Saturday, December 1, 2007

മലയാള ഭാഷയിലെ ആദ്യത്തെ ‘പാന്‍ഗ്രാം’

മലയാള ഭാഷയിലെ ആദ്യത്തെ ‘പാന്‍ഗ്രാം’ഞാന്‍ തയ്യാറാക്കിയിരിക്കുന്നു!


*********************************************************************************
“അജവും ആനയും ഐരാവതവും ഗരുഡനും കഠോര സ്വരം പൊഴിക്കെ ഹാരവും ഒഢ്യാണവും ഫാലത്തില്‍ മഞ്ഞളും ഈറന്‍ കേശത്തില്‍ ഔഷധ എണ്ണയുമായി ഋതുമതിയും അനഘയും ഭൂനാഥയുമായ ഉമ ദുऽഖഛവിയോടെ ഇടതു പാദം ഏന്തി നിര്‍ഝരിയിലെ ചിറ്റലകളെ ഓമനിക്കുമ്പോള്‍ ബാ‍ലയുടെ കണ്‍കളില്‍ നീര്‍ ഊര്‍ന്നു വിങ്ങി.“
*********************************************************************************


ഇത് വായിച്ചതോടെ എന്താണ് പാന്‍ഗ്രാം എന്ന് ചിലര്‍ക്കെങ്കിലും പിടികിട്ടിയിരിക്കും. അഞ്ജലിയുടേയും കാര്‍ത്തികയുടേയും പൊരുളന്വേഷിച്ച് C:\WINDOWS\Fonts ലെ ഫോണ്ടുഫയലുകളില്‍ തപ്പിയ ചിലരെങ്കിലും ഇംഗ്ളീഷിലുള്ള “The quick brown fox jumps over the lazy dog" എന്ന പ്രശസ്തമായ വാചകം കണ്ടിരിക്കും. ഇംഗ്ളീഷ് പിന്തുടരുന്ന ലാറ്റിന്‍ അക്ഷരമാലയിലെ പാന്‍ഗ്രാം ആണിത്. ഒരു ഭാഷയുടെ അക്ഷരമാലയിലെ എല്ലാ അക്ഷരങ്ങളും ഉള്‍പ്പെടുത്തിക്കൊണ്ടുള്ള ഏറ്റവും ചെറിയ വാചകത്തിനെയാണ് പാന്‍ഗ്രാം എന്നു പറയുന്നത്. ഫോണ്ടു നിര്‍മ്മിതിക്കും താരതമ്യത്തിനും വളരെ ഉപകാരപ്രദമാണ് പാന്‍ഗ്രാം. കൂടാതെ വാര്‍ത്താവിനിമയ സാങ്കേതികവിദ്യയിലും പാന്‍ഗ്രാം ഉപയോഗിക്കുന്നു.

വിക്കിപീഡിയയില്‍ പലഭാഷകളിലേയും പാന്‍ഗ്രാമുകള്‍ കൊടുത്തിട്ടുണ്ടെങ്കിലും ഒരൊറ്റ ഭാരതീയഭാഷയും പ്രതിപാദിച്ചിട്ടില്ല. തമിഴൊഴിച്ച് മറ്റെല്ലാ ഭാരതീയഭാഷകളും സംസ്കൃതത്തിലടിസ്ഥാനപ്പെടുത്തിയ അക്ഷരമാലയാണെന്നു തോന്നുന്നു ഉപയോഗിക്കുന്നത് . ഈ അക്ഷരമാലയിലെ 50ല്‍ അധികം വരുന്ന അക്ഷരങ്ങളാണ് ഭാരതീയഭാഷകളിലെ പാന്‍ഗ്രാം നിര്‍മ്മിതി ദുഷ്കരമാക്കുന്നത് . തമിഴില്‍ പാന്‍ഗ്രാം നിര്‍മ്മിതി എളുപ്പമാണ്. ഭാരതീയഭാഷകളില്‍ മലയാളമാണ് പാന്‍ഗ്രാം നിര്‍മ്മിതിയില്‍ ഏറ്റവൂം ദുഷ്കരം. കാരണം ദ്രാവിഡ ഭാഷയായ മലയാളത്തില്‍ ആദിദ്രാവിഡഭാഷയിലെ അക്ഷരങ്ങളോടൊപ്പം പില്‍ക്കാലത്ത് എല്ലാ സംസ്കൃതഅക്ഷരങ്ങളും കൂട്ടിച്ചേര്‍ത്തിരിക്കുന്നു.


