പേരുകേട്ട ഭരതനാട്യ നര്‍ത്തകരും ഗുരുക്കളുമായ ധനഞ്ജയന്മാര് (ധനഞ്ജയന് - ശാന്ത ദമ്പതികള്‍ ) “ഭക്തി മാര്‍ഗം” എന്ന നൃത്തപരിപാടിയുമായി ഈ മാസം അമേരിക്കയില്‍ ‘വിടവാങ്ങല്‍ പര്യടനം‘(farewell tour) നടത്തുകയാണ്. ഇന്നലെ ബോസ്റ്റണിലായിരുന്നു അവര്‍ രണ്ടു ശിഷ്യകളോടു കൂടി “ഭക്തി മാര്‍ഗം” അവതരിപ്പിച്ചത്. അങ്ങനെ പുകള്‍പെറ്റ ധനഞ്ജയന്മാരുടെ നൃത്തം ആദ്യമായി നേരിട്ടു കാണാനുള്ള അവസരം ലഭിച്ചു. കണ്ണൂരിലെ പയ്യന്നൂരില്‍ ജനിച്ചു വളര്‍ന്ന മലയാളിയായ ധനഞ്ജയന് കലാക്ഷേത്രയിലെ പഠനത്തിനു ശേഷം മദിരാശിയില്‍ ഭരതകലാഞ്ജലി എന്ന നൃത്തവിദ്യാലയം സ്ഥാപിച്ചു ഭാര്യയോടൊപ്പം തന്റെ കലാസപര്യ തുടരുന്നു.
                  Image courtesy : www.thinkquest.org
70 വയസ്സിലും ശ്രീ ധനഞ്ജയന് തന്റെ നൃത്തത്തിനു ചടുലത കുറഞ്ഞിട്ടില്ല എന്നു തെളിയിച്ചു. പ്രായക്കൂടുതല്‍ കൊണ്ടാകാം, അരമണ്ടി / അര്‍ദ്ധമണ്ഡലി വേണ്ടത്ര ഉണ്ടായിരുന്നില്ല എന്ന ഒരു കുറ്റം വേണമെങ്കില്‍ പറയാം. മുഖാഭിനയത്തിനു പ്രാധാന്യമുള്ള ഇനങ്ങളിലായിരുന്നു ധനഞ്ജയന് ശരിക്കും തിളങ്ങിയത്. ശ്രീരാമപട്ടാഭിഷേകത്തിലെ പുത്രനെ കാട്ടിലയക്കേണ്ടി വന്ന ദശരഥന്റെ ധര്‍മ്മസങ്കടവും നന്തനാര്‍ ചരിതത്തിലെ തന്റെ ഇഷ്ടദൈവമായ ശിവനെ കാണാന്‍ അമ്പലത്തില്‍ പ്രവേശിക്കാന്‍ അനുവാദമില്ലാത്ത ‘താഴ്ന്ന’ജാതിക്കാരന്റെ ദൈന്യതയും ധനഞ്ജയന് കൃത്യതയോടെ വരച്ചു കാട്ടി.
പരിപാടികളുടെ സംഗ്രഹം:
1. നാട്യാഞ്ജലി - സഭാ വന്ദനം
2. ശ്രീരാമ പട്ടാഭിഷേക ഭംഗം - ദശരഥന് , കൈകേയി, മന്ഥര
3. മയില്‍വാഹനാ - സുബ്രഹ്മണ്യ കീര്‍ത്തനം, മോഹന രാഗം
4. വരുകലാമോ അയ്യ - നന്ദനാര്‍ ചരിതം
5. അഷ്ടപദി - ദേശ് രാഗം
6. തില്ലാന - ബിഹാഗ് രാഗം
7. മംഗളം
പുരുഷന്മാര് ശാസ്ത്രീയ നൃത്തം (നൃത്ത-നാട്യ-നാടകങ്ങളായ കഥകളിയേയും കൂടിയാട്ടത്തെയും തുള്ളലിനേയും ഞാന്‍ മന:പൂര്‍വം ഒഴിവാക്കുന്നു) ഒരു തൊഴിലായി സ്വീകരിക്കുന്നത് വളരെ വിരളമാണ്. കേരളത്തിലെ മിക്ക ആണ് കുട്ടികളുടേയും നൃത്തപരിശീലനം ഹൈസ്കൂള്‍ യുവജനോത്സവത്തിലെ തട്ടിക്കൂട്ടിയ പ്രകടനത്തോടെ അവസാനിക്കുന്നതാണ് കാണുന്നത്. എന്നാല്‍ ശാസ്ത്രീയ സംഗീതത്തില്‍ ഇങ്ങനെയുള്ള ലിംഗപരമായ അസന്തുലിതാവസ്ഥ കാണുന്നില്ല. സ്ത്രീകള്‍ തിളങ്ങി നില്ക്കുന്ന നൃത്തമേഖലയില്‍ കടന്നു വരാന്‍ ജന്മവാസനയും താല്പര്യവുമുള്ള പുരുഷന്മാര് പോലും മടിക്കുന്നു (പേടിക്കുന്നു?) എന്നാണ് എനിക്കു തോന്നുന്നത്. നൃത്തമെന്നാല്‍ സ്ത്രൈണതയുടെ പ്രകടനമാണെന്ന അബദ്ധധാരണ പലര്‍ക്കും ഉണ്ട്. നടന രാജനായ ദൈവം പുരുഷത്വത്തിന്റെ മൂര്‍ത്തീഭാവമായ ശിനവാണെന്നോര്‍ക്കുക. പൌരുഷം നിലനിര്‍ത്തിക്കൊണ്ടു തന്നെ ഭരതനാട്യത്തിലും കുച്ചിപ്പുഡിയിലും പുരുഷന്മാര്ക്ക് തങ്ങളുടെ വ്യക്തിത്വത്തിന് അനുയോജ്യമായ ഇനങ്ങള്‍ അവതരിപ്പിക്കുവാന്‍ കഴിയും. സദിര് എന്ന പേരിലറിയപ്പെട്ടിരുന്ന ദാസിയാട്ടത്തിനെ ഇന്ന് കാണുന്ന തരത്തിലുള്ള ഭരതനാട്യമായി ഉടച്ചുവാര്‍ത്തവരില്‍ മുന്‍ഗാമികള്‍ നാല് തഞ്ചാവൂര്‍ സഹോദരന്മാരായിരുന്നുവെന്നത് ശ്രദ്ധേയമാണ്. കേരളത്തിന്റെ മോഹിനിയാട്ടം അതിന്റെ പേര് സൂചിപ്പിക്കുന്നതു പോലെ സ്ത്രൈണമായ ലാസ്യഭാവങ്ങള്‍ക്ക് മുന്‍തൂക്കം കൊടുക്കുന്നതിനാല്‍ സ്ത്രീകള്‍ ചെയ്യുന്നതാണ് ഉചിതം എന്ന് തോന്നുന്നു.
ധനഞ്ജയന്റെ കാല്‍പ്പാടുകള്‍ പിന്തുടര്ന്ന് നൃത്തത്തെ സ്നേഹിക്കുകയും അത് തന്റെ പ്രൊഫഷനായി സ്വീകരിക്കുകയും ചെയ്ത മറ്റൊരു ധീരനായ കണ്ണൂര്ക്കാരന് നമുക്കുണ്ട്:- നഖക്ഷതങ്ങളിലൂടെ നായകനായി അരങ്ങേറ്റം കുറിച്ച സിനിമാനടന് വിനീത്.
Sunday, November 2, 2008
Subscribe to:
Post Comments (Atom)
42 comments:
പേരുകേട്ട ഭരതനാട്യ നര്‍ത്തകരും ഗുരുക്കളുമായ ധനഞ്ജയന്മാര് (ധനഞ്ജയന് - ശാന്ത ദമ്പതികള്‍ ) “ഭക്തി മാര്‍ഗം” എന്ന നൃത്തപരിപാടിയുമായി ഈ മാസം അമേരിക്കയില്‍ ‘വിടവാങ്ങല്‍ പര്യടനം‘(farewell tour) നടത്തുകയാണ്.
