പലരും മറന്നു കഴിഞ്ഞ, എന്നാൽ മലയാള സംഗീതചരിത്രത്തിൽ സുപ്രധാനമായ സ്ഥാനം അർഹിക്കുന്ന “കൌമാരസ്വപ്നങ്ങൾ... പീലിവിടർത്തിയ മാനസതീരങ്ങളിൽ” എന്ന മലയാളം പാട്ടിനെ ഓർമ്മപ്പെടുത്താനാണ് ഈ പോസ്റ്റ്. 1981ൽ പി.ചന്ദ്രകുമാർ സംവിധാനം ചെയ്ത “ആരതി” എന്ന ചിത്രത്തിലേതാണ് എം.ബി ശ്രീനിവാസൻ സംഗീതം പകർന്ന ഈ മനോഹര ഗാനം. ഗാനരചന ഇന്നത്തെ പ്രശസ്ത സിനിമാ സംവിധായകനായ സത്യൻ അന്തിക്കാടാണ്. മലയാളം വരികളെ അച്ചടിഭാഷാ ചുവയില്ലാതെ സ്വാഭാവികമായ വായ്മൊഴി ഉച്ചാരണത്തോടെ പാടാൻ കഴിവുള്ള ഏക അയൽ-സംസ്ഥാന ഗായികയായ ജാനകിയാണ് ഈ പാട്ടു പാടിയിരിക്കുന്നത്.
                  എം.ബി.ശ്രീനിവാസൻ
ഈ പാട്ടിന്റെ സവിശേഷത “രണ്ട് ജാനകിമാർ“ ഒരുമിച്ചു പാടിയിരിക്കുന്നു എന്നുള്ളതാണ്! സാധാരണ സംഘഗാനം പാടുന്നതുപോലെ ഒരുമിച്ചു പാടുകയല്ല ഇവിടെ ചെയ്തിരിക്കുന്നത്. പാട്ടിന്റെ ഉടനീളം പ്രധാന മെലഡിയുടെ അനുപൂരകമായ മെലഡി (counter melody) അതേ സാഹിത്യത്തിൽ,അതേ മനുഷ്യശബ്ദത്തിൽ തന്നെ പാശ്ചാത്തലമായി ഉപയോഗിച്ച് ഹാർമണിയുടെ എഫക്റ്റ് ഉണ്ടാക്കിയിരിക്കുന്നു.
പാട്ട് ഇവിടെ കേഴ്ക്കാം/Download ചെയ്യാം.
എന്റെ കൌമാരകാലത്ത് റേഡിയോയില്‍ തേടിപ്പിടിച്ചു കേട്ടിരുന്ന ഒരു പാട്ടായിരുന്നു ഇത്. പിന്നെ പിന്നെ കേഴ്ക്കാതെ ഓർമ്മയിൽ നിന്നും പൂർണ്ണമായി മറഞ്ഞു. ഈ പാട്ടിന്റെ റെക്കോര്‍ഡിഗ് സവിശേഷതകളെപ്പറ്റി രവിമേനോന് ഈയടുത്ത് മാതൃഭൂമി ആഴ്ചപ്പതിപ്പിലെ എം.ബി.ശ്രീനിവാസനെക്കുറിച്ചുള്ള ‘പാട്ടെഴുത്ത്‘-ൽ ഓർമ്മിപ്പിച്ചിരുന്നു. അങ്ങനെയാണ് ഒരു 'blast from the past' ആയി ഈ ഗാനം വീണ്ടും മനസ്സിൽ തിരിച്ചെത്തിയത്! ഇന്നത്തെപ്പോലെ ഡിജിറ്റൽ ട്രാക് എഡിറ്റിങ്ങും മിക്സിങ്ങും ഒന്നുമില്ലാത്ത 1981ൽ ഇങ്ങനെയൊരു പാട്ടുണ്ടാക്കിയ എം.ബി.ശ്രീനിവാസൻ ഒരു ജീനിയസ് തന്നെ. മെലഡിയും ഹാർമണിയും തമ്മിലുള്ള ഒരു മത്സരമാണ് ഈ പാട്ട്. മെലഡി തന്നെ ജയിച്ചു എന്നാണ് എനിക്കു തോന്നുന്നുത്.
                  എസ്. ജാനകി (Image courtesy : Hindu)
പാട്ടിന്റെ വരികൾ ഈ ലിങ്കിൽ കൊടുത്തിട്ടുണ്ട്. സാഹിത്യത്തിന്റെ ഘടനയിലും ഈ പാട്ട് സാധാരണ കീഴ്വഴക്കമായ “പല്ലവി-അനുപല്ലവി-ചരണം” എന്ന ഫോർമുലയെ അട്ടിമറിക്കുന്നു. അനുപല്ലവി എന്ന വസ്തുവേ ഇതിലില്ല. മൂന്നു ചരണങ്ങൾ ഉള്ളത് വരികളുടെ എണ്ണത്തിലും ദൈർഘ്യത്തിലും ട്യൂണിലും ഒന്നിനൊന്നു വ്യത്യസ്തം! (സാധാരണ പാട്ടുകളിൽ എല്ലാ ചരണങ്ങൾക്കും വരികളുടെ എണ്ണം, ദൈർഘ്യം, ട്യൂൺ എന്നിവ സമാനമായിരിക്കും). എം.ബി.ശ്രീനിവാസന്റെ തന്നെ ജനപ്രിയ മാസ്റ്റർപീസായ “ഒരു വട്ടം കൂടിയെന്നോർമ്മകൾ” എന്ന ഗാനത്തിലും ഇതുപോലെ സാമ്പ്രദായികമായ ഗാനഘടനയുടെ നിരാകരണം കാണാം.