എന്റെ പാന്‍ഗ്രാമില്‍ അക്ഷരങ്ങളൊന്നും വിട്ടുപോയിട്ടില്ലെന്നു കരുതുന്നു. ഇതിനേക്കാള്‍ ചെറിയ, എന്നാല്‍ വളച്ചുകെട്ടിയതെങ്കിലും എന്തെങ്കിലും അര്‍ത്ഥമുള്ള, പാന്‍ഗ്രാം ആര്‍ക്കെങ്കിലും നിര്‍മ്മിക്കാന്‍ കഴിയുമെങ്കില്‍ എന്നെ അറിയിക്കുക. ഏറ്റവും ചെറിയതിനെ നമുക്ക് ഭാരതീയഭാഷയിലെ ആദ്യത്തെ പാന്‍ഗ്രാമായി വിക്കിപീഡിയയില്‍ ചേര്‍ക്കാം.

PS: “സമ്പൂര്‍ണ്ണവാചകം” എന്ന് പാന്‍ഗ്രാമിന് മലയാളത്തില്‍ പറയാം എന്ന് തോന്നുന്നു.

13 comments:

കിഷോർ‍:Kishor said...

മലയാള ഭാഷയിലെ ആദ്യത്തെ ‘പാന്‍ഗ്രാം’ഞാന്‍ തയ്യാറാക്കിയിരിക്കുന്നു! വന്നു കാണുക.

Sherlock said...

കുറേ കഷ്ടപ്പെട്ടിരിക്കുമല്ലോ..എന്തായാലും ആശംസകള്

Santhosh Thottingal സന്തോഷ് തോട്ടിങ്ങല്‍ said...

കൊള്ളാം, നല്ലവണ്ണം കഷ്ടപ്പെട്ടിരിയ്ക്കുന്നു. പക്ഷേ വാക്യത്തിന്റെ അര്‍ത്ഥപുഷ്ടി തീരെ കുറഞ്ഞു പോയില്ലേ എന്നു സംശയം.
ആനയും ഐരാവതവും : ഐരാവതം ആന തന്നെയല്ലേ?
ജഠരത്തില്‍ ഉഢ്യാണവുമായി: വയറ്റിലാണോ അതോ അരക്കെട്ടിലോ?
ഉഢ്യാണവുമായി: ഒഢ്യാണമാണോന്ന് സംശയം . എനിയ്ക്ക് ഉറപ്പില്ല.
ദുഖഛവിയോടെ : ദുഃഖഛവിയല്ലേ?
ഇടതു കൈ ഏന്തി ചിറ്റോളങ്ങളെ ഓമനിക്കുമ്പോള്‍ പൊന്‍ നാളങ്ങള്‍ കണ്‍ തടത്തില്‍... ഇതിനൊരു അര്‍ത്ഥം കിട്ടുന്നില്ല.
ഒന്നുകൂടി തിരുത്തി നോക്കുന്നോ? കുറച്ചുമെച്ചപ്പെട്ടേയ്ക്കും. ആശംസകള്‍

അനാഗതശ്മശ്രു said...

ഭാഷാഭം ഗിയും ആശയവും തീരെയില്ല ഇതിനു എന്നു ഖേദപൂര്‍ വം ...
സന്തോഷ് പറഞ്ഞതുപോലെ ഒന്നു തിരുത്തികൂടെ?

krish | കൃഷ് said...

ഉദ്യമത്തിന് ആശംസകള്‍.

(ഇതിന്‍ നീളം കൂടിയതുകാരണം ഓര്‍ത്തുവെക്കാന്‍ വിഷമമാകും, അല്ലെങ്കില്‍ ഈണത്തിലുള്ള പദ്യമാകണം)

കിഷോർ‍:Kishor said...