ആ നൃത്തപാടവം കാണാന്‍ കഴിഞ്ഞല്ലോ, ഭാഗ്യവാന്
വിനീതിന്റെ നടനത്തിന് നല്ല ഭംഗിയാണ്. അതുപോലെ മറ്റു ചിലരുടേയും. പക്ഷേ ലാസ്യഭാവങ്ങളും മറ്റും ചിലര്‍ ( ഭൂരിപക്ഷവും) കാട്ടിക്കൂട്ടുന്നത് കാണുമ്പോ സത്യമായും കൂവിപ്പോകും. അങ്ങനെയുള്ള ഗോഷ്ടികള്‍ കാരണമാണ് അതവര്‍ക്ക് ചേരാതെ പോകുന്നതും.
ഒരു വിടവാങ്ങലിന്റെ പ്രതീതി ഉണര്‍ത്തുന്നതല്ല ധനഞ്ജയ്ന്റെ പ്രകടനം. ഈ പ്രായത്തിലും ഊര്‍ജ്ജവും ചടുലതയും സംത്രാസമുണര്ത്തുന്ന ഭാവഹാവാദികളും അനായാസമായി ഉണര്‍ത്തിയെടുക്കുന്നു എന്നത് അദ്ഭുതാവഹമാണ്.
പലേ പരിപാടികള്‍ക്കും ശേഷം നെരില് കണ്ടു സംസാരിക്കാന്‍ ഭാഗ്യമുണ്ടായിട്ടുണ്ട്. ജാട തീരിയില്ലാത്ത പ്രകൃതം . പുഞ്ചിരിയോടെയേ സംസാരിക്കൂ.
‘ഭാസ്കര” എന്നൊരു നൃത്താവിദ്യാലയം പാലക്കാടടുത്തു തുടങ്ങിയിരുന്നു അദ്ദേഹം. മദ്രാസില്‍ നിന്നും ഭരതനാട്യത്തെ സ്വന്തം മണ്ണില്‍ പറിച്ചു നടാനുള്ള സ്വപ്നം. പക്ഷേ നമ്മള് മലയാളികള്‍ തീരെ അവഗണിച്ചു. ഭാസ്കര മിക്കവാറും ഒളി മങ്ങി അസ്തമനത്തിനു തയാറെടുക്കുന്നു.
സമ്മോഹനമായി അവതരിപ്പിക്കേണ്ട ഭരതനാട്യം അനുശീലനമാക്കിയാല് നൃത്തവേദിക്കു പുറത്തും സ്ത്രൈണതയൊടെ പെരുമാറേണ്ടി വരുമെന്ന് ഒരു ധാരണയുണ്ട്. ധനന്ജയനും സി. വി. ചന്ദ്രശേഖറുമൊക്കെ ഈ ധാരണ ശരിയല്ലെന്നു തെളിയിച്ചു.
അദ്ദേഹത്തിന്റെ നൃത്തപാടവം പലവുരി കാണാനുള്ള ഭാഗ്യം എനിക്കുണ്ടായിട്ടുണ്ട് .....
കേരളം അദ്ദേഹത്തെ അവഗണിച്ചത് പലരും പറഞ്ഞു കേട്ടിട്ടുണ്ട് .......
മലയാളിക്കു മമ്മൂട്ടിയും ലാലും മതി .............
ആ നൃത്തസപര്യ ഒരിക്കലും അവസാനിക്കല്ലേ ....... എന്ന് പ്രാര്‍ത്ഥിക്കുന്നു .........
ഭാഗ്യവാന്. നേരിട്ടു കണ്ടിട്ടില്ല പലയിടത്തും വായിച്ചിട്ടുണ്ട്.ഇങ്ങു കലാമണ്ഡലത്തിലേക്കങ്ങാന് വന്നാല്‍ ഞാന്‍ പിടിച്ചോളാം
"ധനഞ്ജയന്റെ കാല്‍പ്പാടുകള്‍ പിന്തുടര്ന്ന് നൃത്തത്തെ സ്നേഹിക്കുകയും അത് തന്റെ പ്രൊഫഷനായി സ്വീകരിക്കുകയും ചെയ്ത മറ്റൊരു ധീരനായ കണ്ണൂര്ക്കാരന് നമുക്കുണ്ട്: സിനിമാ നടനായ വിനീത്."
കിഷോര്‍ പറഞ്ഞത് അപ്പടി ശരി വയ്ക്കുന്നു. കഴിഞ്ഞയാഴ്ച്ച വിനീതിന്റെ ഒരു പ്രോഗ്രാം ഇവിടെ നേരിട്ടു കണ്ടു (ലക്ഷ്മി ഗോപാലസ്വാമിയോടൊപ്പം- ലാലേട്ടന്‍സ് ഷോ). വിനീത് വളരെ മനോഹരമായ് നൃത്തം ചെയ്യുന്നത് ഇപ്പോഴാണ് നേരിട്ടു കാണുന്നത്.
നല്ല പോസ്റ്റ് കിഷോര്‍. കൂടുതല്‍ അറിയാന്‍ കഴിഞ്ഞു.
കമന്റുകള്‍ക്ക് നന്ദി...
പ്രിയ, നൃത്തം എന്നത് ഒരു ആശയം / സംഭവം കാണികളിലേക്കെത്തിക്കുവാനുള്ള ദൃശ്യ മാധ്യമം മാത്രമാണ്. അതില്‍ സ്ത്രീ കഥാപാത്രങ്ങള്‍ ഉണ്ടാകുമ്പോള്‍ അതിനെയും സമ്പൂര്‍ണ്ണതയോടെ അവതരിപ്പിക്കുക എന്നത് കലാകാരന്റെ കടമയാണ്. ശോഭന രാവണനെ എത്ര ശക്തമായാണ് ‘മായാരാവണ്‍ “ നില് അവതരിപ്പിക്കുന്നതെന്ന് വായിക്കുക.
എതിരന്‍ , 70ലും ഇത്ര ചടുലമായി നൃത്തം ചെയ്യുമ്പോള്‍ വിടവാങ്ങേണ്ട ആവശ്യമേ ഇല്ല. നിങ്ങള്‍ പറഞ്ഞ പോലെ ചില നര്ത്തകന്മാര് നൃത്തവേദിക്കു പുറത്തും സ്ത്രൈണതയൊടെ പെരുമാറുമ്പോഴാണ് അത് മറ്റുള്ളവരില്‍ ചിരി ഉണര്‍ത്തുന്നത്! ചിലരില്‍ ഇത് ജൈവശാസ്ത്രപരമായ ലിംഗമാറ്റ (trans-gender) സവിശേഷതയാണ്; നൃത്ത പരിശീലനത്തിനാല് സംഭവിച്ചതാകാനിടയില്ല.
മല്ലു, കേരളം ധനഞ്ജയനെ തഴഞ്ഞതാകാനാണ് സാധ്യത! അദ്ദേഹം കണ്ണൂരിലും ഒരു നൃത്തവിദ്യാലയം നടത്തുന്നുണ്ട് എന്ന് വായിച്ചറിഞ്ഞു.
മഹി, കലാമണ്ഡലത്തില്‍ തീര്‍ച്ചയായും വരുമായിരിക്കും.
ശ്രീവല്ലഭന് , വിനീതിന്റെ മോഹന്‍ലാല്‍ ഷോയിലെ നൃത്തത്തെപ്പറ്റി ഞാന്‍ ഇവിടെ ബ്ലോഗിയിരുന്നു.
കൃഷ്ണ, കമന്റിനു റൊമ്പ താക്സണ്ണാ.. :-)
കുറെക്കാലം മുൻപ് വിദൂഷിയായ ഒരു ചേച്ചിയോട് ഞാനീ സംശയം ചോദിച്ചിരുന്നു-നൃത്തം ആണുങ്ങൾക്ക് ചേർന്ന കലയാണോ?
നടരാജപ്രതിമ ചൂണ്ടിക്കാണിച്ചതായിരുന്നു ഉത്തരം.