ഇതിന്റെ റെക്കോർഡിങ് സങ്കേതത്തെ “Dual Track Mixing" എന്നു പറയാമെന്നു തോന്നുന്നു. രണ്ടു ട്രാക്കുകളും തമ്മിൽ മെലഡിയിൽ സാരമായ വ്യതിയാനങ്ങളുണ്ട്. ‘Wave Theory' യിലെ 'Variable Phase Difference' പോലെ രണ്ടു ട്രാക്കുകൾക്കും ഇടയിൽ മാറിമറിഞ്ഞു വരുന്ന കാലവ്യത്യാസം കൊടുത്തിരിക്കുന്നതിലാണ് ഈ പാട്ടിന്റെ മനോഹാരിത. ഉദാഹരണമായി പാട്ടിന്റെ തുടക്കം തന്നെ ഒന്നാം ട്രാക്കിലെ “കൌമാരസ്വപ്നങ്ങൾ...” എന്നു പാടിക്കഴിഞ്ഞതിന്റെ അവസാനത്തിലാണ് രണ്ടാം ട്രാക്കിലെ “കൌമാരസ്വപ്നങ്ങൾ“ വരുന്നത്. എന്നാൽ ഒന്നാം ട്രാക്കിലെ “പീലിവിടർത്തിയ മാ” എന്നു പകുതി പാടിയ സ്ഥാനത്തെത്തുമ്പോഴേക്കും രണ്ടാം ട്രാക്കിലെ “പീലിവിടർത്തിയ” തുടങ്ങിയിരിക്കുന്നു! ഇങ്ങനെ പാട്ടിലുടനീളം ഏതോ അഭൌമമായ ഗണിതസമവാക്യമുപയോഗിച്ച് അനുയോജ്യമായ സമയ-ഇടവേള രണ്ടു ട്രാക്കുകൾക്കും ഇടയിൽ കൊടുത്തിരിക്കുന്നു. രണ്ട് സമാന്തര ട്രാക്കുകളുള്ളതിനാൽ ഒരാൾക്കും ഈ പാട്ട് ഒറ്റക്ക് പാടി പൂർണ്ണത കൈവരുത്താൻ കഴിയില്ല. അതിനാൽ തന്നെയായിരിക്കണം ഒരു റ്റി.വി. പരിപാടിയിലും വരാതെ ഈ പാട്ട് വിസ്മൃതിയിൽ തള്ളപ്പെട്ടത്. ഈ പാട്ടിനു അതിന്റെ പ്രത്യേക സൌന്ദര്യം കൊടുക്കുന്ന ഘടകം തന്നെ അതിന്റെ ജനപ്രീതിക്കു വിഘാതമായി! പാട്ടിന്റെ മൊത്തം സമയ ദൈർഘ്യം 3:14(same as 'Pi' in mathematics) മിനിട്ട് ആയത് വെറും coincidence മാത്രമോ? ‘അല്ല’ എന്നാണ് എന്റെ മനസ്സിലെ എഞ്ജിനീയർ പറയുന്നത് :-)
താളവാദ്യ അകമ്പടിയും ഡബിൾ വോയ്സ് ട്രാക്കും ഒന്നുമില്ലാതെ ഈ പാട്ടിന്റെ ഒരു സാദാ വെർഷനും ജാനകിയുടെ ശബ്ദത്തിൽ തന്നെ റെക്കോർഡു ചെയ്യപ്പെട്ടിട്ടുണ്ട്. (ഇവിടെ കേഴ്ക്കാം). പാട്ടിന്റെ MP3 തപ്പിപ്പിടിച്ചു തന്ന ഭൂമിപുത്രിക്കും കിരൺസിനും പ്രത്യേകം നന്ദി...
Monday, December 15, 2008
Subscribe to:
Post Comments (Atom)
47 comments:
പലരും മറന്നു കഴിഞ്ഞ, എന്നാൽ മലയാള സംഗീതചരിത്രത്തിൽ സുപ്രധാനമായ സ്ഥാനം അർഹിക്കുന്ന “കൌമാരസ്വപ്നങ്ങൾ... പീലിവിടർത്തിയ മാനസതീരങ്ങളിൽ” എന്ന മലയാളം പാട്ടിനെ ഓർമ്മപ്പെടുത്താനാണ് ഈ പോസ്റ്റ്
തുമാരാ സ്വപങ്ങള്
മറന്ന അല്ല അറിയാന്‍ വയ്യാത്ത കാര്യങ്ങള്ഒര്മിപിച്ചതിന് നന്ദി
നന്ദി.
-സുല്‍
കമന്റിനു നന്ദി ഇ-പണ്ടിതൻ, സുൽ.
ഈ പാട്ടിനെ മലയാളി പാടെമറക്കാൻ പാടില്ല! അതിനായി ഒരു ചെറിയ ശ്രമം...
ഈ അപൂർവ്വഗാനം ഇത്ര വിശദമായും ആഴത്തിലും മറ്റാരും എഴുതിക്കണ്ടിട്ടില്ല, ഹാറ്റ്സോഫ് കിഷോർ!
എത്ര ഉപരിപ്ലവമായിട്ടാൺ ഇത്രനാളും ഞാനീ പാട്ട് ആസ്വദിച്ചതെന്ന് വിചാരിയ്ക്കുകയായിരുന്നു.
ഒന്നുകൂടി നന്ദി കിഷോർ.ഇതുപോലെ,കൂടുതൽ പഠനമർഹിയ്ക്കുന്ന പാട്ടുകളെപ്പറ്റി ഇനിയുമെഴുതണേ
ഈ പാട്ടിനെ പറ്റി ഇത്രയും ഡീറ്റൈത്സ് തന്നതിനു നന്ദി കിഷോർ.ഈ പാട്ട് കേട്ടിട്ടുണ്ട് എന്നല്ലാതെ കൂടുതൽ ഒന്നും അറിയില്ലാരുന്നു.
തീര്‍ച്ചയായും ഈ പഠനം വളരെ മണോഹരമായിരിക്കുന്നു കിഷോര്‍. എന്റെ ഏറ്റവും പ്രീയപ്പെട്ട ഗാനങ്ങളില്‍ ഒന്നാണിത്.കിഷോറിനെ അല്‍ഭുതപ്പെടുത്തിയതു പോലെതന്നെ എന്നെയും ഈ ഗാനം കേട്ടുതുടങ്ങിയനാള് മുതല്‍ അല്‍ഭുതപ്പെടുത്തുന്നു. മാഞ്ഞും തെളിഞ്ഞും പിടിതരാതെ നടക്കുന്ന കൌമാരസ്വപ്നങ്ങളേക്കുറിച്ചു പാടുന്നതിനും അതേപോലെ പിടിതരാത്ത സംഗീതം. ഒരു മാസ്മരലോകത്തു സഞ്ചരിപ്പിക്കുന്ന ഈ ഗാനം എം ബി എസ് ന്റെ മാന്ത്രിക്കക്കൈ തൊട്ടതു തന്നെ......
ഭൂമിപുത്രി: എന്റെ mp3-ബാങ്ക് ഹൈദരാബാദിലുള്ള ഒരു ബാങ്ക് ഉദ്യോഗസ്ഥയാണേ.. :-) പാട്ട് സംഘടിപ്പിച്ചു തന്നാൽ ഇനിയും എഴുതാം.
കാന്താരിക്കുട്ടി: കമന്റിനു റോംബ നന്ദി!
ദേവൂസ്: അതെ. ഒരു കൌമാരക്കാരിയുടെ (ചില കൌമാരക്കാരന്മാരുടേയും!) മാഞ്ഞും തെളിഞ്ഞും പിടിതരാതെ നടക്കുന്ന രതിസ്വപ്നങ്ങളെ സംഗീതത്തിൽ ആവാഹിച്ചിരിക്കുന്നു എംബിഎസ്. അതിന്റെ ഭാവം പൂർണ്ണമായും ഉൾക്കൊണ്ട ജാനകിയുടെ ആലാപനം. ഇതുപോലൊരു പാട്ട് വേറെയുണ്ടാവില്ല.
