ഗപ്രണയി), straight(എതിര്‍വര്‍ഗപ്രണയി), disabled and not disabled...“.

ലോകത്തിലാദ്യമായാണ് ഒരു രാജ്യത്തിന്റെ ഭരണാധികാരി സ്വവര്‍ഗപ്രണയികളായ പൌരന്മാരെ തന്റെ കന്നിപ്രസംഗത്തില്‍ എടുത്തു പറഞ്ഞിരിക്കുന്നത്. റ്റി.വി.യില്‍ പ്രസംഗം തത്സമയം കേട്ടുകൊണ്ടിരുന്ന എനിക്ക് വളരെ ആശ്ചര്യജനകമായ ഒരു സന്ദര്‍ഭമായിരുന്നു ഇത്. സ്വവര്‍ഗപ്രണയികളായ എന്റെ പല വെള്ളക്കാരായ സുഹൃത്തുക്കളും അവര്‍ ഒബാമയുടെ ഈ വാക്കുകള്‍ കേട്ട് ആനന്ദാശ്രുക്കള്‍ പൊഴിച്ചു എന്ന് എന്നോട് പറയുകയുണ്ടായി. ഈ വാക്കുകള്‍ പറഞ്ഞ സമയത്ത് ജനാവലിയില്‍ ചിലരില്‍ നിന്നുയര്‍ന്ന സന്തോഷാരവം വീഡിയോയില്‍ കേള്‍ക്കാം.

കെനിയന്‍-കറുത്തവര്‍ഗക്കാരന്‍-മുസ്ലീമായ അഛന്‍, അമേരിക്കന്‍-വെള്ളക്കാരി-കൃസ്ത്യാനിയായ അമ്മ, ചിറ്റഛനുമായി ഇന്തോനേഷ്യയില്‍ ചിലവിട്ട ബാല്യം, ഭൂരിപക്ഷമായ വെള്ളക്കാര്‍ക്ക് മുന്‍‌തൂക്കം കൊടൂക്കുന്ന അമേരിക്കന്‍-സാമൂഹ്യ വ്യവസ്ഥയില്‍ പോലും ലോകോത്തരമായ ഹാര്‍വാര്‍ഡ് യൂനിവേര്‍സിറ്റി വരെ ചെന്നെത്തിയ വിദ്യാര്‍ത്ഥി ജീവിതം, കറുത്തവര്‍ഗക്കാരിയായ മിഷലുമായുള്ള പ്രണയവിവാഹം, തുടര്‍ന്ന് സെനറ്ററായി തിരഞ്ഞെടുക്കപ്പെട്ട രാഷ്ട്രീയ ജീവിതം -- ഇങ്ങനെ വൈവിധ്യങ്ങളുടെ സമന്വയമാണ് ‘ബറാക്ക് ഹുസ്സൈന്‍ ഒബാമ’ എന്ന വ്യക്തി. ഒരു യഥാര്‍ത്ഥ വിശ്വപൌരന്‍ എന്നു വേണമെങ്കില്‍ പറയാം. അങ്ങനെയുള്ള ഒരു വ്യക്തിക്ക് മനുഷ്യജീവിതത്തിലെ Life-force ആയ ലൈംഗികത/പ്രണയം എന്നിവയിലെ വൈവിധ്യങ്ങളെക്കുറിച്ച് ശാസ്ത്രീയമായ അവബോധവും മുന്‍‌വിധികളില്ലാത്ത സമീപനങ്ങളും ഉണ്ടായിരിക്കുന്നതില്‍ അദ്ഭുതമില്ല. ലൈഗികന്യൂനപക്ഷങ്ങള്‍ മറ്റേത് ന്യൂനപക്ഷങ്ങളേയും പോലെ പൌരാവകാശങ്ങള്‍ അര്‍ഹിക്കുന്ന വിഭാഗമാണെന്ന വസ്തുത ലോകജനതയെ ഓര്‍മ്മപ്പെടുത്തിയതിന് ഒബാമയോടു നമുക്കു നന്ദി പറയാം. സ്വവര്‍ഗപ്രണയികളായ പൌരന്മാരെ കുറ്റവാളികളും സാമൂഹ്യവിരുദ്ധരായ ആഭാസന്മാരുമായി കണക്കാക്കുന്ന ഇന്ത്യയുള്‍പ്പെടെയുള്ള വികസ്വരരാജ്യങ്ങളിലെ ഭരണകൂടങ്ങള്‍ക്ക് ഒബാമ ഒരു മഹനീയമായ മാതൃക തന്നെയാണ്.

വ്യക്തിസ്വാതന്ത്ര്യം പാടെ നശിപ്പിക്കുന്ന റഷ്യ/ചൈന ശൈലിയിലുള്ള കൊടും-കമ്മ്യൂണിസം പോലെതന്നെ അതിന്റെ എതിര്‍ധ്രുവത്തില്‍ നില്‍ക്കുന്ന നിയന്ത്രണമില്ലാത്ത കോര്‍പ്പറേറ്റ് മുതലാളിത്തവും അപകടകാരിയാണെന്ന് ഈയടുത്തകാലത്തു സംജാതമായ സാമ്പത്തിക കുഴപ്പങ്ങള്‍ തെളിയിക്കുന്നു. ഒരു മധ്യവര്‍ത്തി മാര്‍ഗം അവലംബിക്കുന്നതാണ് ഏറ്റവും ഉചിതം. ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ ജനാധിപത്യത്തിലതിഷ്ടിതമായ, ഇടതുപക്ഷചായ്‌വുള്ള നയങ്ങള്‍ ലോകപ്രസക്തമാകുന്നതും അതിനാല്‍ തന്നെ. ഭഗവാന്‍ കൃഷ്ണന്‍ (‘കാര്‍ഷ്ണ്യ(കറുപ്പ്)നിറമുള്ളവന്‍ കൃഷ്ണന്‍ ‘ -- വര്‍ണ്ണവെറിയാല്‍ ചിലരവനെ നീലയാക്കി!) “സംഭവാമി യുഗേ യുഗേ...” എന്ന് ഭഗവത്ഗീതയില്‍ പാടി. അടിച്ചമര്‍ത്തപ്പെട്ട സകലവിധ ന്യൂനപക്ഷങ്ങളുടെ ശാക്തീകരണത്തിനും ലോകസമ്പദ്‌വ്യവസ്ഥയുടെ ഉയിര്‍ത്തെഴുന്നേല്‍പ്പിനും ഇറാഖ് യുദ്ധത്തിലൂടെ അമേരിക്കക്ക് ലോകരാജ്യങ്ങളില്‍ നഷടപ്പെട്ട സല്‍പ്പേര് വീണ്ടെടുക്കാനും ഈ അഭിനവ-കൃഷ്ണന് സാധിക്കും എന്ന് നമുക്കാശിക്കാം.

31 comments:

കിഷോർ‍:Kishor said...

പുതിയ അമേരിക്കന്‍ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട ബറാക്ക് ഒബാമ നവംബര്‍ 4ന് ചിക്കാഗോയില്‍ വച്ചു നടത്തിയ വിജയ പ്രസംഗത്തെ പറ്റി ചില ചിന്തകള്‍....

അനില്‍@ബ്ലോഗ് // anil said...