വേഷത്തിലും ഭാവത്തിലുമൊക്കെ സ്ത്രൈണത കലരാതെ ശ്രദ്ധിച്ചാൽ-നൃത്തം ചെയ്യുമ്പോഴും അല്ലാത്തപ്പോഴും-മതിയല്ലൊ,അല്ലേ?
കമലാഹാസന്റെ കാര്യം ആരും പറഞ്ഞില്ലല്ലൊ-സാഗരസംഗമം ഓർമ്മയില്ലെ? മേല്പ്പറഞ്ഞപോലെത്തന്നെ പൗരുഷത്തിൽ വെള്ളം ചേരാതെ ശ്രദ്ധിയ്ക്കുന്നുണ്ട് കമലും.
കിഷോര്‍,
എനിക്കു പിടിയില്ലാത്ത വിഷയം. എങ്കിലും ആണുങ്ങള് നൃത്തം ചെയ്യുന്നത് എനിക്കിഷ്ടമല്ല.
ധനഞ്ജയന്മാരോട് പലപ്രാവശ്യം കാണാനും സംവാദങ്ങളിലേർപ്പെടാനും കഴിഞ്ഞിട്ടുണ്ട്.വ്യത്യസ്തമായ നൃത്തധാരണകൾ-ചരിത്രത്തിന്റെ കാര്യത്തിലടക്കം പുലർത്തുന്ന അവർ നമ്മുടെ വലിയൊരു സമ്പത്താണ്.
പുരുഷന്മാർ നൃത്തം ചെയ്യുന്ന കഥക്കിനെ കിഷോർ മറന്നോ?
കണ്ണൂരിലായിരുന്നല്ലോ കതിരവാ ഭാസ്കര.പാലക്കാടിനടുത്ത് അങ്ങനെയൊന്നുണ്ടായതായീ അറിവില്ലല്ലോ.കണ്ണൂരിലെ കൈതപ്രത്തിനടുത്ത് തൃക്കുറ്റേരിക്കുന്നിന്റെ മുകളിൽ ധനഞ്ജയന്മാർ സ്ഥാപിച്ച ഭാസ്കരയിൽ അടുത്തിടെ പോയിരുന്നു-ആ സ്ഥാപനം അസ്തമനദശയിൽത്തന്ന്നെയാണ്.അവരുടെ വലിയൊരു സ്വപ്നത്തിന്റെ തകർച്ചയാണത്.
പുരുഷനർത്തകരിൽ ചെറിയൊരു ശതമാനത്തിനേ ഹോർമോൺ വ്യതിയാനമൊക്കെയുള്ളൂ.ബാക്കിയെല്ലാം കാട്ടിക്കൂട്ടലുകളാണെന്നാണ് എന്റെ അഭിപ്രായം.
കിഷോർ,
നല്ല പോസ്റ്റ്.ആശംസകൾ.
Sorry, Bhaskara is in KaNNoor, not near PaalakkaaT.
ഭൂമിപുത്രി, നിങ്ങള്‍ ചൂണ്ടിക്കാട്ടിയ നടരാജനായ ശിവന്റെ കാര്യം ഞാന്‍ പോസ്റ്റില്‍ തന്നെ ചേര്‍ത്തിട്ടുണ്ട്! ഈ പ്രധാനപ്പെട്ട പോയ്ന്റ് ചൂണ്ടിക്കണിച്ചതിന് നന്ദി.
അനില്‍ , സിനിമകളില്‍ പോലും പാട്ടു പാടിയും നൃത്തം ചെയ്തുമല്ലേ നായകന് നായികയെ വശീകരിക്കുന്നത്? :-) നൃത്തം ചെയ്യാത്ത നായകന് റോമാന്‍സ് ഡിപ്പാര്‍ട്ട്മെന്റില്‍ വളരെ വീക്കാണ്! 57 വയസ്സായ മുത്തച്ചന് മമ്മൂട്ടി പോലും അസഹ്യമായ നൃത്തപ്രകടനങ്ങള്‍ നടത്തുന്നു, മലയാള സിനിമയില്‍ .
വികടശിരോമണി, കമന്റിനു നന്ദി. ഭൂരിപക്ഷം ഗുരുക്കളും വനിതകളായതും, അവര്‍ ആണ്‍കുട്ടികള്‍ക്ക് പഠിപ്പിക്കുന്ന ഇനങ്ങള്‍ നായികയില്‍ അതിഷ്ഠിതമായതും ഇത്തരം അസ്ഥാനത്തുള്ള സ്ത്രൈണതക്കു കാരണമായിട്ടുണ്ടാകാം.
നമുക്കു വേണ്ടത് ധനഞ്ജയനെപ്പോലുള്ള ഗുരുക്കളാണ്. മണിച്ചിത്രത്താഴില്‍ രാമനാഥനായി വന്ന ശ്രീഥറും നല്ല ഒരു നര്‍ത്തകനാണ്.
ധനഞ്ജയന്മാഷ്ടെ നൃത്തം കാണാൻ മാത്രല്ല , ലക്ചർ ഡെമോൺസ്റ്റ്രേഷൻ അറ്റെൻഡ് ചെയ്യാനും ഭാഗ്യം കിട്ടീട്ട്ണ്ട്.
തുടക്കം തന്ന്നെ കഥകളിയിലായതോണ്ടാവാം മാഷ്ടെ മുഖാഭിനയം തന്നെയാണ് എന്നും മികച്ചു നിക്കണത്. കലാക്ഷേത്രടെ രാമായണത്തിലും മാഷ്ടെ ദശരഥൻ , മന്ഥര എന്നിവർ തന്നെ മുന്നിൽ.
പിന്നെ പുരുഷന്മാരും നൃത്തവും.
എനിക്ക് ഇവടെള്ളോരു പറഞ്ഞ മിക്ക കാര്യത്തിനോടും എതിർപ്പാണ്.
കേരളത്തിലെ പുരുഷനർത്തകരെ മാത്രം കണ്ടുകൊണ്ടുള്ള ഒരു അളക്കലാണ് അത് എന്ന് തോന്നുണു.
ആന്ധ്രപ്രദേശിന്റെ സ്വന്തം കൂച്ചിപ്പുടി പണ്ട് പുരുഷന്മാർ മാത്രം ചെയ്തിരുന്ന ഒരു നൃത്തരൂപമായിരുന്നു. സ്ത്രീകൾ പിന്നീടാണ് ഇതിലേയ്ക്ക് കടന്നൂ വന്നത്.പദ്മിനീീ നൃത്തം എന്ന് പുരുഷന്മാർ സ്ത്രീ വേഷം കെട്ടിയും അവിടെ ആടിയിരുന്നു. വേദാന്തം സത്യനാരായണ ശർമ്മ തുടങ്ങിയവർ സ്ത്രീവേഷത്തിലാടിയിരുന്ന ഭാമാകലാപം നേരിട്ട് കണ്ടിട്ടുണ്ട് ഞാൻ. എന്നാൽ വേദിയിൽ നിന്നിറങ്ങിയാൽ അശേഷം സ്ത്രൈണത ഇവരുടെനടപ്പിലോ എടുപ്പിലോ ഒട്ടില്ല താനും.
ഭാരതീയനൃത്തങ്ങളിൽ ലാസ്യം ഏറെയുള്ള ഒഡീസ്സിയുടെ പരമാചാര്യൻ കേളു ചരൺ മഹാപത്ര ആണെന്ന് മറക്കാമോ?
ഇന്ന് മോഹിനിയാട്ടത്തിൽ വരെ പുരുഷന്മാർ മോഹിനീവേഷം കെട്ടുന്നുണ്ട്.
വിനീത് സീനിമയിലൂടെ വന്നതുകൊണ്ടും ഗുരു പദ്മസുബ്രഹ്മണ്യത്തിന്റെ ശിഷ്യനായതുകൊണ്ടുംഏറെ പ്രശസ്തി നേടി എങ്കിലും അദ്ദേഹത്തിനേക്കാളും നന്നായി നൃത്തം ചെയ്യണ എത്രയോ ചെറുപ്പക്കാർ മദിരാശിയിലുണ്ട്. മലയാളികളും അവരിൽ ധാരാളം.