‘ഹാർമണൈസിങ്’ എന്ന പ്രയോഗത്തിന്റെ ഉത്തമദൃഷ്ടാന്തമാണ് ഈ പാട്ട്. പ്രധാന മെലഡിയുടെ കീഴെ വേറൊരു ശ്രുതിയിൽ counter melody.വെസ്റ്റേൺ മ്യൂസിക്കിലെ ‘കാനൻ’ (canon)എന്ന പ്രയോഗവും ഇതിലുണ്ട്. ഒരു വരി പാടുമ്പോൾ അതേ വരി കുറച്ചു താമസിച്ച് പാടുക. ഇത് ശ്രുതി മാറ്റിയോ മാറ്റാതെയോ പാടറുണ്ട്. സംഘഗാനങ്ങളിലാൺ ഇതിനുള്ള സാദ്ധ്യത. കൈരളി റ്റി. വി. യുടെ അവതരണഗാനമായ “നീലവാനിന്നു കീഴിലായ്...” എന്നതിൽ ഈ പ്രയോഗം ഉണ്ട്. “ചക്രവാളങ്ങൾക്കപ്പുറത്തെഴും“ എന്ന് പ്രധാന പാട്ടുകാരൻ പാടുമ്പോൾ പുറകിൽ സംഘം സ്വൽപ്പം താമസിച്ച് ഇതേ വരി ആവർത്തിയ്ക്കുന്നു.canon ന്റെ സങ്കീർണമായ പ്രയോഗം fugue. യൂറോപ്യൻ സങ്കീർത്തനങ്ങളിൽ പണ്ടേ ഉപയോഗിച്ചിട്ടുണ്ട്. പല ആവർത്തി ചെയ്ത് തിരിച്ച് ആദ്യത്തെ വരിയിൽ വന്ന് പിന്നെയും തുടരുന്നതു കൊണ്ട് “round" എന്ന വാക്കും ഉപയോഗിക്കാറുണ്ട്.
സംഘഗാനങ്ങളിൽ മാത്രം പറ്റുന്ന ഈ പ്രയോഗം ഒരാൾ പാടുന്ന പാട്ടിൽ സന്നിവേശിപ്പിക്കാൻ 1981 ൽ എം. ബി. ശ്രീനിവാസൻ വളരെ ബദ്ധപ്പെട്ടു കാണണം.
പഴമകളില്‍ ഓര്മിക്കപ്പെടേണ്ടവയും ഉണ്ടാകാം എന്ന് തിരിച്ചറിയുന്ന ചിലരെയെങ്കിലും കാണുന്നത് സന്തോഷകരമാണ്.
ഈ ഭൂമിപുത്രിയുടെ കയ്യില്‍ എവിടുന്നാണാവോ ഇത്രയും പാട്ടുകള്‍ !
ആശംസകള്‍ , കിഷോര്‍.
വാഹ്,സബാഷ് കിഷോർ!
വ്യവസ്ഥാപിതമായി ഒരാൾ മാത്രം ഈ പരിപാടി ചെയ്യുമ്പോൾ കാനൻ എന്നു പറയാറില്ലല്ലോ.ഇതൊരു വിസ്മയകരമായ കോമ്പിനേഷനാണ്.
എം.ബി.ക്കു മുന്നിൽ സലാം.
കിഷോര്‍, ഇത്ര സുന്ദരമായ ഒരാസ്വാദനം അടുത്തകാലത്തൊന്നും വായിച്ചിട്ടില്ല. ഭാവുകങ്ങള്‍. മലയാള ഭാഷയുടെ സൗന്ദര്യമറിഞ്ഞു വാക്കുകളുടെ ലാളിത്ത്യത്തെ അതിലേറെ ഹൃദയസ്പര്‍ശമായ സംഗീതബിന്ദുക്കള്കൊണ്ട് നിറയ്ക്കാന്‍ MBS-നെ പോലെ ഇതുവരെ ആര്‍ക്കും സാധിച്ചിട്ടില്ല എന്നു തന്നെ വേണം പറയാന്‍.
dual track mixing കാരണമാണെന്നു കരുതുന്നു "അലിഞ്ഞു നില്ക്കുന്ന അംബര വീധികളും , വെണ്മേഘ സുന്ദരികളും മറ്റും" ഇത്ര മഞ്ജിമയോടു നമ്മോടൊപ്പം മറയാതെ നില്‍ക്കുന്നത്. ഈ mixing ഇല്ലെങ്കില്‍ ഹൃദയസ്തംഭനത്താല് ഇവരൊക്കെ മൃതിയടയും എന്നു തീര്‍ച്ചയുണ്ട്. അതിനാലാവും താങ്കള്‍ പറഞ്ഞപോലെ ഈ ഗാനം എവിടേയും പാടി കേള്‍ക്കാത്തത്.
"ആത്മാവില്‍ അജ്നാതരാഗാമുണര്ന്നു..." എന്ന ആ ഒരു വരിയുടെ ഭംഗി, MBS-ONV കൂട്ടുകെട്ടിന്റെ സ്വതസിദ്ധമായ minimalistic tendencies വിളിച്ചോതുന്നു. ആ വരിയുടെ ഭംഗി കേട്ടാല്‍ MBS-ഇന്റെ ഏറ്റവും നല്ല ഗാനമായി ഞാന്‍ കരുതുന്ന "മനസ്സ്സിന്റെ തീര്‍ത്ഥയാത്രയിലെ മന്ത്രം പോലെ" എന്ന ഗാനത്തിന്റെ അടുത്തു വന്നു നില്‍ക്കുന്നതായും തോന്നാം.
ഒരു ചെറിയ തിരുത്ത്..തെറ്റാണെങ്കില്‍ ഒരു മുന്‍കൂര്‍ ക്ഷമ.. എന്നിലെ engineer-ഉം pi-മായുള്ള ബന്ധം കാണാന്‍ ആഗ്രഹിക്കുന്നുണ്ടെങ്കിലും ഇതിന്റെ LP Record-ഇല് ഉള്ള ദൈര്‍ഖ്യം 3:14 അല്ല എന്നാണെന്റെ ഓര്‍മ്മ. 4 മിനുറ്റിനു കുറച്ചു മുകളിലാണു എന്റെ കയ്യിലുള്ള ഗാനം. Record പരിശോധിച്ചിട്ട് അറിയിക്കാം.
എതിരൻജി, പാശ്ചാത്യ സംഗീതത്തിലധിഷ്ഠിതമായ വിലകലനങ്ങൾ നന്നായി. ഞാൻ ഈ പാട്ടിനെ എൻജിനീയറിഗ് ഫിസിക്സിന്റെ കണ്ണിലൂടെ നോക്കിക്കാണാൻ ശ്രമിക്കുകയായിരുന്നു!
അനിൽ, പഴമയിൽ പതിരില്ലാത്ത കാര്യങ്ങളെ പുതിയ തലമുറ ഒരിക്കലും അവഗണിക്കരുത്.
വികടൻ, എം.ബി.എസിനു സലാം!
കാഥിക, നല്ല വാക്കിനു നന്ദി. “"ആത്മാവില്‍ അജ്നാതരാഗാമുണര്ന്നു..." എന്നതു തന്നെ ഏറ്റവും ഭാവാത്മകമായി പാടിയ വരികൾ. ഇത് ജാനകിക്കല്ലാതെ തനിമലയാളിയായ ചിത്രക്കുപോലും ഇങ്ങനെ കൃത്യമായ മോഡുലേഷനോടെ പാടി ഭാവപ്പൊലിമ വരുത്താൻ കഴിയില്ല!