കിഷോര്‍,

പ്രതീക്ഷകള്‍ അസ്ഥാനത്താവുകയേ ഉള്ളൂ എന്നാണ് തോന്നുന്നത്.

പ്രണയത്തെക്കുറിച്ചുള്ള സങ്കല്‍പ്പങ്ങള്‍ ഒരു പക്ഷെ വലിയ പ്രശ്നമൊന്നുമുണ്ടാക്കില്ല, കാരണം അതില്‍ സാമ്പത്തിക ലാഭം ഇല്ലല്ലോ.

കോര്‍പ്പറേറ്റുകളെ നിയന്ത്രിക്കാ‍ന്‍ സധിക്കും എന്ന പ്രതീക്ഷ വേണ്ട.

കാപ്പിലാന്‍ said...

കിഷോര്‍ ,

അമേരിക്കയില്‍ ഒരു കാര്യവും പാപം എന്ന് പറയാന്‍ പറ്റില്ല ,കാരണം എല്ലാം നിയമത്തിന്റെ പരിധിയില്‍ വരുന്നതാണ് .ആരും പരിധി വിട്ടു പുറത്തു പോകരുത്.ഗാന ഗന്ധര്‍വന്‍ യേശുദാസിന്റെ പെങ്ങളുടെ മകന്‍ ഇവിടെ ആജീവനാന്തം ജയിലില്‍ ആണെന്ന് അറിയാമല്ലോ .പരിധിക്ക് പുറത്തു പോയതിന്റെ ഗുണമാണ് .
കാര്യം പറഞ്ഞാല്‍ അമേരിക്കയില്‍ " പാപമില്ല " അതുകൊണ്ട് ലോകരെല്ലാം അങ്ങനെ ആകണം എന്ന് പറഞ്ഞാല്‍ ശരിയാകുമോ ?
ഞാനും ഒബാമ പക്ഷക്കാരനാണ് .
ജയ് ഹനുമാന്‍ ,ജയ് ഒബാമ,ജയ് അമേരിക്ക .

കിഷോർ‍:Kishor said...

കാപ്പിലാന്‍,

യേശുദാസിന്റെ ബന്ധുവിന്റെ കാര്യം എനിക്കറിയില്ല. പരസ്പരസമ്മതത്തോടെ പ്രായപൂര്‍ത്തിയായ രണ്ടു വ്യക്തികള്‍ തമ്മിലുള്ള ശാരീരിക ബന്ധത്തെ കുറ്റവല്‍ക്കരിക്കുന്നത് കാടത്തം തന്നെ.

ഹിന്ദുമതത്തില്‍ ലൈഗികതയെ പാപമായി കൂട്ടിച്ചേര്‍ക്കുന്ന ചിന്താരീതികള്‍ ഇല്ല എന്നാണ് ഞാന്‍ മനസ്സിലാക്കിയത്.

കാപ്പിലാന്‍ said...

ശരിയായിരിക്കാം .അമേരിക്കയും പിന്തുടരുന്നത് ഒരു പക്ഷേ ഹിന്ദു മത തത്വങ്ങള്‍ ആകാം .അതുകൊണ്ടാകാം സ്വര്‍ഗ്ഗ രതിയും മറ്റും നിയമത്തിന്റെ പരിധിയില്‍ ഉള്‍പ്പെടുത്തിയത് .അങ്ങനെ നോക്കുമ്പോള്‍ തീര്‍ച്ചയായും ഹിന്ദുക്കള്‍ക്ക് ഈ കാര്യത്തില്‍ അഭിമാനിക്കാം .കാരണം അമേരിക്ക ഒരു കുടിയേറ്റ രാജ്യമാണല്ലോ ,പല സംസ്കാരങ്ങള്‍ ഒരു രാജ്യത്തിന്‍റെ ഭാഗമായ രാഷ്ട്രം .
യേശുദാസിന്റെ ബന്ധു അകത്തായത് സ്വര്‍ഗ്ഗ രതി മൂലമല്ല .
കനകം മൂലം കാമിനി മൂലം കലഹം പലതും ഉലകില്‍ സുലഭം

മാണിക്യം said...

എന്തിനും
ശുഭപ്രതീക്ഷയാ നല്ലത്.
ഒന്നുമില്ലങ്കിലും നമ്മുടെ ബി പി ക്ക്
എങ്കിലും അതാ നല്ലത്.....
എല്ലാം നന്നാവും എന്ന് കരുതുകയും പ്രാര്‍ത്ഥിക്കുകയും ചെയ്യാം .
യുദ്ധത്തില്‍ കൂടി നിരപരാധികളെ ചുട്ടു കൊല്ലുകയും രാജ്യം കുട്ടിച്ചോറാക്കുകയും ചെയ്യാതിരിക്കട്ടെ....
നല്ലൊരു ഭരണകാലം ഒബാമ കാഴ്ച വയ്ക്കാന്‍ ഈശ്വരന്‍ അനുഗ്രഹിക്കട്ടെ..

കൃഷ്‌ണ.തൃഷ്‌ണ said...

ഒരു രാഷ്ട്രീയനേതാവ്‌ പ്രസംഗത്തില്‍ ന്യൂനപക്ഷമായ 'ഗേ' ഉള്‍പ്പെടുത്തിയതു കൊണ്ടു മാത്രം കാര്യങ്ങള്‍ എല്ലാം ശരിയായിക്കൊള്ളുമെന്നു ഊറ്റം കൊള്ളേണ്ട കാര്യമുണ്ടോ കിഷോര്‍? അമേരിക്കയിലെ കാര്യം അറിയില്ലാട്ടോ..നമ്മുടെ നേതാക്കള്‍ സത്യപ്രതിജ്ഞയില്‍ 'എല്ലാ ഇന്ത്യാക്കരും സഹോദരീ സഹോദരന്‍മാരാണെന്നു പറഞ്ഞല്ലേ അധികാരത്തിലേക്കു കയറുന്നത്.?. പിന്നെ എങ്ങനെയാണെന്നു പറയേണ്ടല്ലോ.. എല്ലാവരും ഒരുപാടു പ്രതീക്ഷകള്‍ ഒബാമയെക്കുറിച്ചു വെച്ചുപുലര്‍ത്തുന്നുണ്ട്. അമേരിക്കക്കു ദൈവം നല്‍കിയ വരദാനം എന്നാണ്‌ ഒരു കെനിയന്‍ പത്രം റിപ്പോര്‍ട്ടു ചെയ്തതത്രേ. I think it is too early to judge him.

കാപ്പിലാന്‍ said...

http://kaappilaan.blogspot.com/2008/08/blog-post_26.html

കിഷോറിന് ഇഷ്ടപ്പെടുന്ന ഒരു കഥയുടെ ലിങ്കാണ് മുകളില്‍,വായിക്ക് എന്നിട്ട് അഭിപ്രായം പറയുക .

ഓടോ -ഞാന്‍ ഇപ്പോള്‍ വന്നത് എന്‍റെ അഭിപ്രായത്തില്‍ ഒരു അക്ഷരത്തെറ്റ് " സ്വര്‍ഗ്ഗ രതിയെന്നല്ല ,സ്വവര്‍ഗ രതി " .

വികടശിരോമണി said...