എം റ്റീ വാസുദേവൻ നായരുടെ മകൾ അശ്വതിയുടെ ഭർത്താവ് ശ്രീകാന്ത് ,തൃശ്ശൂർക്കാരൻ ഉണ്ണികൃഷ്ണൻ എന്നിവർ ഉദാഹരണങ്ങൾ. അതുപോലെ കിഷോറിന്റെ നാട്ടിൽ കുറച്ച് വര്ര്ഷങ്ങൾക്ക് മുൻപ് ലിവിംഗ് റ്റ്രീ എന്ന പ്രൊഡക്ഷനൂമായിവന്ന നരേന്ദ്ര .
ഗുരു വെമ്പട്ടി ചിന്ന സത്യത്തിന്റെ മകൻ രവിയുംന്നല്ലൊരു കൂചിപ്പുടി നർത്തകനാൻണ്.
സദിരാ , 76-ആം വയസ്സിലും ഗുരു ചന്ദ്രശേഖർ ആനന്ദഭൈരവി വർണ്ണം ചെയ്യന കണ്ട് ബോധം കെട്ടു വീണൂ ഈ നാൽപ്പത്തിരണ്ടുകാരി കിളവി.
ഹയ്യോ...വല്യേ ലിസ്റ്റാ...ഞാൻ നിർത്തീ.(ഇല്ലെങ്കി ഇപ്പപ്പോയി ഒരു പോസ്റ്റിടും)
പിന്ന്യെയ് ഭാസ്കര പയ്യന്നൂരാ.
മഹീ, കലാമണ്ഡലത്തിൽ മൂപ്പരും ശാന്തട്ടീച്ചറും വന്ന്ണ്ട് ട്ടോ. ഇത്തിരി മുൻപാന്ന് മാത്രം.
കമലാഹാസന്ന് ശാസ്ത്രീയ നൃത്തം ന്നും പറഞ്ഞ് കാട്ടീത്...ഹും അന്ന് മൂപ്പർ പൊട്ടക്കുളത്തിലെ പുളവനായിരുന്നു.(ഇയ്യോ കമൽ രസികർ മന്റ്രം മെംബർമാരേ മന്നിച്ചിടുങ്കോ)
കമൽനൃത്തത്തിലെ ശാസ്ത്രീയതയെപ്പറ്റി പറയാനുള്ള അറിവെനിയ്ക്കില്ല അചിന്ത്യ.സ്ത്രൈണത ഒട്ടുംതന്നെ കലരാതെയുള്ള ആ പ്രകടനമായിരുന്നു ഞാൻ ഉദ്ദേശ്യിച്ചത്
രണ്ടു വർഷങ്ങൾക്കുമുമ്പ്,അങ്ങാടിപ്പുറത്തുവെച്ചുനടന്ന കേരളത്തിലെ നർത്തകരുടെ ഒരു സമ്മേളനത്തിൽ പങ്കെടുക്കേണ്ടി വന്നതോർക്കുന്നു.ചുറ്റും സ്ത്രൈണമായ ഭാവവുമായി കുറേ ചെറുപ്പക്കാർ-വല്ലാത്ത ചെടിപ്പുതോന്നിയ അനുഭവമായിരുന്നു അത്.നാട്യത്തെക്കുറിച്ചുള്ള തെറ്റായ ഒരു ദർശനമാണ് നിങ്ങളെല്ലാവരും കൂടി യുവജനോത്സവക്കുട്ടികൾക്കു പകരുന്നതെന്ന് അന്ന് ഞാനവരോട് പറഞ്ഞു.പലരും എന്നെ വിമർശിച്ച് മറുപടിപ്രസംഗം നടത്തിയെങ്കിലും ആരും ഞാൻ പറയുന്ന വിഷയത്തിലല്ല സ്പർശിച്ചത്,തൊഴിൽപ്രശ്നം,മാന്യമായകൂലി-ഇതൊക്കെയാണ് അവരുടെ വിഷയം.പുരുഷനർത്തനം എന്താണെന്ന് നമ്മുടെ നാട്ടിലെ ഒരു സാധാരണക്കാരന് അറിയാനാകാത്തവിധം,ഇവരുടെ കപടസ്ത്രൈണനർത്തനം പടർന്നുപിടിച്ചിരിക്കുന്നു.അവിടെ നിന്നാണ് അനിലിന്റ്റെ കമന്റ് പോലെയുള്ള അഭിപ്രായങ്ങൾ ജനിക്കുന്നത്.അചിന്ത്യ പറഞ്ഞ മഹാനർത്തകരെ തിരിച്ചറിയാതെ പോകുന്ന അന്തരീക്ഷം കേരളത്തിലാകമാനം സൃഷ്ടിക്കപ്പെട്ടിരിക്കുന്നു.
“ആണ് നൃത്തത്തിലെ സ്ത്രൈണത” ഒരു പ്രത്യേക പോസ്റ്റു തന്നെ അര്‍ഹിക്കുന്ന വിഷയമാണ്.
അചിന്ത്യ, പെണ് വേഷങ്ങള്‍ ചെയ്യാന്‍ കഴിവും താല്‍പ്പര്യവും അതിനിണങ്ങിയ ശരീരപ്രകൃതിയുമുള്ള പുരുഷനര്‍ത്തകര്‍ അത്തരം വേഷങ്ങള്‍ ചെയ്യട്ടെ എന്നു തന്നെയാണ് എന്റെയും അഭിപ്രായം. Ultimately, a great artist is supposed to cross all barriers, even that of gender.
പൌരുഷം, സ്ത്രൈണത എന്നിവ വെറും സാമൂഹ്യ പ്രകടനങ്ങള്‍ (social performance) മാത്രമാണ്. സ്റ്റേജിനു പുറത്തും ഓരോ പുരുഷന്റേയും പൌരുഷം വ്യത്യസ്തമാണ്. എല്ലാ ആണുങ്ങളും സിനിമാതാരം ജയനെപ്പോലെ/സുരേഷ്ഗോപിയെപ്പോലെ മസിലും പിടിച്ചു നടന്നാല്‍ അറുബോറാവില്ലേ?
പ്കെഷെ കേരളത്തിലെ പോലെ ഭൂരിപക്ഷം പുരുഷനര്ത്തകരും/കാണികളും നൃത്തമെന്നത് സ്ത്രൈണതയുടെ പ്രകടനമാണെന്ന് തെറ്റിദ്ധരിക്കുന്നതിനെ ചൂണ്ടിക്കാണിച്ചു എന്നു മാത്രം. സ്ത്രൈണതയില്ലാതെ നൃത്തം ചെയ്യാന്‍ ആഗ്രഹിക്കുന്ന പല പുരുഷകലാകാരന്മാരുമുണ്ട്. അവര്‍ക്കത് ചെയ്യനുള്ള അവസരങ്ങളും ഭാരതീയ നൃത്തത്തിലുണ്ട്.