പിന്നെ പാട്ടിന്റെ നീളം (ജാനകിയുടെ ശബ്ദത്തിൽ തുടങ്ങി ശബ്ദത്തിൽ തന്നെ അവസാനിക്കുന്നത്) 3 മിനിറ്റ് 14 സെക്കന്റ് ആണ്. അതായത് 3.23മിനുറ്റ്. ‘പൈ’-യുമായി അക്കങ്ങളിലേ ബന്ധമുള്ളൂ.. ഒരു തമാശയായി കരുതിയാൽ മതി! :-)
ഇവിടെ പലപ്പോഴും കമന്റ് ഇടാന്‍ സാധിക്കാറില്ല. സമയക്കുറവാണു കാരണം :)
കിഷോര്‍, ഈയൊരു വിശദീകരണത്തിനും അന്വേഷണത്തിനും നന്ദി. എന്റേയും വളരെ ഇഷ്ടപ്പെട്ടൊരു പാട്ടാണ്.
എം.ബി.എസ്. സംഗീത രംഗത്തെ ഒരു ജീനിയസ്സ് തന്നെയായിരുന്നു. ചില്ലിലെ ‘ചൈത്രം വര്‍ണ്ണം ചാലിച്ചു നിന്റെ ചിത്രം വരക്കുന്നു’ എന്ന ഗാനം അപാരമാണ്. അതുപോലെ സംഘഗാനങ്ങള്‍ ചെയ്യാനുള്ള അദ്ദേഹത്തിന്റെ കഴിവും. (യവനികയിലെ’ഭരതമുനിയൊരു കളം വരച്ചു‘ ഓര്‍ക്കുക)മലയാള സിനിമാ സംഗീതത്തിനു ശേഷം, അദ്ദേഹത്തെ കേന്ദ്രഗവ. സംഘഗാനങ്ങള്‍ ചെയ്യാന്‍ ഏല്‍പ്പിച്ചിരുന്നു. ഇന്ത്യയിലെ പല സംസ്ഥാനത്തിനും വേണ്ടി സംഘഗാനങ്ങള്‍ ചെയ്തതു അദ്ദേഹമാണ്.(ദേശീയോദ്ഗ്രഥന സംഘഗാനങ്ങള്‍)
പരീക്ഷണങ്ങള്‍ക്ക് മുതിരുന്ന അപൂര്‍വ്വം സംഗീത സംവിധായകരില്‍ ഒരാളായിരുന്നുഎംബീഎസ്. റിയല്‍ ജീനിയസ്സ്.
നന്ദന്/നന്ദപര്‍വ്വം
കിഷോര്‍,
ഈ ഗാനത്തില്‍ ഏര്‍പ്പെടുത്തിയ പരീക്ഷണം പോലെ (രണ്ടു ഗായകര്‍ ഒരുമിച്ചല്ലാതെ പാടൂന്നത്) തന്നെ രവീന്ദ്രന് മാസ്റ്ററും അതേ പരീക്ഷണങ്ങള്‍ നടത്തിയിട്ടില്ലെ? രവീന്ദ്രന് മാസ്റ്ററുടെ മെയ്മാസപുലരിയിലെ ‘ഇരു ഹൃദയങ്ങളുമൊന്നായ്....” എന്ന ഗാനം. അതും ഇതേ പരീക്ഷണം തന്നെയല്ലേ?
(ആക്ഷേപമോ വിമര്‍ശനമോ ആണെന്നു ധരിക്കല്ലേ, സംശയമാണെ..:)..
Excellent writeup. Thanks for reminding us of this forgotten song
സാങ്കേതികതയെക്കുറിച്ചുള്ള എല്ലാ പരാമര്‍ശങ്ങളും എനിക്കു തീര്‍ച്ചയായും കൌതുകം പകരുന്നു. ഗാനത്തിന്റെ ഭാവാര്‍ത്ഥ തലങ്ങളിലൂടെയേ ഞാന്‍ പോകാറുള്ളു. ചിന്തകള്‍ അവിടം വരെയെ എത്താറുള്ളു. ഏതായാലും കിഷോറും, കതിരവന്‍ ജിയും, കാഥികയും ഇനിയും പലഗാനങ്ങളുടെയും സാങ്കേതികതലങ്ങളും എന്നെപ്പോലുള്ളവര്‍ക്കു വേണ്ടി പങ്കുവയ്ക്കും എന്നു കരുതുന്നു. ഇരുഹൃദയങ്ങളും ഏതാണ്ടിതുപോലെ തന്നെ എന്നു ഞാനും കരുതുന്നു.
വളരെ സന്തോഷം
വളരെ നല്ല നിരീക്ഷണം കിഷോര്‍ജീ .... മനോഹരമായ ഈ വിവരണത്തിന് നന്ദി...... എം. ബി. എസിന്റെ orchestration വളരെ പ്രസിദ്ധമാണല്ലോ... രവീന്ദ്രന് മാഷ് ഒരു മേയ് മാസ പുലരിയില്‍ എന്ന ഫിലിമില്‍ ഇരു ഹൃദയങ്ങളില്‍ ഒന്നേ വീശി.... എന്ന ഗാനത്തില്‍ ദാസേട്ടനും ചിത്രയും രണ്ടു ട്രാക്ക് ആയി അവസാന ഭാഗത്ത് ഇങ്ങനെ പാടുന്നുണ്ട്.... എം. ജി. രാധാകൃഷ്ണന് അയിത്തം ഫിലിമില്‍ ഒരുമിച്ചു ചേരും നാം.... എന്ന ഗാനത്തിലും ഈ വിദ്യ പ്രയോഗിച്ചിട്ടുണ്ട്..... പൊന്നു പോല്‍ ഉരുകുന്ന... എന്ന വരിയിലും ആടും ചിലമ്പില്‍ നിന്നടരും മുത്തിനെ.... എന്ന വരിയിലും ദാസേട്ടന് പാടിയത് ശ്രദ്ധിക്കുക.... ഇതും രണ്ടു ട്രാക്ക് ആയി പാടി മിക്സ് ചെയ്തതാണ്....
Ajay, thanks for the comment.
നന്ദൻ, ഹരിമുരളി, ദേവൂസ്, ശരിയാണ്. രവീന്ദ്രന്റെ “ഇരു ഹൃദയങ്ങളിലും” എം.ജി.രാധാകൃഷ്ണന്റെ “ഒരുമിച്ചു ചേരും നാം”മിലും ചില സ്ഥലങ്ങളിൽ അല്പം ഹാർമൊണൈസേഷൻ ഉണ്ട്.