അസ്ഥാനത്താണെങ്കിലും സ്വപ്നങ്ങൾ കാണുന്നതിൽ തെറ്റൊന്നുമില്ല,അഭിനവകൃഷ്ണൻ -അതെനിക്കു പിടിച്ചു.
ആ ‘സ്വർഗരതി’ എന്താ കാപ്പിലാനേ എന്നു ചോദിക്കാൻ മുകളീന്ന് കോപ്പിയെടുത്ത് കൊണ്ടുവരികയായിരുന്നു,അപ്പോഴേക്കും കാപ്പു തിരുത്തി,നശിപ്പിച്ചു:)

ഭൂമിപുത്രി said...

പ്രതീക്ഷകൾ അസ്ഥാനത്താകാതിരിയ്ക്കട്ടെ കിഷോർ.ലോകം മുഴുവൻ ഇപ്പോൾ ഈ ഒറ്റയാളിലാൺ എല്ലാ ആശകളും
അർപ്പിച്ചിരിയ്ക്കുന്നതെന്ന് തോന്നുന്നു.

G. Nisikanth (നിശി) said...

ഒബാമയ്ക് അമേരിക്കയെ ശരിയായ രീതിയിൽ മുന്നോട്ടുനയിക്കാനാവുമെന്നു പ്രതീക്ഷിക്കാം. അമേരിക്കൻ ജനത മാത്രമല്ല എന്റെ ആഫ്രിക്കൻ സുഹൃത്തുക്കളും അവരിലൊരാളേപ്പോലെ, അവരുടെ നേതാവായി അദ്ദേഹത്തെ കരുതുന്നു. അമേരിക്ക ചെയ്ത തെറ്റുകൾക്ക് ഒബാമയിലൂടെ പ്രായശ്ചിത്തം ചെയ്യപ്പെടുമെന്നും പ്രത്യാശിക്കാം.

Mahi said...

അതെ നമുക്ക്‌ പ്രതീക്ഷിച്ചു കൊണ്ടിരിക്കാം

കിഷോർ‍:Kishor said...

അനിലേ, പ്രണയത്തില്‍ നീതിപൂര്‍വ്വം പെരുമാ‍റുന്നവര്‍ സാമ്പത്തികത്തിലും അതു കാണിക്കും അന്നു നമുക്കാശിക്കാം!


കാപ്പിലാനേ, ലോല മനസ്കനായിട്ടൂം കഥ വായിച്ചു! ആകെ കണ്‍ഫ്യൂഷന്‍. ഈ കഥ pro-gay അതോ anti-gay?? പിന്നെ പൊതു പാര്‍ക്കില്‍ പെണ്‍-പെണ്‍ ഇണകളേക്കാള്‍ ആണ്‍-ആണ്‍ ഇണകളെ കാണുവാനാണ് കൂടുതല്‍ ചാന്‍സ്.
ആദ്യം ആണ്‍‌-പെണ്‍ പ്രണയത്തില്‍ നിങ്ങളൊക്കെ നടത്തൂ പരസ്യമായ കെട്ടിപ്പിടിയും ചുംബനവുമൊക്കെ. അതിനു ശേഷം മാത്രമേ സ്വവര്‍ഗപ്രണയികള്‍ക്ക് ഇതൊക്കെ ആലോചിക്കാന്‍ കൂടി കഴിയൂ!

കൃഷ്ണ, മറ്റുള്ളവരുടെ നീചമായ വാക്കുകളാല്‍ നിരന്തരം മുറിവേല്‍പ്പിക്കപ്പെടുന്നവരാണ് സ്വവര്‍ഗപ്രണയികള്‍. അതിനാല്‍ തന്നെ ഒബാമ അവരെ പൊതുധാരയിലെ പൌരരായി പരാമര്‍ശിച്ചതില്‍ എങ്ങനെ വികാരധീനരാകാതിരിക്കും?? ഇങ്ങനെ പറയുന്നതു തന്നെ വലിയൊരു കാര്യമാണ്.

മാണിക്യം,മഹി, ചെറിയനാടന്‍, ഭൂമിപുത്രി, വികടശിരോമണി, ശുഭപ്രതീക്ഷ തന്നെ നല്ലത്... നല്ല ചിന്തകളില്‍ നിന്ന് നല്ല കാര്യങ്ങള്‍ ഉദ്ഭവിക്കുന്നു...

സ്വവര്‍ഗലൈഗികതയെ കുറ്റവല്‍ക്കരിക്കുന്ന നിയമം ബ്രിട്ടണാണ് ഇന്ത്യയുള്‍പ്പെടെയുള്ള അതിന്റെ കോളനികളില്‍ അടിച്ചേല്‍പ്പിച്ചത്. ബ്രിട്ടണടക്കമുള്ള യൂറോപ്യന്‍ രാജ്യങ്ങളിലും അമേരിക്ക, കാനഡ എന്നിവിടങ്ങളിലും അത്തരം കാടന്‍‌നിയമങ്ങളൊക്കെ എന്നേ എടുത്തുമാറ്റി. ഇന്ത്യയില്‍ ഈ നിയമത്തിനെതിരായി ഡല്‍ഹി ഹൈക്കോടതിയില്‍ പെറ്റിഷന്‍ നടക്കുന്നുണ്ട്... നമുക്കാശിക്കാം...

കാപ്പിലാന്‍ said...

"ആദ്യം ആണ്‍‌-പെണ്‍ പ്രണയത്തില്‍ നിങ്ങളൊക്കെ നടത്തൂ പരസ്യമായ കെട്ടിപ്പിടിയും ചുംബനവുമൊക്കെ. അതിനു ശേഷം മാത്രമേ സ്വവര്‍ഗപ്രണയികള്‍ക്ക് ഇതൊക്കെ ആലോചിക്കാന്‍ കൂടി കഴിയൂ! "

കിഷോര്‍ ,
കിഷോര്‍ ബോസ്ടനില്‍ തന്നെയല്ലേ ? അതോ പുറത്തെങ്ങും പോകാറില്ല എന്നുണ്ടോ ? പോയാലും ഒന്നും കാണുന്നില്ല എന്നുണ്ടോ ? കണ്ടാലും ഒന്നും മിണ്ടുന്നില്ല എന്നുണ്ടോ ? ആ ആര്‍ക്കറിയാം .എന്തായാലും ചുറ്റും കണ്ണു തുറന്നു നോക്കുക അപ്പോള്‍ കാണാം പല കാഴ്ചകളും :)

കഥയെകുറിച്ച് -ഒരു കഥ വായിക്കുന്ന ആളിന്റെ മനസിലാണ് അത് അങ്കിള്‍ ആണോ ആന്റി ആണോ എന്നറിയുന്നത് ? ഞാന്‍ പറയണ്ട കാര്യം ഇല്ലല്ലോ :)

സ്വവര്‍ഗ രതിയെ കുറിച്ച് -ആരെന്തു കരുതിയാലും എന്‍റെ അഭിപ്രായം അതിനെകുറിച്ച് ഇങ്ങനെയാണ്
" മാനസികവികാസം പ്രാപിക്കാത്തവരുടെ ലൈംഗീക വൈകൃതം "അതുകൊണ്ടാണ് ഇംഗ്ലീഷില്‍ എത്ര മനോഹര പേര് ചൊല്ലി വിളിച്ചാലും കേരളത്തില്‍ ഇവരെ കുണ്ടന്‍ ,കുണ്ടി എന്നീ മനോഹര നാമങ്ങളില്‍ അറിയപ്പെടുന്നത് .