ആണുങ്ങളുടെ നൃത്തം വിപുലമാക്കി സമൂഹത്തോടു സമന്വയിപ്പിച്ച അപൂൂര്വ്വ ജനതയാണു കേരളീയര്‍. ശിവന് നടരാജനായി മാറിയത് (രണ്ടാം നൂറ്റാണ്ടിനു മുന്‍പാണെന്നു “സമ്ഗീത് നാടക്” എന്ന മാസികയില്‍ പണ്ടു വായിച്ചിരുന്നു) നമുക്കു ഗൌനിക്കേണ്ടിയിരുന്നില്ല. നടരാജപ്രതിമകള്‍ കാശ്മീര്‍ മുതല്‍ വ്യാപിച്ചപ്പോഴും ഇവിടെ അതൊന്നും ഏശിയില്ല. കേരളത്തില്‍ നടരാജപ്രതിമകള്‍ കണ്ടു കിട്ടിയിട്ടുള്ളത് ഒന്നോ രണ്ടോ മാത്രം. ആണുങ്ങള് നൃത്തം അത്ര കണ്ട് സ്വാംശീകരിച്ചിരുന്നു. ഇന്നത്തെ ജനത ഈ സത്യം മനസ്സിലാക്ക്കുമ്പോള് ജാള്യത്തിലും പരിഭ്രമത്തിലും വീണു പോകുന്നു. സ്ത്രൈനതയുമായി കൂട്ടിക്കെട്ടി രക്ഷപെടുകയാണ് ഒരു മാര്‍ഗ്ഗം. നൃത്തം ചെയ്യുന്ന ചിലരും ഇതില്‍ പെടുന്നു. അതുകണ്ട് അയ്യേ വയ്ക്കുന്നവരും ഈ പരിഭ്രാന്തിയിലാണ്. ബാലേ ചെയ്യുന്ന ആണുങ്ങളെ കാണറില്ല ഇവര്‍. അതിപൌരുഷവിദ്യയായ കളരിപ്പയറ്റ് നൃത്തമായി മാറിയതും ഇക്കൂട്ടര്‍ക്ക് സഹിക്കാനാവുന്നില്ല. പ്രതിരോധം (defence) നൃത്തമായി മാറുന്ന അദ്ഭുതവിദ്യ മനസ്സിലാകാതെ പോകുന്നവര്‍. മലയാളിയുടെ ആധുനിക പരിഭ്രാന്തികള്ില് ഒന്ന്.
കിഷോര്‍,
എതിരവന് പറയുന്നത് എനിക്കു കൂടുതലായി മനസ്സിലാകുമെന്നു തോന്നുന്നു. കളരിപ്പയറ്റ് ഒരു പുരുഷ നൃത്തരൂപം ആണ് എന്ന് സങ്കല്‍പ്പിക്കുക സുഖകരമായ ഒന്നാണ്. മറിച്ച് മോഹിനിയാട്ടം പോലെയുള്ള ഇടപാടുകള്‍ ആണുങ്ങള് നടത്തുന്നത് ദഹിക്കുന്നില്ല.
നൃത്തരൂപങ്ങളുടെ ഉല്‍ഭവത്തെപറ്റി വല്ല പോസ്റ്റുകളും വന്നിട്ടുണ്ടോ?
എനെറ്റ് മകളെ ഞാന്‍ നൃത്തം പഠിപ്പിക്കാന്‍ അനുവദിക്കുന്നില്ല. ഒരാളുടെ അല്ലങ്കില്‍ ഒരു താളത്തിനനുസരിച്ച് ആടുക എന്നത് അത്ര രസമാണോ?
ആ പോളിസി ശരിയാണോ അനിലേ?
മോൾക്ക് നൃത്തം പഠിയ്ക്കണമെന്നാശയുണ്ടെങ്കിൽ
ഒരിയ്ക്കലും അതു നിഷേധിയ്ക്കരുത്.ഏതു കലയും ആത്മപ്രകാശനമല്ലേ? ഒരേ ഡാൻസ് രണ്ടുപേർ ഒരുമിച്ച് ചെയ്യുന്നത് ശ്രദ്ധിച്ചാലറിയാം..
അവരത് രണ്ടുതരത്തിലാവും ഇന്റർപ്രെറ്റ് ചെയ്യുക.
“Ultimately, a great artist is supposed to cross all barriers, even that of gender” കിഷോർ,ഈയൊരു പേഴ്സ്പെക്റ്റിവിൻ പ്രത്യേകനന്ദി കേട്ടൊ
Anil:
Dance is not obeying somebody else's 'thaaLam" It is synchronizing and assimilating your own (body and mind) thaalam.
Anil :
Please find my old post on BharathanaaTyam. Although it isnot about its origin, some of its roots have been traced.
ethiran.blogspot.com/2007/05/blog-post_18.html
Ultimately, a great artist is supposed to cross all barriers, even that of gender.
ഇതിന്റെ ഏറ്റവും നല്ല ഉദാഹരണല്ലേ കിഷോർ ,ഞാൻ നേരത്തെ പറഞ്ഞ ഗുരു കേളുചരൺ മഹാപത്രടെ കാര്യം. ഇന്ത്യൻ ശാസ്ത്രീയ നൃത്തങ്ങളിൽ കൈശികീവൃത്തി അഥവാ ലാസ്യാംശം ഏറ്റവും അധികമായി കാണുന്ന ഒഡീസ്സിയുടെ പരമാചാര്യനല്ലെ അദ്ദേഹം.അദ്ദേഹമാണെങ്കി പുരുഷ വേഷത്തിൽ തന്നെയാണല്ലോ നൃത്തം ചെയ്യണതും.യാതൊരു അപാകതേം കാണികൾക്ക് തോന്നില്ല്യാ. അത്രേം പെർഫെക്റ്റ് ആയ കല.
അതു പോലെത്തന്നെ ഒറീസ്സയിലെ ആയോധനകലയായ ഛൌ ഇന്ന് ഒഡീസ്സി നൃത്തത്തിലേയും ഒഴിച്ചു കൂടാനാവാത്ത ഭാഗമായി തീർന്നിരിക്കയല്ലെ.
അനിൽ. മകളെ നൃത്തം പഠിക്കാൻ അനുവദിക്കുന്നില്ലാ എന്നു വെച്ചാൽ പഠിക്കണമെന്ന് അവൾക്ക് ആഗ്രഹമൂണ്ടെങ്കിക്കൂടി അവളെ നിങ്ങൾ അനുവദിക്കിണില്ല്യാ? എന്ന് വെച്ചാ അവളുടെ താളത്തിനനുസരിച്ച് അവളെ ആടാൻ വിടാതെ നിങ്ങൾ നിങ്ങളുടേതായ താളത്തിൽ അവളെ ആടിക്കുന്നു.നിങ്ങൾ പറഞ്ഞത് ശരിയാണ്. നിങ്ങളുടെ താളത്തിനനുസരിച്ച് അവളുടെ താളത്തിനെ കെട്ടിപ്പൂട്ടി വെക്കണത് അവൾക്ക് ഒട്ടും തന്നെ രസിക്കുണുണ്ടാവില്ല്യ. അതേയ് മാഷ് ഏത് നാട്ടിലാ ജീവിക്കണെ ? അവടത്തെ ഏറ്റവും നല്ല ഡാൻസ് റ്റീച്ചറെ എത്രയും വേഗം കണ്ടു പിടിക്ക്യ. അത് സ്വയം ചെയ്യാൻ പറ്റില്ല്യെങ്കി കുട്ടി എവട്യാന്ന് പറയു. അവടെ ആരാ നല്ല റ്റീച്ചർ ന്ന് എങ്ങന്യെങ്കിലും ഞാൻ കണ്ടു പിടിച്ചോളാം.കുഞ്ഞമ്മിണീനെ വേഗം അവടെ കൊണ്ടോയി ചേർക്കാ. കേട്വോ? ദുഷനച്ഛാ...
നല്ല സംഗീതം കേക്കുമ്പോ അവൾ ഒരു നർത്തകിയാണെങ്കി അവൾടെ ശരീരം അതിനോടു , അതിന്റെ താളത്തിനോട് , ഭാവത്തിനോട് പ്രതികരിച്ചിരിക്കും.വെർതെ കിടന്ന് ചാടണതിനെ ശൈലീകരിക്കുക എന്നതാണ് നൃത്താഭ്യസനം കൊണ്ട് പ്രധാനമായും നേടനത്.അവളെ പഠിപ്പിച്ചില്ല്യെങ്കി...ങ്ഹാ...ഇങ്കെ നടക്കറതേ വേറെ.അതേയ് നാൻ മോശക്കാരിക്ക് മോശക്കാരി. ജാക്രതൈ.
എതിരവന്
ലിങ്കിനു നന്ദി, വായിക്കുന്നു.
കിഷോര്‍, ഓഫ്ഫിനു ക്ഷമിക്കുക.