പക്ഷെ ഇതുപോലെ counter-മെലഡി (അതും പാട്ടിലുടനീളം) ഇല്ല. ഇത് 1981ൽ തന്നെ എംബിഎസ് ചെയ്തു എന്നും ഓർക്കുക.
ente priyappetta sangeethanjante ee paattu veendum sradhayil konduvanna snehitha santhosham...
njangal swakarya sambashanagalil palappozhum ingane eduthu parayarundu adhehathinte aparamaya sangeetha sidhiye kurichu...
layam-uvvennum ariyappedunna chithrathil adheham chaitha das paadiya ganam indian sinimayil thanne vanna eattavum nalla country song aanennu kazhinja divasam njangal samsarichathe ulloo..
innale veendum ee postine patti samsarikkave koottukaran paranju pokkuveyil kelkkumbo desp aayi athmahathya cheyyan thonnum nnu..
athramel vashyam athinte sangeetham ennu..
iniyum thudarooo MBS gaanangaliloode thankalude yathra...
kittum puthiya arivukal
kaazchappadukal
oro kelviyilum othiri anubhavangal namukku tharunnu MBS...
kuranja sangeetham kondu gaanangale avismaraneeyamaakkiayvan...
arthamarinju sangeetham nalkiyavan
M.B.S.ne O.N.V. orkkunnu
Mareena kadppurathirunnu M.B.S. “oru vattam koodi” palathaalathil mathimarannu ninnu padiyirunnathu santhoshathirekathode orkkarundu. “ulkkadalinu” paattundakkan thiruvanthapurathekku varum vazhi theevandiyil vachu nirbhagyakaramaya chila thettidharanakal moolam police mbs ne upadravichathum ernakulathu railway policinte custodiyil oru ratri kazhiyendi vannathumokke kalametra kazhinjittum theeravedhanayayi nila nilkkunnu. Aa kshobham kettadangunnathinu mumbu thanne harmoniyathil viralodichu “nashta vasanthathin thaptha niswasame” ennu paadithudangiya mbs ne orkkumbol innumente kannukal nanayunnu.
Vythyastham,anyadrushyam, ennokke parayavunna tharathilulla sangeethamanu m.b.sreenivasante sangeetham. Njangal orumichu pattukalorukkiya adhya chitram Kadal anu. Chirikkumbol koode chirikkan ayiram per varum, kadalinenthu moham thudangiya ganangal innum ormikkappedunnavayanu. Nursu enna chitrathile harinama keerthanam padum padanunaraum, kadurangi kadalurangi thudangiya ganangalum prashasthi nedi. Vakkukalude artham manassilakki swarangal kondu avaikku adivara nalkunna reethiyanu adhehathintethu.- mbs ne patti sreekumaran thambi
കിഷോറെ,( ആന്റ് അനിലേ)ഞാനൊക്കെ വെറും ഡൂക്കിലി ഗ്രാമീണബാങ്ക്!ബാങ്കേഴ്സ് ബാങ്ക്,ദേ
ഇതിനു മുകളിൽ വന്ന് മഗ്ലീഷിൽ അഭിപ്രായം പറഞ്ഞിട്ടുപോയ വിദ്വാനാൺ-ഈ പാട്ട് തക്ക സമയത്ത് പലിശയില്ലാതെ അയച്ചുതന്ന മഹാത്മാവ്!
കിഷോറിൻ വീണ്ടും ഞാനൊരു അസൈന്മെന്റ് തരട്ടെ?
പല്ലവി മാത്രമുള്ള മറ്റൊരു എം.ബി.എസ്സ് പാട്ടിനെപ്പറ്റി ഇതുപോലെ എന്തെങ്കിലുമൊക്കെ എഴുതാൻ പറ്റുമൊ-‘പ്രയാണ’ത്തിലെ “മൌനങ്ങൾ പാടുകയായിരുന്നു..’
പാട്ട് കയ്യിലുണ്ടോ?ഇല്ലെങ്കിൽ തരുന്നതായിരിയ്ക്കും.
അതുപോലെ,വളരെ വ്യത്യസ്ഥത തോന്നിച്ച ഒരു കോമ്പസിഷനായിരുന്നു ‘മനസ്സിന്റെ തീർത്ഥയാത്ര’യിലെ “നിശാകുടീരങ്ങളിൽ..”
ബാബുരാജിനു ശേഷം ജാനകിയുടെ വെർസറ്റാലിറ്റിയെ ഏറ്റവും ഫലപ്രദമായി ഉപയോഗിച്ചത് എം.ബി.എസ്സാണെന്നാൺ എന്റെ തോന്നൽ.
സംശയാലു, മലയാളം നിങ്ങൾക്ക് എഴുതാനറിയില്ലെങ്കിലും വായിക്കാൻ പറ്റുമെന്ന് വിചാരിക്കുന്നു! “കൌമാരസ്വപ്നങ്ങൾ” എം.പി.3 തന്നതിന് വളരെ നന്ദി. എം.ബി.എസിനെപ്പറ്റി നിങ്ങളും ഓഎൻവിയും തമ്പിയും പറഞ്ഞതൊക്കെ വളരെ ശരി.. റിയൽ ജീനിയസ്. തമിഴിന്റെ നഷ്ടം, മലയാളത്തിന്റെ പുണ്യം!
സീതേ, ഭൂമിപുത്രീ, നിങ്ങൾ പറഞ്ഞ രണ്ടു പാട്ടൂകളും ഞാൻ കേട്ടിട്ടു പോലുമില്ല. എന്തായാലും അയച്ചു തരൂ. കൌമാരകാലത്ത് കേഴ്ക്കാൻ പറ്റാഞ്ഞതിനാൽ പാട്ട് കിടിലനായാല്പോലും ഇങ്ങനെ ആവേശത്തോടെ എഴുതാൻ പറ്റുമോ എന്ന് ഉറപ്പില്ല. :-)
നന്ദി..പോസ്റ്റിനും ലിങ്കിനും കമന്റുകള്‍ക്കും. ഒരു ജാനകി മറ്റേ ജാനകിയെ ഓവര്‍ലാപ് ചെയ്ത് കയറി വരുന്ന ഒരു പ്രത്യേകത കൂടി ഉണ്ടോ എന്ന് തോന്നി. ഒരാള്‍ മുന്നോട്ട് വരുമ്പോള്‍ മറ്റേയാള്‍ പിന്നിലേക്ക് പോകുന്നു. പിന്നെ തിരിച്ച് വരുന്നു. അങ്ങനെ.
കിഷോറിനെപോലെ എഴുതാന്‍ കഴിവില്ലാത്തത് കൊണ്ട് ഭൂമിപുത്രി പറഞ്ഞ ഗാനത്തെ കുറിച്ച് താങ്കള്‍ എഴുതുന്നത് ആകാംഷയോടെ കാത്തിരിക്കുന്നു..എന്നാലും മൗനങ്ങള്‍ പാടുകയായിരുന്നു എന്ന ഗാനത്തിന്റെ സ്വര്‍ഗ്ഗീയസൗന്ദര്യത്തെ കുറിച്ചു രണ്ടു വാക്ക് ഞാനും പറഞ്ഞോട്ടെ?
ആദ്യം തന്നെ വരികളുടെ ഭംഗി.. ചേച്ചി പറഞ്ഞതു പോലെ ഇതു ഒരുപക്ഷെ പല്ലവിയില്‍ മാത്രമൊരുക്കിയ ഗാനമായ് വേണമേങ്കില്‍ കരുതാം.. actually ഈ ഗാനത്തിനു പല്ലവിയും അനുപല്ലവിയും ഉള്ളതായാണു എനിക്കു തോന്നിയിട്ടുള്ളത്... താഴെ നോക്കൂ..