പണ്ട് ഒരു കോഴിക്കോടന്‍ കാക്ക ഹോട്ടലില്‍ കയറി പറഞ്ഞ കാര്യമാണ് ഓര്‍മ്മവരുന്നത്‌ " കുണ്ടനിക്ക് ഒരു കോയിന്റെ ബിരിയാണിയും ഞമ്മക്ക് ഒരു സുലൈമാനിയെന്നും ".എന്തായാലും ഇന്ത്യയില്‍ അധികം താമസിക്കാതെ ഈ നിയമവും പാസാകും അത് വരെ വിഷമിച്ചിരിക്കാതെ നല്ല ആഹാരം ഒക്കെ കഴിച്ച് ശരീരം ഒന്ന് നന്നാക്കി എടുക്കാന്‍ നോക്ക് :)

കിഷോർ‍:Kishor said...

കാപ്പിലാന്‍,

പ്രണയിക്കുന്നത് ഒരു വ്യക്തിയേയോ അതോ അവന്റെ/അവളുടെ ഗുഹ്യാവവയത്തെയോ?

സ്വവര്‍ഗപ്രണയത്തെക്കുറിച്ച് ഇങ്ങനെ നീചമായി ചിന്തിക്കുന്നവര്‍ അവരവരുടെ സ്വന്തം ലൈംഗികതയിലുള്ള വൈകൃതങ്ങളാണ് പുറത്തു കൊണ്ടു വരുന്നത്.

ജാതിയും സ്ത്രീധനവുമൊക്കെ നോക്കി അറേണ്‍‌ജ്ഡ്-കല്യാണങ്ങള്‍ നടത്തി ജീവിക്കുന്ന ബഹുഭൂരിപക്ഷം ഇന്ത്യക്കാര്‍ക്കും പ്രണയത്തിന്റെ വില എങ്ങിനെ മനസ്സിലാവും?

കാപ്പിലാന്‍ said...

വിവാഹ ജീവിതത്തിലെ ഒഴിവാക്കാന്‍ കഴിയാത്ത ഒരു പ്രക്രിയയാണ് ലൈംഗീക ബന്ധം .അതിന് മനസുകള്‍ തമ്മിലുള്ള അടുപ്പം ,ഇണയോടുള്ള സ്നേഹം ,കരുതല്‍ ഇവയെല്ലാം അനിവാര്യമാണ് .വിവാഹ ബന്ധം സ്ത്രീയും പുരുഷനും തമ്മിലായിരിക്കണം എന്നാണ് എന്‍റെ കാഴ്ചപ്പാട് .ദൈവവും അങ്ങനെയാണ് കരുതുന്നത് .ദൈവം എന്തൊരു പൊട്ടനാണ്‌.അല്ലെങ്കില്‍ സ്ത്രീക്കും പുരുഷനും ഈ ആവശ്യമില്ലാത്ത സാധനങ്ങള്‍ ഒക്കെ കൊടുക്കണ്ട വല്ല കാര്യവുമുണ്ടോ ?ഇവിടെ മനുഷ്യന്‍ ദൈവത്തെക്കാള്‍ ഉയര്‍ന്ന ചിന്താഗതികള്‍ ഉള്ളതിന്റെ കുഴപ്പമാണ് ഇതെല്ലാം .ഇവിടെ പറയുന്ന വിഷയം സ്വവര്‍ഗ രതി ,വിവാഹം എന്നീ കാര്യങ്ങളാണ് .നിത്യ ജീവിതത്തില്‍ നമുക്ക് സ്ത്രീകളും ,പുരുഷന്മാരും സുഹൃത്തുക്കള്‍ ആയി വരാം .ലിംഗ വിത്യാസം കൂടാതെ ചിലരോട് അധികമായ സ്നേഹം ഉണ്ടാകാം .അതെല്ലാം രതിക്ക് വേണ്ടിയാണ് ,വിവാഹത്തിന് വേണ്ടിയാണ് എന്നെല്ലാം ചിന്തിക്കുന്ന നേരമാണ് പ്രശനങ്ങള്‍ ഉടലെടുക്കുന്നത് .
ഇവിടെ വേറെ ഒരു ചോദ്യമുണ്ട് .കാപ്പിലാന്‍ ഇന്‍ വണ്ടര്‍ ലാന്‍ഡ്‌ എന്ന് കരുതാം .ഈ സ്വവര്‍ഗ രതിക്കാര്‍ എങ്ങനെയാണ് ലൈംഗീക ബന്ധത്തില്‍ ഏര്‍പ്പെടുന്നത് എന്നറിഞ്ഞാല്‍ കൊള്ളാം .

കിഷോർ‍:Kishor said...

ഇത് രതിയെക്കുറിച്ചുള്ള പോസ്റ്റല്ല, പ്രണയത്തെക്കിറുച്ചുള്ളതാണ്. രതി പ്രണയത്തിന്റെ സുപ്രധാനഭാഗമാണെന്നത് ഞാന്‍ നിഷേധിക്കുന്നില്ല.

കാപ്പിലാന്‍, നിങ്ങള്‍ സ്വവര്‍ഗ-പ്രണയത്തെ വെറും യാന്ത്രികമായ രതിയായി മാത്രം നോക്കിക്കാണാനിഷ്ടപ്പെടുന്നു. അത് നിങ്ങളുടെ തകരാറാണ്.

കൃഷ്‌ണ.തൃഷ്‌ണ said...

പ്രണയം‌ രതിയിലേക്കു വഴിമാറിപ്പോകാതിരിക്കട്ടെ..

തന്റെ ലൈം‌ഗികത പോലെ തന്നെയായിരിക്കണം‌ അപരന്റെ ലൈം‌ഗികതയും‌ എന്ന വാശി മനുഷ്യര്‍‌ ചുമക്കുന്നതെന്തിനാണ്‌? തനിക്കു ശരിയെന്നു തോന്നുന്നതാണ് ലോകത്തിന്റെ ശരിയെന്ന ചിന്ത എന്തിനാണ്? ഞാന്‍‌ ഭൂരിപക്ഷത്തിനൊപ്പം‌ എന്നു ചിന്തിക്കുമ്പോള്‍‌ തന്നെ മറുഭാഗത്ത്‌ ഒരു ന്യൂനപക്ഷമുണ്ടെന്നും‌ അവര്‍‌ക്കും‌ തന്നെപ്പോലെ വിചാരങ്ങളുണ്ടാകാമെന്നും‌ ചിന്തിക്കുന്നത്‌ കുറെക്കൂടി മനുഷ്യത്വപരമാവില്ലേ?

സ്വവര്‍‌ഗ്ഗരതിക്കാരുടെയിടയിലെ രതിക്രിയകളെ കുറിച്ചു ചോദിക്കാതെ അവര്‍‌ക്കിടയില്‍‌ പ്രണയങ്ങള്‍‌ എങ്ങനെയുണ്ടാകുന്നു എന്നു കാപ്പിലാന്‍‌ ‌ ചോദിച്ചിരുന്നെങ്കില്‍‌ എന്നു ആശിച്ചൂപോകുന്നു.