ജിഹേഷ്, സന്തോഷ്, അനാഗതശ്മശ്രു, കൃഷ്‌ - കമന്റിനു നന്ദി.
അര്‍ത്ഥപുഷ്ടി കൂട്ടാന്‍ ശ്രമിക്കാം.പക്ഷെ അക്ഷരങ്ങള്‍ ആവര്‍ത്തിക്കാതെ അത് ചെയ്യുന്നത് വളരെ ശ്രമകരമാണ്.
ഐരാവതം ദേവലോകത്തെ സാങ്കല്പിക മൃഗമായ വെളുത്ത ആനയാണ്. ഉമയുടെ വയറ്റില്‍ അരഞ്ഞാണം കെട്ടിക്കാന്‍ എനിക്കും പ്രയാസമുണ്ടായിരുന്നു! ഉഢ്യാണം ഒഢ്യാണമാക്കിയാലും ഇത് പാന്‍ഗ്രാം ആയിത്തന്നെ നില്‍ക്കും (‘ഉ’ ഉമ വഴി വരുന്നുണ്ട്). ദുഖത്തെ “ദുഃഖ“മാക്കുമ്പോള്‍ അക്ഷര സമ്പൂര്‍ണ്ണത കൂടുന്നതേ ഉള്ളൂ. ചില്ലക്ഷരങ്ങള്‍ വരുത്താനാണ് “പൊന്‍ നാളങ്ങള്‍ കണ്‍ തടത്തില്‍“ തെളിയിച്ചത്.

ഇനിയും നന്നാക്കാന്‍ ശ്രമിക്കാം.

ശ്രീ said...

ശരിക്കു കഷ്ടപ്പെട്ടുകാണുമല്ലോ... ഉദ്യമത്തിന്‍ ആശംസകള്‍‌...

:)

മൂര്‍ത്തി said...

എന്തായാലും അഭിനന്ദനങ്ങള്‍...ആശംസകളും‍...

കിഷോർ‍:Kishor said...

നിര്‍ദ്ദേശങ്ങളനുസരിച്ച് അര്‍ത്ഥപുഷ്ടി കൂട്ടാന്‍ ചില ചെറിയ മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട്. കൂടാതെ എല്ലാ സ്വരാക്ഷരങ്ങളും (അ, ആ,... ഓ, ഔ) തനിസ്വരൂപത്തില്‍ കാണാം.

പ്രിയ said...

“അജവും ആനയും ഐരാവതവും ഗരുഡനും കഠോര സ്വരം പൊഴിക്കെ ഹാരവും ഒഢ്യാണവും ഫാലത്തില്‍ മഞ്ഞളും ഈറന്‍ കേശത്തില്‍ ഔഷധ എണ്ണയുമായി ഋതുമതിയും അനഘയും ഭൂനാഥയുമായ ഉമ ദുഃഖഛവിയോടെ ഇടതു പാദം ഏന്തി നിര്‍ഝരിയിലെ ചിറ്റലകളെ ഓമനിക്കുമ്പോള്‍ ബാ‍ലയുടെ കണ്‍കളില്‍ നീര്‍ ഊര്‍ന്നു വിങ്ങി.“


:)

കിഷോർ‍:Kishor said...

പ്രിയക്കൊച്ചേ,

എന്റെ പാന്‍‌ഗ്രാം അങ്ങിനെ തന്നെ പകര്‍ത്തിവച്ചിട്ട് ചിരിക്കുന്നോ?

:-)

പ്രിയ said...

ഈ വിര്‍ച്വല്‍ ചിരിക്കു മുന്നേ റിയാലിറ്റി അത്ഭുതവും "ഇതു കൊള്ളാലോ "ആത്മഗതവും ഒക്കെ ഉണ്ടായിരുന്നു കിഷോര്‍ ജി . പക്ഷെ ഈ പോസ്റ്റിന്റെ അത്രക്കും സ്റ്റാന്ടേര്ഡില് അത് പ്രകടിപ്പിക്കനറിയാത്തതിനാല് സ്മൈലിയിട്ട് പോയതല്ലേ. അല്ലാതെ ചുമ്മാ കോപ്പി പേസ്റ്റിയതല്ലാ :)

അരുണ്‍കുമാര്‍ | Arunkumar said...

:)