പല്ലവി:
[അ-കാരത്തില്‍ ആരോഹണം..]
മൗനങ്ങള്‍.. പാടുകയായിരുന്നു
[അ-കാരത്തില്‍ അവരോഹണം..]
കോടിജന്മങ്ങളായ് നമ്മള്
പരസ്പരം തേടുകയായിരുന്നു
വെണ്‍ചന്ദനത്തിന്‍ സുഗന്ധം നിറയുന്ന
നിന്നന്തരാംഗത്തിന് മടിയില്‍ (വെണ്‍ചന്ദനത്തിന്‍..)
എന്റെ മോഹങ്ങള്‍ക്ക് വിശ്രമിക്കാന്‍
ഇന്നൊരേകാന്തപഞ്ചരം കണ്ടു ഞാന്‍.
വയലാറിനെ കുറിച്ചുള്ള എന്റെ വിഷമം ഒന്നു മാത്രമാണു. എന്നെ പോലെ സാധാരണക്കാര്‍ക്ക് പലതും അദ്ദേഹമെഴുതുന്നത് മനസ്സിലാവില്ല. മലയാളത്തില്‍ കണ്ണദാസനെന്നു പലരും വയലാറിനെ കരുതിയിരുന്നെങ്കിലും, കണ്ണദാസന്റെ വരികളിലെ ലാളിത്യവും കാമനീയകവും വാക്കുകളുടെ ഗഹനതകളുടെ മറവില്‍ പൊതുജനത്തിനു അഗോചരമായേക്കാം. എന്നാല്‍ ഈ ഗാനം അതിനെല്ലാം ഒരു അപവാദമാണു.കവി പറയുന്നതു മൂന്നെ മൂന്നു കാര്യങ്ങള്‍ :)
ഒന്നു: ഏതു പ്രണയിക്കുന്നവരുടേയും മനസ്സിലൂടെ കടന്നു പോകുന്ന കാര്യം..വാക്കുകളുടെ ആവശ്യമില്ലാതെ ശ്രാവണസംഗീതത്തിന്റെ സ്രവണതയിലൂടെ ഒഴുക്കുന്ന മനസിജത്തിന്റെ ശക്തി
രണ്ടു: മനസ്സിന്റെ കൗതൂഹലത്തില് വേദനയുടേയും സന്തുഷ്ടതയുടേയും ഇടയില്‍ ആരും ഓര്‍ക്കുന്ന ഒരു കാര്യം. "കോടിജന്മങ്ങളായ് നമ്മള് പരസ്പരം തേടുകയായിരുന്നു.." .. എന്തേ ഈ അന്വേഷണം ഇത് വരെ അവസാനിച്ചില്ല എന്ന വിങ്ങല്‍
മൂന്ന്: പ്രണയിനിയുടെ മനസ്സിന്റെ മടിയിലാണു അവസാനം താന്‍ തന്റെ ജീവിതത്തിന്റെ അര്‍ത്ഥം കണ്ടെത്തുന്നത് എന്ന സനാതന സത്യം
ഈ മൂന്ന് അന്തര്‍ഗ്ഗതങ്ങളും അപഗ്രഥിച്ചാല്‍ മൂന്നും സന്തോഷത്തിന്റേയും പ്രത്യാശയുടേയും സന്ദേശമാണു നല്‍കുന്നത്. അതിനു ഉചിതമായ സംഗീതം കണ്ട് പിടിക്കാനുള്ള കഴിവാണു MBS എന്ന അമാനുഷികനായ സംഗീതസംവിധായകനെ നമ്മളില്‍ പലരും ഏറ്റവും പ്രധാനപ്പെട്ട "മലയാള" സംഗീതജ്നനായ് കരുതുന്നത്
പത്മരാജന്റെ ഈ കഥ ഭരതന് സിനിമയാക്കിയപ്പോള്‍ ഇതു കണ്ടവരുണ്ടാവുമല്ലോ.. മുഴുനീളം ദുഖത്തിന്റെ പാശ്ചാത്തലത്തില്‍ ഒരുക്കിയ ഈ ചിത്രത്തിനു ഉചിതമായ സംഗീതം തന്നെയാണിതു. ജാനകിയെക്കൊണ്ട് വെറും പ്രണദനം മാത്രം ചെയ്യിച്ചാല്‍ പോരായിരുന്നോ എന്ന് ഞാന്‍ പലപ്പോഴും ആലോചിചിട്ടുണ്ട്. എന്നാല്‍ "കോടി ജന്മങ്ങളായ്.." എന്ന വരി സ്ത്രീ ശബ്ദത്തില്‍ വരുന്നതായിരുന്നിരിക്കാം ഈ ഗാനത്തെ ഏറ്റവും അനശ്വരമാക്കിയത്. ഈ ഭാവങ്ങളും വരികളും ഒരു പുരുഷവികാരത്തെ പ്രതിഭലിപ്പിക്കുന്നുണ്ടെങ്കിലും (പത്മരാജന്റെ കഥയില്‍) ആ ഒരു വരിയിലൂടെ MBS ആ വികാരത്തിനപ്പുറമുള്ള ആദ്യം പറഞ്ഞ സ്വര്‍ഗ്ഗ സംഗീതത്തിന്റെ അതിര്‍വരമ്പ് തന്നെ തേടുന്നു..
MBS nte paattukalkku ivide nokku
http://www.orkut.com/Main#CommTopics.aspx?cmm=37616514
ചെറുപ്പത്തിലെങ്ങോ കേട്ട ഒരു ഗാനം വീണ്ടും ഓർമ്മിപ്പിച്ചതിനു നന്ദി കിഷോർ. പാട്ടിന്റെ ആ ഡുവൽ ഫീലിങ്ങിനെ കുറിച്ച് അന്നു ചിന്തിക്കാറായില്ലെങ്കിലും ആ പാട്ടിന് അന്നേ ഒരു പ്രത്യേകത തോന്നിയിരുന്നു. ഞാനത് ‘കൌമാര മാര സ്വപ്നങ്ങൾ’ എന്നു കേട്ടിരുന്നതും അതു കൊണ്ടാണെന്ന് ഇപ്പോഴാ മനസ്സിലായത്
മൂർത്തി, ലക്ഷി കമന്റിയതിനു നന്ദി.
കാഥിക, നിങ്ങൾ എഴുതിയതു വായിച്ചപ്പോൾ എനിക്കാ പാട്ടു കേഴ്ക്കാൻ കൊതിയായി. എം.പി.3 ഉണ്ടോ? (ലയം, പ്രയാണം, മനസ്സിന്റെ തീർത്ഥയാത്ര എന്നിവയിലെ പാട്ടുകൾ)
സംശയാലു, ഓർക്കൂട്ടിൽ പോയി നോക്കി. അവിടെ ഒരു എം.ബി.എസ് സൈറ്റിന്റെ ലിങ്കുണ്ട്. പക്ഷെ അതിൽ പാട്ട് കേഴ്ക്കാനുള്ള സംവിധാനമൊന്നുമില്ല.