പ്രത്യൂത്പാദനം‌ എന്ന സാധ്യതക്കപ്പുറത്ത്‌ വളരെ സങ്കീര്‍‌ണ്ണമായ ലൈം‌ഗികതയുണ്ടെന്നു മനസ്സിലാക്കാതെ, തിരിച്ചറിയാതെ അതിനെ അധിക്ഷേപിക്കുന്നത് ആശാസ്യമായി തോന്നുന്നില്ല. അതിലൊന്നു മാത്രമാണ് സ്വവര്‍‌ഗ്ഗരതി.

സ്വവര്‍‌ഗ്ഗരതിക്കാരുടെയിടയിലെ പ്രണയത്തിനു എതിര്‍‌ലിം‌ഗസ്‌നേഹികളുടെ പ്രണയത്തേക്കാള്‍‌ ജനാധിപത്യസ്വഭാവമുണ്ട്. സമത്വത്തിന്റെ ആശയത്തില്‍‌ അധിഷ്ഠിതമായ് ഒരു ബന്ധമാണ് സ്വ്വവര്‍‌ഗ്ഗരതിക്കാരുടെയിടയിലെ പ്രണയത്തിനുള്ളത്. ഈ പ്രണയത്തില്‍‌ ഇണകള്‍ക്ക്‌ ഒരേതരം‌ ചുമതലകളും‌ അവകാശങ്ങളുമുണ്ട്. ബലാത്കാരത്തിന്റെയോ അതിക്രമത്തിന്റെയോ അടിപ്പെടുത്തലിന്റെയോ, അടിമയാക്കുന്നതിന്റെയോ അഭാവം‌ ഇവരിലെ പ്രണയത്തെ കൂടുതല്‍‌ തെളിമയുണ്ടാക്കുന്നുണ്ട്. ആണ്‍‌പെണ്‍‌ പ്രണയത്തിലും‌ ബന്ധത്തിലും‌ ഈ ഒരു സമത്വാധിഷ്ഠിതമായ ശരികള്‍ എത്രത്തോളം ശരിയാകുന്നുണ്ട്?

സ്വവര്‍‌ഗ്ഗരതിയെക്കുറിച്ചുള്ള എന്റെ ഒരു പഴയ പോസ്റ്റില്‍‌ നിന്നും‌ ഇത് ഇവിടെ എടുത്തെഴുതുന്നു.
.....
പ്രകൃതിയും ശരീരവും സംഗമിക്കുന്ന വളരെയേറെ ജൈവസാന്നിധ്യമുള്ള ഒരു രാഗം പരമ്പരാഗത സാമൂഹ്യശീലത്തിന്‌ വിരുദ്ധമാണെന്നാണ്‌ ലോകത്തെങ്ങും കരുതപ്പെടുന്നത്. ആണും പെണ്ണും തമ്മിലുള്ള കേവല ശാരീരിക സംഗമമാണ്‌ ലൈംഗികത എന്ന അറിവാണ്‌ ഭൂരിപക്ഷ ഭാരതീയനുമുള്ളത്‌. ഉപബോധമനസ്സില്‍ ഉറങ്ങിക്കിടക്കുന്നതോ സ്വബോധത്തോടെ അന്യരോട്‌ പറയാന്‍ മടിക്കുന്നതോ ആയ ലൈംഗികതയുടെ ഉന്‍മത്തഭാവങ്ങളെ എങ്ങിനെ സ്വാംശീകരിക്കുന്നു എന്നതിന്‍റെ അടിസ്ഥാനത്തിലല്ല പലപ്പോഴും ഇതിന്‍റെ സമവാക്യം നിര്‍ണ്ണയിക്കപ്പെട്ടിട്ടുള്ളത്‌.
കിടക്കറകളിലെ അരാജകത്വം പുറംലോകമറിയാതിരിക്കാന്‍, എന്തിനേറെ തന്‍റെ ഇണപോലും അറിയാതിരിക്കാന്‍ പുരുഷനും സ്ത്രീയും മനസ്സിലടക്കി നിര്‍ത്തിയിരിക്കുന്ന 'ഫാന്‍റ്റസി' കളിലാണ്‌ യഥാര്‍ത്ഥ ലൈംഗികത കുടിയിരിക്കുന്നത്‌. ഇത്തരം അടക്കിവെക്കലുകളുടെ സമ്മര്‍ദ്ദമാണ്‌ ലോകത്തെവിടെയും ലൈംഗിക അരാജകത്വം ഉണ്ടാക്കുന്നതും.
'മാന്‍ ഈസ്‌ എസ്സെന്‍ഷ്വലി ബൈസെക്ഷ്വല്‍' എന്ന ശാസ്ത്രീയ പ്രഖ്യാപനത്തിലൂടെ എല്ല പുരുഷനിലും സ്വവര്‍ഗ്ഗാനുരാഗത്തിന്‍റെ ബീജം ഉറങ്ങുന്നുണ്ടെന്ന്‌ വിശ്വപ്രസിദ്ധ മന:ശാസ്ത്രവിശാരദന്‍ സിഗ്‌മണ്ട്‌ ഫ്രോയ്‌ഡ് കണ്ടെത്തി. സ്വകാര്യത രഹസ്യമായി സൂക്ഷിക്കുമെന്ന്‌ പരസ്പരവിശ്വാസമുള്ള സുഹൃത്തുക്കള്‍ക്കിടയില്‍ അനുകൂലസാഹചര്യം കൂടെയുണ്ടെങ്കില്‍ ലൈംഗികാകര്‍ഷണം ഉടലെടുക്കുമെന്ന പ്രപഞ്ച സത്യമാണ്‌ ഇതിലൂടെ ഫ്രോയ്‌ഡ് വെളിപ്പെടുത്തിയത്‌. സ്വവര്‍ഗ്ഗരതിക്കാരുടെ ലൈംഗികാകര്‍ഷണത്തിന്‍റെ ബീജാവാപം നടക്കുന്നത്‌ ഇത്തരമൊരു അനുകൂലസാഹചര്യത്തിലാണെന്നതാണ്‌ അനുഭവസാക്ഷ്യങ്ങള്‍ തുറന്നുകാട്ടുന്നതും.
തായ്‌വാനീസ്‌ അമേരിക്കനായ ആംഗ്‌ ലീ സംവിധാനം ചെയ്ത 'ബ്രോക്ക്‌ ബാക്ക്‌ മൌണ്ട്വയ്‌ന്‍' എന്ന അമേരിക്കന്‍ ചലച്ചിത്രം ഇത്തരം ഒരു അനുകൂലസാഹചര്യത്തില്‍ രണ്ടു പുരുഷന്‍മാര്‍ക്കിടയില്‍ ഉടലെടുക്കുന്ന തീവ്രമായ ഒരു പ്രണയത്തിന്‍റെ കഥ പറയുന്നുണ്ട്‌. ആനി പ്രോളക്‌സിന്‍റെ ചെറുകഥയെ ആസ്പദമാക്കി നിര്‍മ്മിച്ച ഈ ചിത്രം എട്ടില്‍പരം അക്കാദമി അവാര്‍ഡുകള്‍ വാരിക്കൂട്ടിയത്‌ അതിന്‍റെ പ്രമേയ ചാരുതകൊണ്ടായിരുന്നു.
..........