ഭൂമിപുത്രി, എന്തുകൊണ്ടോ നിങ്ങളായിരിക്കും ആദ്യം ഇതിന് എന്നെ തല്ലുക എന്ന് എനിക്കു തോന്നിയിരുന്നു.
& അചിന്ത്യ
മകള്‍ കൊച്ചു കുട്ടിയാണ്, അവള്‍ക്ക് ആഗ്രഹങ്ങള്‍ ലക്ഷ്യങ്ങള്‍ ഇവയൊന്നും (ഗൌരവമായി )ആവാനുള്ള പ്രായമില്ല. അതീനാല്‍ തന്നെ തല്ക്കാലം അവളുടെ താല്‍പ്പര്യങ്ങളെ ഞാന്‍ എന്റെ വീക്ഷണ കോണുകളില്‍ നയിക്കാന്‍ ശ്രമിക്കുന്നു, കഴിയാവുന്ന രീതിയില്‍ അവളെ ബോധവല്‍ക്കരിച്ച്. അവള്‍ക്കു തിരിച്ചറിവാകുന്ന, സമയം സ്വയം തീരുമാനമെടുക്കാന്‍ അവള്ക്കവകാശമുണ്ടായിരിക്കും, ഇപ്പോള്‍ അവള് ഒരു ബേബി വയലിന് വച്ചു കളിക്കാനുള്ള ശ്രമത്തിലാണ്.
ഓഫ്ഫ് കഴിഞ്ഞു, ഇനി ഇതില്‍ ആരും പിടിക്കല്ലെ.
നന്ദി കിഷോര്‍.
ഉം...പേടീണ്ട് അല്ലെ? :-))
അനിലേ ജിബ്രാന്റെ 'പ്രോഫെറ്റ്' മേടിച്ച് മക്കളേപ്പറ്റി എഴുതിയിരിയ്ക്കുന്നതൊന്ന് വായിയ്ക്കണേ..
Ultimately, a great artist is supposed to cross all barriers, even that of gender.
ഇതു കലക്കി കിഷോർ.
പൌരുഷത്തെക്കുറിച്ചുള്ള നമ്മുടെ സ്യൂഡോധാരണകൾക്കനുസൃതമായി നൃത്തത്തെ വായിക്കുന്നതിലും പൌരുഷം-സ്ത്രൈണം എന്ന വിപരീതകൽപ്പനയിലും ശരിയില്ല.പൊറാട്ടുനാടകമടക്കമുള്ള പല നാടൺകലാരൂപങ്ങളിലെ നൃത്തങ്ങളിലും കളരിപ്പയറ്റിന്റെ ശൈലീകരണത്തിലേക്കു വളർന്ന അടവുകൾ ദൃശ്യമാണ്,കൊട്ടാരക്കരത്തമ്പുരാന്റെ രാമനാട്ടനിർമ്മാണത്തിന്റെ പ്രധാന ആവശ്യം ഭടന്മാർക്ക് കലയിലൂടെ ആയോധനവ്യായാമം നൽകലായിരുന്നു എന്നും പഠനങ്ങളുമുണ്ട്.അതുകൊണ്ട് അനിൽ പറഞ്ഞപോലെ കളരിപ്പയറ്റിന്റെ നൃത്തബന്ധം ഒരു സങ്കൽപ്പമല്ല,ചരിത്രയാഥാർത്ഥ്യമാണ്.അടക്കവും തോങ്കാരവും യുദ്ധരംഗങ്ങളിലെ വട്ടംവെച്ചുകലാശവുമടക്കമുള്ള കഥകളിയിലെ നൃത്തശിൽപ്പങ്ങളുടെ കളരിപ്പയറ്റുബന്ധം സുവ്യക്തവുമാണ്.താണ്ഡവനൃത്തങ്ങൾ പുരുഷനും ലാസ്യനൃത്തങ്ങൾ സ്ത്രീക്കുമെന്ന വിധിയിലും ശരികേടുണ്ട്.യോഗയുമായി ചേർത്ത് വസുന്ധര ദൊരൈസ്വാമിയും സാമ്പ്രദായിക നൃത്തനിയമങ്ങളെ പൊളിച്ചെഴുതി ചന്ദ്രയുമൊക്കെ ചെയ്തത് മറക്കാനായിട്ടില്ല.കഥക്കിലെ രാജേന്ദ്രയുടെയൊക്കെ നൃത്തശൈലിയെ എവിടെയാണ് ചേർക്കേണ്ടത്?
സുഖമുള്ള ഏർപ്പാടുകൾ എന്തെല്ലാമാണെന്ന് ഓരോരുത്തരുടേയും അഭിപ്രായങ്ങൾ വ്യത്യസ്തമായിരിക്കും.
ധനഞ്ജയ ശാന്താധനഞ്ജയന്മാരുടെ നൃത്തം കണ്ടിരിക്കുന്നത് റ്റി.വി.യിൽ മാത്രം. ഇഷ്ടപ്പെടുന്ന കലയിലൂടെ ജീവിതമാർഗ്ഗം കൂടി കണ്ടെത്താൻ കഴിയുന്ന എല്ലാ കലാകാരന്മാരൂം ഭാഗ്യവാന്മാരാണ്. അവർ കലയിൽ ജീവിക്കുകയാണ്. ജീവിതം ആസ്വദിക്കുകയാണ്.
ഈ ദമ്പതികൾക്ക് സത്യത്തിൽ ഇതൊരു റിട്ടയർമെന്റ് അല്ല. തട്ടകം മാറുന്നു എന്നല്ലേ ഉള്ളു. നൃത്തരംഗത്ത് ഇനിയും ഈ സാന്നിദ്ധ്യം കാണാം.
ഈ പോസ്റ്റിന് നന്ദി കിഷോർ
അനില്‍ , നിങ്ങള്‍ക്കുള്ള ചുട്ട മറുപടി അചിന്ത്യയുടെ നാഗവല്ലി അവതാരം തന്നു! :-) പാട്ടിലും നൃത്തത്തിലും താളമില്ലെങ്കില്‍ ആകെ അവതാളമാകും! അതിനെ “മറ്റൊരാളുടെ താളത്തിനൊത്തു തുള്ളുന്നു” എന്നു പറയുന്നതില്‍ ഒരു കഴമ്പുമില്ല. പെണ്‍കുട്ടി ആയതിനാല്‍ മാത്രം നൃത്തം അഭ്യസിക്കണമെന്നില്ല. അവള്‍ക്കതിനുള്ള ജന്മവാസനയുണ്ടെങ്കില് ഒരു നല്ല പിതാവായി അവളുടെ ആഗ്രഹം നിറവേറ്റൂ..
അചിന്ത്യ,വികടശിരോമണി - വൈവിധ്യ കഥാപാത്രങ്ങളുള്ള നല്ലൊരു കഥ ആടിക്കാണിക്കാന്‍ നര്‍ത്തകര്‍ (ആണായാലും പെണ്ണായാലും) ലാസ്യവും താണ്ഡവവും പൌരുഷവും സ്ത്രൈണതയും ഒക്കെ മാറി മാറി അവതരിപ്പിക്കേണ്ടി വരും. ചില നൃത്തരൂപങ്ങളില്‍ ലാസ്യാംശം കൂടുമെന്നു മാത്രം. എന്റെ വിമര്‍ശനം നൃത്തമെന്നാല്‍ സ്ത്രൈണത മാത്രമാണെന്ന ചില നര്‍ത്തകരുടേയും കാണികളുടേയും ധാരണകളോടാണ്. ഈ സ്റ്റീരിയോറ്റൈപ്പ് വീക്ഷണം നിലനില്‍ക്കുന്നതിനാല്‍ കഴിവുള്ള പുരുഷന്മാര് പോലും ഈ രംഗത്ത് വരാന്‍ മടിക്കുന്നു എന്ന് എനിക്കു തോന്നുന്നു.
ലക്ഷ്മി, വിടവാങ്ങല്‍ പര്യടനങ്ങള്‍ക്കു മാത്രമാണ്. അവര്‍ തുടര്‍ന്നും പരിപാടികള്‍ അവതരിപ്പിക്കുമെന്നു തന്നെ വിചാരിക്കാം.