(എം.ബി.എസ്+ജാനകി)യുടെ ഏറ്റവും നല്ലവ
1. കൌമാരസ്വപ്നങ്ങൾ(ആരതി)
2. ഒരുവട്ടം കൂടിയെൻ(ചില്ല്)
3. നിറങ്ങൾ തൻ നൃത്തം(?)
4. നീയെൻ മൂക സംഗീതം(?)
5. ഏറ്റുമാനൂരമ്പലത്തിൽ (ഓപ്പോൾ)
കിഷോർ, MBS-ന്റെ പാട്ടൊക്കെ തരാം.. പക്ഷെ താങ്കൾ പറഞ്ഞതിനോട് യോജിക്കുന്നില്ല :) ഏറ്റവും നല്ല പാട്ട് മനസ്സിന്റെ തീത്ഥയാത്രയിലെ 'മന്ത്രം പോലെ' യാണെന്റെ ഉറച്ച വിശ്വാസം ! അതു താങ്കൾ ചേർത്ത ലിസ്റ്റിൽ കാണുന്നില്ലല്ലോ?
അയ്യോ, കോപിക്കല്ലേ! ശദ്ധിച്ചു വായിക്കൂ.
എംബി+ജാനകി കോംബോ ആണ് എന്റെ ലിസ്റ്റ്..
ഹൊ ഇപ്പോഴാ ശ്വാസം നേരെ വീണത് :)
നിറങ്ങള്‍ തന് നൃത്തം 'പരസ്പരം' എന്ന സിനിമയിലേതാണ്.
കിഷോറേ..ഈ നിരീക്ഷണങ്ങൾ ഒരു സീരീസ് ആക്കണം,പാട്ടുകളേപ്പറ്റിയുള്ള സുന്ദര നിരീക്ഷണങ്ങളൊക്കെത്തന്നെ മലയാളം ബ്ലോഗിന്റെ പുറത്ത് കടക്കേണ്ടതുണ്ട്,അതിനുള്ള വഴികളും നമുക്ക് തുറക്കാം..!
എംബിയെസ്സിന്റെ ചില്ലിലെ “പോക്കുവെയിൽ പൊന്നുരുകി“ ആരും പറഞ്ഞു കാണാത്തതിൽ ശക്തമായ ഞെട്ടൽ രേഖപ്പെടുത്തുന്നു.യേശുദാസിന്റെ ശബ്ദമോ,ഒ.എൻ വിയുടെ വരികളോ ഒക്കെ അത് വീതിച്ചെടുത്തു എന്നു ഞാനങ്ങ് സമാധാനിക്കാം..ഹും..!
kishor avide MBS paattukalude link undu.d/l chaithu kelkkam
രണ്ട് ദിവസമായി കുറച്ച് തിരക്കിൽപ്പെട്ടതുകൊണ്ട്
ഇങ്ങോട്ട് വരാൻ പറ്റീല്ല.കമന്റുകളൊക്കെ പിന്തുടരുന്നുണ്ടായിരുന്നു.
സംശയാത്മാവ് തന്ന ലിങ്കിൽ ഞാൻ പറഞ്ഞ പാട്ടുകളില്ലെങ്കിൽ അയച്ചു തരാം കിഷോർ.
കാഥിക പറഞ്ഞതാൺ ശരിയെന്നു തോന്നുന്നു.
പാട്ടിന്റെ രണ്ടാം പാദമായാൺ ‘വെൺചന്ദനത്തിൻ..’വരുന്നത്.അനുപല്ലവിതന്നെ.
‘നിറങ്ങൾ തൻ നൃത്തം..’ത്തിലെ ‘ആ..’പാടിപ്പാടി ‘മൌനങ്ങൾ..’ലെയ്ക്ക് കേറാനാകും,ശ്രദ്ധിച്ചിട്ടുണ്ടോ?
കിരൺസ് പറഞ്ഞ ആശയം പിന്തുണയ്ക്കുന്നു
ഇതൊരു സ്ഥിരം കോളം ആക്കണം.
കതിരൻ ചേട്ടൻ രണ്ട് ബാബുരാജ് ഗാനങ്ങൾ
അനലൈസ് ചെയ്തതോർക്കുന്നില്ലെ?
അതുപോലെ ‘ആസ്വാദന’
ത്തിനുമാത്രമായൊരു ബ്ലോഗ്!
ഞങ്ങളൊക്ക് ഒപ്പമുണ്ടാകും
ഭൂമിപുത്രി, കാഥിക എനിക്ക് എല്ലാ പാട്ടുകളൂം അയച്ചു തന്നു.. താങ്ക്സ് കാഥിക.
കിരൺസ്, ഇവിടെയും കണ്ടതിൽ സന്തോഷം. ‘ഗാനാസ്വാദനം-എഴുത്ത്‘ നല്ല ആശയം തന്നെ. എഴുതാൻ ശ്രമിക്കാം. കതിരേട്ടന്റെ ആ പോസ്റ്റ് എനിക്കിതെഴുതാൻ പ്രചോദനമായിട്ടുണ്ടാവാം.
എം.ബി.എസിന്റെ ഏറ്റവും നല്ല കൃതി “നടന്നും...മന്ത്രം പോലെ” തന്നെ. ഭൈരവി രാഗത്തിന്റെ സർവ ഭാവങ്ങളും ആവാഹിക്കുന്ന, കച്ചേരിയിൽ പോലും പാടാൻ പറ്റുന്ന കൃതി. കാഥികയോട് യോജിക്കുന്നു.
“കൌമാരസ്വപ്നങ്ങളുടെ” രാഗമെന്താണാവോ? ആലോചിച്ചിട്ട് ഒന്നും തടയുന്നില്ല.
കിരൺസും മറ്റും പറഞ്ഞതിനോടു യോജിക്കാതെ വയ്യ. MBS-ന്റെ നിരുപമമായ സൃഷ്ടികളുടെ ഒരു വിജ്നാനകോശം തന്നെ തയ്യാറക്കേണ്ടതുണ്ട്. മുകളിൽ പറഞ്ഞ പല കാര്യങ്ങൾക്കും - പല്ല്ലവി മാത്രമുള്ള ഗാനവും, വാദ്യോപകരണങ്ങളില്ലാതെയും, കുറഞ്ഞ മേളങ്ങളുടെ അകമ്പടിയില്ലാതെ കടഞ്ഞെടുക്കുന്ന ശിൽപങ്ങളുടെ മാന്ത്രിക ശിൽപി തന്നെയായിരുന്നു അദ്ദേഹം. അതിന്റെ വേറൊരു ഉദാഹരണമാണു "കിളിപ്പട്ട്" എന്ന ചിത്രത്തിലെ "പഞ്ചവർണ്ണക്കിളി" എന്ന ഗാനം
ഇതൊരു പ്രണയഗാനമാണു എന്ന് രാഘവൻ നമ്പ്യാരുടെ കവിതയുടെ വരികൾ ശ്രദ്ധിച്ചാലെ അറിയൂ."യവനിക"-യിലേയോ, "മനസ്സിന്റെ തീർത്ഥയാത്രയിലേയോ" പ്രസിദ്ധമായ വിരുതങ്ങൾ ഉള്ള ഗാനങ്ങളുടെ ഒരു style-ഇലാണു ഇതും തിട്ടപ്പെടുത്തിയിരിക്കുന്നത്. നവരസങ്ങളുടെ മനസ്സിന്റെ സ്തോഭങ്ങൾ വിവരിക്കാനുപയോഗിക്കുന്ന തീക്ഷ്ണമായ ഭാവങ്ങളുടെ -- ശ്രംഗാരം, ശാന്തം, വീര്യം, കരുണ എന്നു മാത്രമല്ല..ചരണത്തിൽ ഭീഭൽസ്യത്തിന്റെ പോലും ഭാവം MBS കൊണ്ടുവന്നിരിക്കുന്നു ഇതിൽ. ഒരൊറ്റ വാദ്യോപകരണങ്ങളില്ലാതെ ഇതെല്ലാം പ്രതിഭലിപ്പിക്കാൻ ഇങ്ങനെയൊരു അമാനുഷികനു മാത്രമേ കഴിഞ്ഞിട്ടുള്ളൂ എന്നാണോ പറയെണ്ടത് അതോ വേറെയാർക്കും ആ ധൈര്യം ഉണ്ടായിട്ടില്ല എന്നാണോ പറയേണ്ടത്?