സ്വവര്‍‌ഗ്ഗപ്രണയത്തിലെ പ്രകൃതിവിരുദ്ധത കാണുന്നവര്‍‌ ആണ്‍‌-പെണ്‍‌ ബന്ധങ്ങളിലെ പ്രകൃതിവിരുദ്ധത കാണുന്നില്ലേ ചുറ്റും‌? സ്വന്തം മകളെ ബലാത്കാരം‌ ചെയ്ത്‌ ഗര്‍‌ഭിണിയാക്കുന്ന അച്ഛന്‍‌, നാലാം‌ക്ലാസ്സിലെ കുട്ടിയ മാനഭം‌ഗം‌ ചെയ്യാന്‍‌ ശ്രമിക്കുന്ന മദ്ധ്യവയസ്‌കന്‍‌.. 80 കാരിയെ ബലാത്കാരം‌ ചെയ്യുന്ന ചെറുപ്പക്കാരന്‍‌..ഇതിലൊന്നും‌ പ്രകൃതിവിരുദ്ധത ആരോപിക്കപ്പെടാതെ പോകുന്നതെന്തേ?

കൃഷ്‌ണ.തൃഷ്‌ണ said...

tt

കിഷോർ‍:Kishor said...

പോസ്റ്റിനു നന്ദി കൃഷ്ണ...

കാപ്പിലാനെപ്പോലുള്ളവരുടെ ബോധവല്‍ക്കരണത്തിനായാണ് ഞാന്‍ ഇത്തരം വിഷയങ്ങളെക്കുറിച്ച് ബ്ലോഗുന്നത്. സ്വവര്‍ഗലൈഗികത എന്നത് ജനനാലുള്ള, മാറ്റാന്‍ പറ്റാത്ത, ഒരു മാനസിക പ്രതിഭാസമാണ്. എന്നാല്‍ ബോധവല്‍ക്കരത്തിലൂടെ കാപ്പിലാനെപ്പോലുള്ളവരുടെ അസഹിഷ്ണുതയും അജ്ഞതയും മാറ്റിയെടുക്കാം.

കാപ്പിലാന്‍, സ്വവര്‍ഗലൈഗികതയെക്കുറിച്ച് ഞാനും അനില്‍@ബ്ലോഗും തമ്മിലുള്ള സംവാദം നിങ്ങളെപ്പോലുള്ളവര്‍ തീര്‍ച്ചയായും വായിച്ചിരിക്കണം. സംവാദത്തില്‍ അസഭ്യപദങ്ങള്‍ കലരാതിരിക്കാന്‍ ശ്രീ അനില്‍ ശ്രദ്ധിച്ചതിനു പ്രത്യേകം നന്ദി പറയട്ടെ.

അനിലുമായുള്ള സംവാദം ഇവിടെ.

കൂടുതല്‍ ചര്‍ച്ചകള്‍ക്ക് ഈ രണ്ടു ബ്ലോഗുകള്‍:
കേരളത്തിലെ ഇരട്ട ആത്മഹത്യകള്‍

സ്വവര്‍ഗപ്രണയ സിനിമയായ ‘സഞ്ചാരം’

t.k. formerly known as thomman said...

കിഷോര്‍,
തിരഞ്ഞെടുപ്പുകാലത്ത് ഒബാമ സ്വവര്‍‌ഗ്ഗക്കാരെ ഒരു കൈയകലത്ത് നിര്‍ത്തിയത് മറക്കേണ്ട. പ്രത്യേകിച്ച് സാന്‍ ഫ്രാന്‍‌സിസ്ക്കോ മേയര്‍ ഗാവിന്‍ ന്യൂസമിനെപ്പോലെ സ്വവര്‍ഗ്ഗരതിക്കാരുടെ അവകാശങ്ങള്‍ക്ക് വേണ്ടി ശക്തിയായി വാദിക്കുന്നവരെ.

അതുപോലെ സ്വവര്‍ഗ്ഗരതിക്കാര്‍ തമ്മിലുള്ള സിവില്‍ യൂണിയനെ മാത്രമേ അദ്ദേഹം പിന്തുണക്കുന്നുള്ളൂ എന്നാണ് എനിക്ക് തോന്നുന്നത്.

കിഷോർ‍:Kishor said...

തൊമ്മന്‍,
കമന്റിനു നന്ദി. വളരെ pro-gay ആ‍യ ഡെമോക്രാറ്റിക് പാര്‍ട്ടിയില്‍ പോലും എതിര്‍വര്‍ഗപ്രണയികളുടേതിനു തുല്യമായ വിവാഹത്തെ സ്വവര്‍ഗപ്രണയികള്‍ക്കായി ഒരു പ്രസിഡന്‍‌ഷ്യല്‍ സ്ഥാനാര്‍ത്ഥിയും (ഹില്ലാരി പോലും) പരസ്യമായി പിന്തുണക്കുന്നില്ല. ഒബാമ തുല്യ-വിവഹത്തെ (equal-marriage)പരസ്യമായി പിന്തുണച്ചിരുന്നാല്‍ മധ്യ-അമേരിക്കയില്‍ അദ്ദേഹത്തിനു ഇത്ര വന്‍പിച്ച വിജയം കിട്ടുമായിരുന്നെന്നു തോന്നുന്നില്ല. അതില്‍ ഞാന്‍ ഒബാമയെ കുറ്റപ്പെടുത്തുന്നുമില്ല.

ഗാവിന്‍ ന്യൂസം സ്വ്വര്‍ഗപ്രണയിയല്ല. അദ്ദേഹത്തിന്റെ പ്രതിഛായ വ്യക്തിജീവിതത്തിലെ തകരാറിനാല്‍ ഈയിടെ അത്ര നല്ലതല്ല. ഗാവിന്‍ ഒരിക്കലും ഒബാമയുടെ ഇഷ്ടവലയത്തിലുള്ള ആളുമായിരുന്നില്ല.

Anonymous said...

മനുഷ്യരെ മനുഷ്യരാക്കുന്നത്
മനുഷ്യത്വമാണ് ..എന്താ മനുഷ്യത്വം ..?
സ്വന്തം ഇഷ്ടത്തിനും അഭിപ്രായത്തിനും തീ കൊളുത്തീ ചുട്ടിട്ട് - വല്ലവരും എന്തു പറയും എന്ന് കരുതി ഇഷ്ടമില്ലത്ത അവളെ [അവനെ ]മറ്റുള്ളവര്‍ക്ക് വേണ്ടി കെട്ടുക?
രണ്ട് വിത്യസ്ത കാഴച്ചപ്പാട് രണ്ട് ധ്രുവത്തിന്റെ ഒരിക്കലും പൂരിതമാവില്ലന്ന് അറിഞ്ഞും ..
ഒരു തരം നിസ്സംഗതയോടെ ..
അതൊക്കെ പോകട്ടെ, പറഞ്ഞാല്‍ നീണ്ടുപോകും അതിലേയ്ക്ക് പിന്നെ വരാം...

സ്വവര്‍ഗ്ഗഅനുരാഗി :
നിങ്ങളില്‍ ആരെങ്കിലൂം എന്നെങ്കിലും സ്വവര്‍ഗഅനുരാഗി ആയിരുന്നിട്ടൂണ്ടോ?
നേരിട്ട് അനുഭവിച്ചിട്ടുണ്ടോ?
അതോരിക്കലും ഒരു രതിയല്ല..
അതിലെ പ്രധാന ആകര്‍ഷണം ഒരാള്‍ക്ക് മറ്റൊരാള്‍ കൊടുക്കുന്ന മാനസ്സീകമായ സപ്പൊറ്ട്ട് ആണ് ..