ഭാസ്കര എന്നൊരു നൃത്താവിദ്യാലയം പാലക്കാടടുത്തു തുടങ്ങിയിരുന്നു അദ്ദേഹം.
ഭാസ്കര തുടങ്ങിയത് പയ്യനുരില്‍ ആണ്, കൃത്യമായി പറഞ്ഞാല്‍ കൈതപ്രത്.
-നിഖില്‍
ശരിതന്നെ. പാലക്കാട് അടുത്ത് അങ്ങനെയൊന്ന് തുടങ്ങിയിരുന്നു-ഇന്നില്ല.അജ്ഞതക്ക് മാപ്പ്.കണ്ണൂരിലുള്ള ഭാസ്കരയിലെത്താൻ കണ്ണൂർ-പയ്യന്നൂർ റൂട്ടിൽ പിലാത്തറയിലിറങ്ങി,മാതമംഗലം റൂട്ടിൽ കണ്ടോന്താർ ബസ്റ്റോപ്പിലെത്തുക.അവിടെ തൊട്ടടുത്ത് തൃക്കുറ്റേരിക്കുന്നിനു മുകളിലാണ് ഭാസ്കര.താല്പര്യമുള്ള ബ്ലോഗർമാർ സന്ദർശിക്കുക.കാണേണ്ട സ്ഥാപനം.മനോഹരമായ കാമ്പസ്.
ഞാനും അവിടെ പോയിട്ടുണ്ട്. വഴി പറഞ്ഞു തരണ്ട അത്രയും അറിയില്ല.വിവരങ്ങള്‍ക്ക് നന്ദി.എന്റെ സ്വദേശം പയ്യനുര്‍ ആണ്.
-നിഖില്‍
വലതുഭാഗം ശിവനായും വാമഭാഗം ഉമയായും സാമ്പ്രദായിക പുരുഷ-സ്ത്രൈണ ചിത്രണങ്ങളെ ഒരേ ചീക്യാർ ഒരേ സമയം ഒരേ വേദിയിൽ ..ഇങ്ങിനെ ഒരൊറ്റയാൾ തന്നെ സ്ത്രീപുരുഷ ദ്വന്ദങ്ങളെ തന്റെ രണ്ട് ഭാഗങ്ങളിലൂടെ അവതരിപ്പിക്കുന്ന കൊട്ടിഛേതം എന്ന കൂത്ത് നടത്തിയിരുന്ന നാടാണ് നമ്മുടേത്.
തിരുവനന്തപുരത്തുള്ള സമുദ്ര എന്ന സംഘടനയിലേയും ബാംഗ്ലൂർ ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന ആട്ടക്കളരി എന്ന് സംഘത്തിന്റെയും പ്രധാന ഐഡന്റിറ്റി അവിടത്തെ പുരുഷ നർത്തകരാണ്.
ചന്ദ്ര തന്നെ തന്റെ നൃത്തം ഏറ്റവും പൂർണ്ണമായി കണ്ടിരുന്നത് “കാമ” എന്ന സഹനർത്തകന്റെ വരവോടെയാണെന്ന് വായിച്ചിട്ടുണ്ട്.
പുരുഷന്മാർ പുരുഷവേഷത്തിൽത്തന്നെ താണ്ടവമാടുന്നതു പോലെത്തന്നെ അതേ വേഷത്തിൽ ലാസ്യമാടുന്നുമുണ്ട് ( ഉദാ- നേരത്തെ പറഞ്ഞ ഒഡീസ്സി നർത്തകർ)
അതുപോലെത്തന്നെ ഇന്ന് കേരളത്തിലും , പണ്ടു മുതലേ ആന്ധ്രപ്രദേശിലും പുരുഷന്മാർ സ്ത്രീവേഷം കെട്ടിയാടുന്നുമുണ്ട്. ( ശാസ്ത്രീയനൃത്തങ്ങളെക്കുറിച്ചാണീ പറഞ്ഞത്.പൊറാട്ട് തുടങ്ങിയ ഗ്രാമ്യരൂപങ്ങളിൽ ഇത് ധാരാളം കാണാം)
പക്ഷെ തിരിച്ചു നോക്ക്യാൽ ഒരൽപ്പം പരുഷത വേണ്ടി വരുന്ന രംഗങ്ങൾ സ്ത്രീകൾക്ക് നിഷേധിച്ച ചരിത്രവും നമുക്കുണ്ട്. കൂടിയാട്ടത്തിലെ ശൂർപ്പണഘടെ നിണം അങ്ങനെ ഒന്നണെന്ന് തോന്നീണ്ട്.മറ്റെല്ലാ സ്ത്രീ വേഷങ്ങളും സ്ത്രീകൾ തന്നെ ചെയ്യുമ്പോ ഇത് മാത്രം പുരുഷന്മാർ ചെയ്യുണു. കാരണങ്ങൾ പലതാകാം.അല്ലെങ്കി വളരെ വ്യക്തമായ ഒന്നുമാകാം.
അചിന്ത്യ ചിന്തനീയമായ പോയന്റുകൾ പറയുന്നു.
കൂടിയാട്ടത്തിലെ നിണം സ്ത്രീകൾക്ക് നിഷേധിച്ചതിനു പിന്നിൽ ഭൌതികമായ കാരണങ്ങളുമുണ്ടാകാം.പഴയ കാലത്തെ കൂടിയാട്ടത്തിന്റെ നിണമൊരുക്കൽ വല്ലാത്തൊരു പണിതന്നെയായിരിക്കണം,സ്ത്രീകൾക്ക് അതിനാവുന്ന ഒരു സാഹചര്യം നിലവിലുണ്ടായിരുന്നുമില്ല.ഇതേ നിണം കഥകളിയിലെത്തുമ്പോൾ പകർന്നാട്ടമായി ചുരുക്കുന്നതും പുരുഷ-സ്ത്രീഭാവങ്ങളുടെ സമന്വയമായാണ്.ഉമാമഹേശ്വരസംവാദത്തിന്റെ കൊട്ടിഛേതം മാത്രമല്ല,അസുരപ്രകൃതികളായ സ്ത്രീപുരുഷന്മാരും ഒരേ ശരീരത്തിൽ കളിയരങ്ങിൽ പകർന്നാടി.കൂടിയാട്ടത്തിൽ,തോരണയുദ്ധം രാവണനു മുമ്പിൽ സീതക്കു പകരം ഒരു നിലവിളക്ക് കത്തിച്ചുവെച്ച് ‘ഹിമകരം’എന്ന ശ്ലോകമാടുന്ന സമ്പ്രദായം അടുത്തകാലം വരെനിലനിന്നിരുന്നു.പലകോണിലേക്കു ചിതറിപ്പോകാതെ, ഭാവോന്മീലനത്തെ കേന്ദ്രീകരിക്കുന്ന ഒരു കലാദർശനത്തിന്റെ പ്രൊഡക്റ്റായി അത്തരം ശൈലികളെ കാണാനാണ് എനിക്കിഷ്ടം.അല്ലാതെ,കൂടിയാട്ടത്തിൽ സീതയാവാൻ പെണ്ണുങ്ങൾക്ക് കുറവുണ്ടായിരുന്നില്ലല്ലോ.
കിഷോർ പറഞ്ഞിടത്തുതന്നെയാണ് പ്രശ്നം.വെറും സ്ത്രൈണനർത്തനമായി നൃത്തത്തെ തെറ്റിദ്ധരിക്കുന്ന സ്ഥിതി എങ്ങനെയാണ് സംജാതമായത്?അതിനുപിന്നിൽ ഞാൻ മുമ്പുപറഞ്ഞ ‘ഉദരനിമിത്തനർത്തകരുടെ’കൂടി കയ്യുണ്ട്.
അനിൽ,
എനിക്കൊരു സംശയം:
ഒരാളുണ്ടാക്കിയ അല്ലെങ്കിൽ ഒരു നിശ്ചിത ഈണത്തിൽ കുട്ടി ബേബി വയലിൻ വായിക്കുന്നത് ഒരു സുഖമുള്ള ഏർപ്പാടാണോ?