ഇന്നും എന്നും MBS ശരിക്കുള്ള സംഗീത സ്നേഹികളുടെ മനസ്സിന്റെ താളങ്ങൾക്കു ഉത്തരവദിയായിരിക്കും.. മുകളിൽ പറഞ്ഞ ഗാനത്തിൽ പറഞ്ഞ പോലെ
"കാലത്തിൻ തന്ത്രി മീട്ടി പാടുമീ പക്ഷിയുടെ ഗാനങ്ങൾ കേട്ടുണരൂ"
-- ആ പക്ഷിക്ക് ഒരിക്കൽ കൂടി പ്രണാമം
കിളിപ്പട്ടല്ല, കിളിപ്പാട്ട് എന്നാണുദ്ദേശിച്ചത് :(
കാഥികേ,ഈപ്പറഞ്ഞ പാട്ട് കേട്ടതായി ഓർക്കുന്നില്ല.മനോഹരമായ ഈ വിവരണം വായിച്ചപ്പോളൊരു നഷ്ട്ടബോധം!.
തപ്പിയെടുത്ത് കേക്കട്ടെ
എം. ബി. എസിന്റെ വള്ളത്തോൾ കവിതകൾ എല്ലാവരും കേട്ടിട്ടു കാണുമല്ലൊ. അതിലെ “ഏതു വിദേശത്ത് പോന്നു വസിച്ചാലും...” എന്ന സംഘഗാനം ശ്രദ്ധിച്ചിട്ടുണ്ടോ? ‘അ’ കാരത്തിൽ കുറെ ആൺ-പെൺ ഡയലോഗ് ഉണ്ട്. ഉഗ്രം.
ആരഭി, കേദാർ, മോഹനം എന്നിവ കൊണ്ടുള്ള ഒരു കളി ആക്കി ആ കവിത.വള്ളത്തോൾ സ്വപ്നേപി വിചാരിച്ചു കാണുകയില്ല ചെറുശ്ശേരി- ഗാഥ മട്ടിലെഴുതിയ പതിവു ട്യൂൺ ഇങ്ങനെ മാറിമറിയപ്പെടാൻ സാദ്ധ്യതയുണ്ടെന്ന്.
സംശയാലു, നിങ്ങൾ "The best country song" എന്നു പറഞ്ഞത് “എന്നു നിന്നെ കണ്ടു ഞാനന്നെൻ ഹൃദയം പാടി“ എന്ന പാട്ടാണോ? ഞാനത് ഇന്നലെ ആദ്യമായി കേട്ടു. വളരെ നല്ല പാട്ട്. ഉശിരൻ ഗിറ്റാർ കൈക്രിയ! യേശുദാസ് പുഷ്പം പോലെ പാടിയിരിക്കുന്നു.
“മൌനങ്ങൾ പാടുകയായിരുന്നു”-വും ആദ്യമായാണ് കേൾക്കുന്നത്. മറ്റെവിടെയും കാണാത്ത ഗാനഘടന. ഒരു തീം-സോങ് പോലെ തോന്നി. ജോഗിലായതിനായാലാണ് ഭൂമിപുത്രി ഇതെ പാടിപാടി “നിറങ്ങൾ തൻ നൃത്തം” ആടിയത്!
കഥിക പറഞ്ഞ “പഞ്ചവർണ്ണക്കിളി’-യെ ഞാൻ പുഞ്ചപ്പാടത്ത് (http://punchapaadam.com) വലവീശി പിടിച്ചു. കൂടെ മറ്റു ചില എം.ബി.എസ് നമ്പറുകളും അവിടെ കണ്ടു.
1. ഉദ്യാനദേവിതൻ ഉത്സവമായ്
2. ആരോടും പറയരുതേ കാറ്റേ
എതിരൻ-ജി, ആ വള്ളത്തോൾക്കവിത കേൾപ്പിക്കാൻ പറ്റുമോ?
Music Indiaonline ൽ വള്ളത്തോൾ കവിതകൾ ഉണ്ട്.
“ചോര തിളയ്ക്കണം” എന്നത് കേൾക്കാമോ എന്നു നോക്കുക
http://www.musicindiaonline.com/music/malayalam/s/album.2077/
കാഥിക പറഞ്ഞ‘പഞ്ചവർണ്ണക്കിളീ’യെ
‘പുഞ്ചപ്പാട’ത്തുനിന്നു പിടിച്ചുകൊണ്ടുവന്നത്
പൂർണ്ണമല്ലായിരുന്നു,വിരുത്തം മാത്രമെയുള്ളു.:-(
വള്ളത്തോൾ കവിതകളുടെ സംഗീതാവിഷ്ക്കരണം
ഫുൾ ആൽബം,enteloka.com ൽ SHRAVANAM section നോക്കിയാൽ മതി
അതെ കാഥികേ, പുഞ്ചപ്പാടത്തുനിന്നു പിടിച്ച പഞ്ചവർണ്ണക്കിളിക്ക് 1 മിനിട്ട് നീളമേ ഉള്ളൂ. അതും വെറും ശ്ലോകം. അതിൽ നവരസം പോയിട്ട് ഒരു രസം പോലും കഷ്ടി!
മുഴുവലിപ്പത്തിലുള്ള പഞ്ചവർണ്ണക്കിളി കൈയിലുണ്ടോ? :-)
ഈ പാടങ്ങളിലൊക്കെപ്പോയി കിളികളെ നൊക്കണതെന്തിനാ ചേച്ചിയും കിഷോറും..
അവിടെയൊക്കെ കിളികള്‍ പറന്നുപോകാന്‍ വേണ്ടിയല്ലെ വരുന്നതു തന്നെ? ഒരു മുഴുവര്ണ്ണക്കിളിയെ എത്തിക്കാനുള്ള വഴിയുണ്ടാക്കാം..
Post a Comment