ആ സ്പ്പൊറ്ട്ട് കൊണ്ട് ആത്മഹത്യയില്‍ നിന്ന് വിഷാദത്തില്‍ നിന്ന് ഒക്കെ കരകയറിയിട്ടുണ്ട്,
എന്റെ തലയിലെ ചുമടിന്റെ ഭാരം എന്റെ ശരീര ബലവും ബലഹീനതയും എന്റെ കഴിവും കഴിവുകേടും ഉള്ള മറ്റൊരാ‍ള്‍ക്കേ മനസ്സില്ലാവു
അല്ലത്തവര്‍ ‘ഓ അതാണൊ എത്ര നിസ്സാരം’ എന്ന് പറയുമ്പോള്‍ നുറുങ്ങുന്നത് മനസ്സാണ്-വ്യക്തിത്വമാണ്.

മക്കളെ കൊണ്ട് പോയി കോണ്‍വന്റ് ബോര്‍ഡിങ്ങ് ,ഊട്ടി റെസിഡെന്‍ഷ്യല്‍,
ഒക്കെ നിര്‍ത്തുന്നത്,ഒരു പ്രസ്റ്റീജ് അയിട്ടാ പേരന്റ്സ് വിളമ്പുന്നത് .മക്കള്‍, ഏകാന്തയിലും വെറി പിടിച്ച വാര്‍‌ഡന്മാരുടേയും കീഴില്‍ വല്ലാത്ത മാനസീക സംഘര്‍‌ഷം ആണനുഭവിക്കുന്നത് ..
ഒരു വശത്തു മാതാപിതാക്കളുടെ പ്രതീക്ഷക്ക് ഒത്ത് ഉയരാന്‍ ഉള്ള ശ്രമം മറുവശത്ത് സ്വന്തം ഇഷ്ടാനുഷ്ടം എല്ലാം വിത്യസ്തം,ഭക്ഷണം- ഉറക്കം -വസ്ത്രധാരണം -കൂട്ടുകാര്‍ - തുടങ്ങി എല്ലാം നഷ്ടപ്പെടുന്ന വ്യഥ .

എന്തിന്? അന്ന് വരെ പറയുന്ന ‌ഭാഷ പോലും മറ്റോരാളുടെ ചിട്ടക്കൊത്ത് മാറ്റണം. ചുരുക്കത്തില്‍ വ്യക്തിത്വ വളര്‍ച്ച അല്ല മോള്‍ഡിങ്ങ് ആണ്, മറ്റാരോ നിശ്ചയിച്ച ഷേപ്പില്‍ .. വല്ലാത്ത വീര്‍പ്പുമുട്ടല്‍ തന്നെയാണത് പ്രായത്തില്‍ 9 മണിയുടെ ‘മണി’ഡ്രസ്സ് മാറി ഉറങ്ങു . ഉറക്കം വന്നിട്ടല്ല.ലൈറ്റ് അണയുന്നു..

അന്നു കാലത്തെ കിട്ടിയ പണിഷ്‌മെന്റ് മുതല്‍ ആ കിടപ്പില്‍ വരും .ചിലപ്പോള്‍ അമ്മയേ/ അച്ഛനെ/ അമ്മുമ്മയെ / ഒക്കെ ഓര്‍ത്താവും തേങ്ങി കരയുന്നത്, അടുത്ത ബെഡിലേ കുട്ടി എണീറ്റ് വന്ന് ആശ്വസിപ്പിക്കാന്‍ വാക്കുകള്‍ ഉപയോഗിക്കാന്‍ പറ്റില്ലാ .പിന്‍ഡ്രോപ്പ് സയലന്റ്സ് ആണ് .
വാച്ചിങ് മോണിട്ടറ്മാരുണ്ട് ..
എന്നാലും ഒരു മനസ്സു കാണും ആകെ ചെയ്യുന്നത് വന്ന കെട്ടി പിടിച്ച് കൂടെ ഇരിക്കുകയോ ഒന്നു തലോടുകയോ ആവാം ...ആ‍ ആശ്വാസം അതു വിവരിക്കാന്‍ ആവില്ല പിന്നെ മിണ്ടാന്‍ അനുവാദമുള്ള നേരത്താവും എന്തിനാ കുട്ടി കരഞ്ഞത് എന്ന് ചോദിക്കുന്നത് .ഒരു പക്ഷെ ആദ്യമായി മനസ്സു തുറക്കും..ചിലപ്പോള്‍ ഒന്നും മിണ്ടാതെ പോകും .. വിണ്ടും ഇതു തുടരും .. പിന്നെ ആവും പയ്യെ പയ്യെ അടുക്കുക വിഷമിച്ചിരിക്കുമ്പോള്‍ ഒരു തലോടല്‍ ഒരു ആലിഗനം ഒരുമ്മ .അതിന്റെ ശക്തി ആശ്വാസം ആ ബലത്തില്‍ പിന്നെ മുന്നൊട്ട് .. അവിടെ മുന്‍‌തൂക്കം ലൈഗീകമല്ലാ എന്നാല്‍ പലപ്പൊഴും കെട്ടിപിടിക്കും ഉമ്മവയ്ക്കും സ്നേഹം പ്രകടിപ്പിക്കുന്നത് പിന്നെ എങ്ങനെയാ?
സ്പീഡില്‍ നോട്ട് എണ്ണിക്കാണിച്ചിട്ടോ?

ഏകാന്തത, ഉറ്റവരുടെ അടുക്കല്‍ നിന്ന് പറിച്ചെറിയല്‍ ,കുട്ടികള്‍ സ്കൂളില്‍ നിന്ന് വരുമ്പോള്‍ ശൂന്യമായ വീട്, വഴക്കിടുന്ന അച്ഛനമ്മമാര്‍ ...
ഇതെന്റെ ഒക്കെ ബൈ പ്രോഡകറ്റാണ് സ്വവര്‍ഗത്തേ തേടി കണ്ടു പിടിക്കുന്നവര്‍... അനുരാഗം പ്രണയം രതി എന്നു വേണ്ടാ സ്നേഹപ്രകടനത്തിനു ഏതോക്കെ മാര്‍ഗം ആവാം, അതൊക്കെ നിലവില്‍ വരും...

പരസ്പരം എടുക്കുന്ന ഒരു പ്രതിഞ്ജയുണ്ട് --
നിന്നെ ഒരിക്കലും ഞാന്‍ വേദനിപ്പിക്കില്ല എന്തും ഷെയര്‍ ചെയ്യാന്‍ എന്നും ഉണ്ടാവും നിന്റെ മുന്നില്‍ ഞാന്‍ നടക്കില്ല നിന്റെ പിന്നിലും ആവില്ല എന്നും ഒപ്പം ഉണ്ടാവും എന്ന്--

.. ശരിയായ സപ്പോര്‍ട്ട് ഇതല്ലേ ? തെറ്റ് എന്ന് പറയാന്‍ മറ്റുള്ളവര്‍ക്ക് എന്തധികാരം..
ഇവിടെ രണ്ടില്‍ ഒരാള്‍ക്ക് ശക്തി തെളിയിക്കണ്ട.