നിഖില്‍ , ഭാസ്കരയുടെ വിവരങ്ങള്‍ പങ്കുവച്ചതിനു നന്ദി.
അചിന്ത്യ, എന്താണീ ‘നിണം’? കഥകളിയിലെ ചുവന്നതാടി പോലെയുള്ളതാണോ?
കിഷോർ,
നിണം മൂക്കും മൂക്കും മുലയുമരിയപ്പെട്ട് ഓടിവരുന്ന രാക്ഷസീരൂപങ്ങളുടെ രംഗാവിഷ്കാരമാണ്.കൂടിയാട്ടത്തിൽ ലക്ഷ്മണനാൽ നാസികാകുചങ്ങൾ ഛേദിക്കപ്പെട്ട ശൂർപ്പണഖയുടെ നിണം ആണുള്ളത്.നിണം കഥകളിയിലുമുണ്ട്,ജയന്തനാൽ ഛേദിക്കപ്പെട്ട നക്രതുണ്ഡിയെന്ന രാക്ഷസിയുടേയും സഹദേവനാൽ ഛേദിക്കപ്പെട്ട സിംഹികയുടേയും{പുരാണ നായകർക്ക് ഇതൊരു സ്ഥിരം പണിയായിരുന്നു:)}
നിണം,നക്രതുണ്ഡി,സിംഹിക കേരളീയ യക്ഷിസങ്കൽപ്പം തുടങ്ങിയവയെക്കുറിച്ചുള്ള എന്റെ പുതിയ പോസ്റ്റ് വായിക്കൂ:
http://chengila.blogspot.com/2008/11/blog-post.html
ചുവന്ന താടിയുമായി നിണത്തിന് ഒരു ബന്ധവുമില്ല.ഫോൿലോറുമായാണ് ബന്ധം.
കിഷോര്‍,
ഒരു ഓഫ്ഫ് കൂടി ഇടട്ടെ.
വികടശിരോമണി,
ബേബി വയലിന് വച്ച നമുക്കൊന്നു താങ്ങിയല്ലെ.
വിഷയത്തിന്റെ ഗൌരവം ചോരണ്ട എന്നു വച്ചു ക്ഷമിക്കുന്നു ഹൂ... :)
നൃത്തം ഒരു പ്രദര്‍ശനമാണ് , അതില്‍ എനിക്കു സംശയമില്ല. പക്ഷെ പുലികളുടെ അടുത്ത് പിടിവലി നടത്താനുള്ള ശേഷി ഇല്ലാത്തതിനാല്‍ , എന്താ മാര്‍ഗ്ഗം?
മൌനം ---- നു ഭൂഷണം.
Off ends here
നൃത്തം ഒരു പ്രദര്ശനകല തന്നെ! യാതൊരു സംശയവുമില്ല.
എയറോബിക്സ് ആത്മാവിഷ്കാരമാവാണ്ടിരിക്കാൻ തരമില്ല.അനിൽ അടുത്തെങ്ങാനും ജാതകം നോക്കീണ്ടോ? അതല്ലാ, മരണം ആരുടെ കയ്യോണ്ടാന്ന് വല്ല സൂചനേം കിട്ടീണ്ടോ ആവോ.
വികടശിരോമണേ ,
കൊട്ടിച്ഛേദം വെറും പകർന്നാട്ടല്ലല്ലോ. ഒരേ സമയത്ത് സ്ത്രീ-പുരുഷ അവസ്ഥകളെ ഒരു കലാകാരൻ പാളിപ്പോവാണ്ടെ അവതരിപ്പിക്കണത് അൽഭുതല്ലെ.
എല്ലാക്കാലത്തും നങ്ങ്യാരമ്മമാരുണ്ടായിരുന്നു എങ്കിലും അഭിനയപ്രാധാന്യമുള്ള പല രംഗങ്ങളിൽ നിന്നും സ്ത്രീകൾ ഒഴിവാക്കപ്പെട്ടിരുന്നു. ഇതും ഒരു പ്രത്യേക ചർച്ചയ്ക്കുള്ള വിഷയാണ് ട്ടോ.ഉഷ നങ്ങ്യാർ കാർത്യായനി പുറപ്പാടൊക്കെ പിന്നേം തപ്പിപ്പിടിച്ചെടുക്കാനും മാർഗ്ഗി സതി സീതായനം ഉണ്ടാക്കാനുമൊക്കെ കാരണം ഇതൊക്കെത്തന്നെ.
കുറേക്കൊല്ലങ്ങൾക്ക് മുന്‍പ് ക്ഷേമട്ടീച്ചർ മോഹിനിയാട്ടത്തിൽ നരസിംഹം എന്ന് അഭിനയിച്ചപ്പോൾ എന്തൊരു ഘോഷായിരുന്നൂന്നോ.മോഹിനിയ്ക്ക് ശൃംഗാരത്തിന്റപ്പുറം ഒന്നും പാടില്യാന്ന്.
പോസ്റ്റ് നോക്കീട്ടില്ല്യാട്വോ. നോക്കാം.നോക്കും.ഇങ്ങന്യൊക്കെ ള്ള കൂട്ടർ ഇവടെണ്ട്ന്ന് അറിഞ്ഞില്യാ. ഈ പിള്ളേരൊട്ട് പറഞ്ഞുല്ല്യ.
ചർച്ചകൾ ചൂടു പിടിച്ച് എവിടം വരെയെത്തിയെന്നു നോക്കാൻ വന്നതാ :)
ഈ പോസ്റ്റ് തുടങ്ങിയതിനു കിഷോറിനു നന്ദി. "ജൈവശാസ്ത്രപരമായ് ലിംഗമാറ്റ സവിശേഷതയെ" കുറിച്ചു പറഞ്ഞതും തികച്ചും അർത്ഥവത്തു തന്നെ
അചിന്ത്യ, വിഗ്രഹഭഞ്ജകര്‍ എല്ലാ കലകളിലും വേണം. മോഹിനിയാട്ടത്തില്‍ പ്രാധാന്യം ലാസ്യമാണെങ്കിലും ഇടക്കു താണ്ഡവവുമാകാം!
കാഥിക, ചര്‍ച്ചകള്‍ ഇനിയും ചൂടു കൂടാം :-)
ലൈഗികന്യൂനപക്ഷങ്ങളില് അപര-ലിംഗ(trans-gender)ക്കാരിലും സ്വവര്‍ഗ(gay)/ഉഭയവര്‍ഗ(bi) പ്രണയികളിലും gender non-conforming ആയ പ്രവണതകള്‍ കണ്ടുവരുന്നു. അത് ചിന്താരീതികളിലെ വ്യത്യാസങ്ങളോ പെരുമാറ്റത്തിലെ/അംഗവിക്ഷേപങ്ങളിലെ സ്ത്രൈണതയോ(ആണിന്) പൌരുഷമോ(പെണ്ണിന്) ആകാം. ഇത് ചിലരിലെങ്കിലും നൃത്തം പോലുള്ള സര്‍ഗാത്മക കലകളില്‍ കൂടുതല്‍ ക്രിയാത്മകത നല്കാന് പ്രാപ്തമാക്കിയേക്കാം എന്ന് എനിക്കു തോന്നുന്നു.
കിഷോര്‍, നല്ല പോസ്റ്റ്.
മിനി സ്കീനില്‍ മാത്രമേ
ഞാന്‍ ശാന്താ ധനഞ്ജയന്മാരെ കണ്ടിട്ടുള്ളൂ.
അവരുടെ ഒരു ശിഷ്യയില്‍ നിന്നും ഈ ദമ്പതികളുടെ സമര്‍പ്പണത്തെക്കുറിച്ച് കേട്ടിട്ടുണ്ട്.
ഈ പോസ്റ്റും തുടര്‍ന്നു നടന്ന ചര്‍ച്ചകളും കൂടുതല്‍ അറിവു നല്കി. നന്ദി.
Post a Comment