കാപ്പിലാന്‍ പാര്‍ക്കില്‍ കണ്ടതും കാണാത്തതും
... ഇനിയും ഉണ്ട്... ..

കിഷോർ‍:Kishor said...

അനോണി, കമന്റിനു നന്ദി.

കുട്ടിക്കാലത്തെ ഏകാന്തതയും മാതാപിതാക്കള്‍ തമ്മിലുള്ള പ്രശ്നങ്ങളുമാണ് സ്വര്‍ഗലൈംഗികതക്കു കാരണം എന്ന അഭിപ്രായത്തോട് ഞാന്‍ പൂര്‍ണ്ണമായും വിയോജിക്കുന്നു. കാരണം അത്തരം ചുറ്റുപാടില്‍ ജനിച്ചുവളരുന്ന ഭൂരിപക്ഷവും സ്വവര്‍ഗപ്രണയികളായിത്തീരുന്നില്ല എന്നതു തന്നെ.

ഭൂരിപക്ഷെവും വലംകയ്യന്മാരായി ജനിക്കുമ്പോള്‍ ഒരു ന്യൂനപക്ഷം ഇടംകൈയന്മാരായിത്തീരുന്നത് എന്തുകൊണ്ടാണ്? സ്വവര്‍ഗലൈംഗികതയും അത്തരമൊരു ജൈവമായ മാനസിക വ്യതിയാനമാണെന്ന സിദ്ധാന്തത്തോടാണ് എനിക്കു യോജിപ്പ്. ഏകാന്തതയും ബോര്‍‌ഡിഗ് സ്കൂളും വീട്ടിലെപ്രശ്നങ്ങളുമൊക്കെ അത് പ്രകടിപ്പിക്കാനുള്ള സാഹചര്യം ഒരുക്കിക്കൊടുത്തിരിക്കം. അത്രമാത്രം.

കൊച്ചുത്രേസ്യ said...

കിഷോർ ഈ പോസ്റ്റ്‌ നന്നായി. സ്വവർഗപ്രണയികളെ വിചിത്രജീവികളും കോമാളികളുമൊക്കെയായി കാണാതെ അവരെ സമൂഹത്തിന്റെ ഒരു ഭാഗമായി തന്നെ അംഗീകരിക്കാൻ ഇതൊരു തുടക്കമാവട്ടെ എന്നു പ്രത്യാശിക്കാം.
കൃഷ്ണ-തൃഷ്ണയുടെ കമന്റിന്‌ 100 മാർക്ക്‌..

Unknown said...

സ്വവർഗ്ഗ പ്രണയം എന്തു തന്നെയായാലും നല്ലതാണെന്നുള്ള അഭിപ്രായം എനിക്കില്ല,അതുകൊണ്ട് തന്നെ ഉബാമയുടെ നിലപ്പാടിന് അഭിപ്രായവുമില്ല

കിഷോർ‍:Kishor said...

കൊച്ചുത്രേസ്യേ, ഇതു വഴി വന്നതിനു ‘റോമ്പ താങ്ക്സ്’. അതെ എന്നെപ്പോലുള്ളവര്‍ക്ക് പ്രത്യാശയല്ലാതെ വേറോരു വഴിയുമില്ല.

അനൂപ്, മനപൂര്‍വ്വം ആരും സ്വവര്‍ഗപ്രണയികളായി മാറുന്നില്ല. ഒരു ന്യൂനപക്ഷമായിത്തീരുന്നത് ഒരുവര്‍ക്കും നല്ലതല്ല. പക്ഷെ ചിലര്‍ അങ്ങനെയാണെന്ന് സത്യത്തെ സമൂഹം അംഗീകരിച്ചേ പറ്റു.

കനല്‍ said...

സ്വവര്‍ഗ്ഗപ്രണയം നല്ലതല്ല അത് പ്രോത്സാഹിപ്പിക്കുകയും അരുത്. പക്ഷേ ഒരു വൈകല്യമായി അല്ലെങ്കില്‍ അനോണികമന്റില്‍ പറഞ്ഞതുപോലെയുള്ള ഒരു സാ‍ഹചര്യത്തില്‍
ചില വ്യക്തികളില്‍ അത് ഉടലെടുത്തുവെങ്കില്‍
അവരെ അകറ്റിനിര്‍ത്തി അവഹേളിക്കുന്നത് ശരിയാണോ?
ആ വൈകല്യത്തെ ചികിത്സിച്ചു മാറ്റിയെടുക്കാന്‍ കഴിയുമെങ്കില്‍ അത് നിര്‍വ്വഹിക്കുക. അല്ലെങ്കില്‍ അവരെ അകറ്റി നിര്‍ത്താതെ അവരുടെ വഴിക്കു വിടുകയല്ലേ വേണ്ടത്.

കിഷോർ‍:Kishor said...

കനല്‍, പ്രണയം ഒരു രോഗമോ വൈകല്യമോ അല്ല. അതിനാല്‍ തന്നെ സ്വവര്‍ഗപ്രണയത്തെ ചികിത്സിച്ചു മാറ്റാന്‍ ഒരുവനും കഴിയില്ല.

ഗൗരിനാഥന്‍ said...

എന്തിനാണ് മനുഷ്യരിങ്ങനെ വാശി പിടിക്കുന്നതെന്നു എനിക്ക് മനസ്സിലാകാറില്ല..ഭൂരിപക്ഷം ചെയ്യുന്നത് മാത്രമാണോ ശരി..സ്വവര്‍ഗ്ഗാനുരാഗികള്‍ സമൂഹത്തിന്റെ, ഭാഗമാണ്, അവരെ ബഹുമാനിക്കുകയും, അവരുടെ വേവലാതികളില്‍ സപ്പോര്‍ട്ട് ചെയ്യുകയുമാണ് ചെയ്യേണ്ടത്. ഈ ഭൂരിപക്ഷത്തിനും സമൂഹത്തിനും വേണ്ടി അവര്‍ ബലിയാടാക്കുന്നതിനോട് എനിക്ക് യോജിക്കാനാകില്ല. പ്രണയത്തിന്റെ ശക്തമായ ഒഴുക്ക് തന്നെയാണ് അവരിലും കാണുന്നത്.. കേരളത്തില്‍ ആണ്‍കുട്ടികളെ വേട്ടയാടി പിടിച്ച് ലൈഗിക ആവശ്യം നിറവേറ്റുന്നവരെ ഞാനീ ലിസ്റ്റില്‍ ഉള്‍പെടുത്തിയിട്ടില്ല എന്ന് പ്രത്യേകം പറയട്ടെ..കിഷോര്‍ വീണ്ടും ശക്തമായി പ്രത്യാശയോടെ പോസ്റ്റുകള്‍ ഇടൂ..മാറ്റം കടന്ന് വരാതിരിക്കില്ല

കിഷോർ‍:Kishor said...

ഗൌരീനാഥൻ, കമന്റിനു നന്ദി.

നിങ്ങൾ പറഞ്ഞ പോലെ ബാലലൈഗിക പീഠനം എതിർവർഗലൈഗികതയിലും സ്വവർഗലൈംഗികതയിലും നടക്കുന്ന കുറ്റകൃത്യമാണ്. എന്ന് വച്ച് എല്ലാ ആൺ-പെൺ ബന്ധത്തെയും നമ്മൾ അങ്ങനെ കാണാറില്ലല്ലോ.