Saturday, January 5, 2008

കൈവിട്ടുപോയ ‘ഭയങ്കരം’

കഴിഞ്ഞ മാസം നാട്ടില്‍ വെക്കേഷന്‍ ചിലവഴിക്കുന്ന കാലത്ത് പല മലയാളം ടിവി ചാനലുകളിലൂടെയും ബ്രൌസ് ചെയ്യുന്ന സമയത്താണ് മനസ്സിലായത് -- ‘ഭയങ്കരം’ എന്ന വാക്ക് ഇനി തിരിച്ചെടുക്കാനാവാത്ത വിധത്തില്‍ കൈവിട്ടു പോയിരിക്കുന്നു!!

ഭയം + കരം = ഭയങ്കരം (ഭയം ജനിപ്പിക്കുന്നത് എന്നര്‍ത്ഥം). ഇതു പോലെ ഉല്‍പ്പത്തിയുള്ള മറ്റൊരു വാക്കാണ് ‘സുഖകരം’. പക്ഷെ ഭയങ്കരത്തിന്റെ ഇന്നത്തെ ഉപയോഗത്തിലുള്ള അര്‍ത്ഥം ഭയങ്കരമായി മാറിയിരിക്കുന്നു! “എനിക്ക് ആ പാട്ട് ഭയങ്കര ഇഷ്ടമാണ്“ എന്നൊക്കെ മലയാള സാഹിത്യ നായകന്‍മാര്‍ വരെ ടെലിവിഷനിലൂടെ ഉച്ചത്തില്‍ പ്രസ്താവിക്കുന്ന കാഴ്ചയാണ് ഇന്ന് കാണുന്നത്. “വളരെ നല്ലത്” എന്നാണെന്നു തോന്നുന്നു ഭയങ്കരത്തിന്റെ ഉത്തരാധുനിക അര്‍ത്ഥം! എല്ലാവരും ഇത് പുട്ടിനു തേങ്ങയിടുന്നത് പോലെ ആവശ്യത്തിലധികം നിത്യ സംഭാഷണങ്ങളില്‍ ഉപയോഗിക്കുന്നുമുണ്ട്.

ഇനി ഈ പുതിയ അര്‍ത്ഥത്തെ ഇരു കൈകളും നീട്ടി പുണരുകയല്ലാതെ നിവൃത്തിയില്ല. "God, grant me the serenity to accept the things I cannot change; the courage to change the things I can; and the wisdom to know the difference" എന്നാണല്ലൊ ലോകത്തിലെ ഏറ്റവും അര്‍ത്ഥവത്തായ പ്രാര്‍ത്ഥന.

ഈ ബ്ലോഗ് പോസ്റ്റ് നിങ്ങള്‍ക്ക് ഭയങ്കരമായി ഇഷ്ടപ്പെട്ടിട്ടുണ്ടാവുമെന്നു കരുതുന്നു :-)

വാല്‍ക്കഷ്ണം: നാട്ടില്‍ പോയ വിശേഷങ്ങളെക്കുറിച്ച് ഇംഗ്ലീഷിലെഴുതിയ ഈ പോസ്റ്റ് ഒന്നു വായിക്കൂ.

18 comments:

കിഷോർ‍:Kishor said...

കഴിഞ്ഞ മാസം നാട്ടില്‍ വെക്കേഷന്‍ ചിലവഴിക്കുന്ന സമയത്ത് പല മലയാളം ടിവി ചാനലുകളിലൂടെയും ബ്രൌസ് ചെയ്യുന്ന സമയത്താണ് മനസ്സിലായത് -- ‘ഭയങ്കരം’ എന്ന വാക്ക് ഇനി തിരിച്ചെടുക്കാനാവാത്ത വിധത്തില്‍ കൈവിട്ടു പോയിരിക്കുന്നു!!

ശ്രീ said...

ഭയം തോന്നിപ്പിയ്ക്കുന്ന വിധം ഇഷ്ടമായി എന്നാണ്‍ എല്ലാവരും ഉദ്ദേശ്ശിയ്ക്കുന്നത് എന്നു സമാധാനിയ്ക്കാമെന്നേ...

[ഇടയ്ക്കു ഞാനും അങ്ങനെ പറയാറുണ്ട്]
;)

ദിലീപ് വിശ്വനാഥ് said...

കിഷോര്‍,

മലയാളത്തിലെ ഒരു പ്രമുഖ കവി ഒരു ദിവസം ഒരു ടി.വി. ചാനലില്‍ പറയുന്നത് കേട്ടു, സംഭവിച്ചതെല്ലാം നല്ലതിന്, സംഭവാമി യുഗേ യുഗേ... എന്ന്.
അതിന്റെ അര്‍ത്ഥം പോലും അറിയാതെ ഈ പ്രയോഗങ്ങള്‍ കേള്‍ക്കുമ്പോള്‍ വളരെ വിഷമം തോന്നാറുണ്ട്.

പ്രിയ ഉണ്ണികൃഷ്ണന്‍ said...

വാക്കുകള്‍ അസ്താനത്ത്‌ പ്രയോഗിക്കുന്നത് സുലഭമാണിന്ന്‌...

ഒടുവില്‍ ഭാഷ കൈവിട്ടുപോകാതിരിക്കട്ടെ.

എന്തായാലും ഭയങ്കരം തന്നെ.

മൂര്‍ത്തി said...

ഭയങ്കര പോസ്റ്റ്..:)
പ്രാര്‍ത്ഥന ലിങ്കിനു നന്ദി..

സുല്‍ |Sul said...

എന്തിനു ഭയങ്കരത്തെ മാത്രം പറയണം.
അടിപൊളി - എന്താ അര്‍ത്ഥം എന്താ ഉദ്ദ്യേശം?
തകര്‍പ്പന്‍ - എന്താ അര്‍ത്ഥം എന്താ ഉദ്ദ്യേശം?
കിടിലന്‍ - എന്താ അര്‍ത്ഥം എന്താ ഉദ്ദ്യേശം?
ഞെരിപ്പന്‍ - എന്താ അര്‍ത്ഥം എന്താ ഉദ്ദ്യേശം?
ഇനിയും ധാരാളം. വേണേല്‍ മറ്റൊരു പോസ്റ്റാക്കാം. :)
-സുല്‍

മിന്നാമിനുങ്ങുകള്‍ //സജി.!! said...

എന്നാ പിന്നെ സംഭവാമിയുഗേ...യുഗേ.....
എന്തായാലും ഭയങ്കരം തന്നെ.....

കിഷോർ‍:Kishor said...

എല്ലാ കമന്റുകള്‍ക്കും ഭയങ്കരമായ നന്ദി!

ഭയങ്കരത്തിന്റെ ഈ ദുരുപയോഗം പുതുതായി ഉപയോഗത്തില്‍ വന്ന ചെത്ത്, അടിപൊളി, തകര്‍പ്പന്‍, കിടിലന്‍ എന്നിവയില്‍ നിന്നും വ്യത്യസ്തമാണ്. കാരണം ഇവ നാമ/ക്രിയ വിശേഷണങ്ങളായി (adjective/adverb)പണ്ട് ഉപയോഗിച്ചിരുന്നില്ല. പുതിയ കാലത്തിനനുസരിച്ച് പുതിയ ശൈലി ഉടലെടുത്തു എന്നു മാത്രം.

ഭയങ്കരത്തിന്റേത് അറിവില്ലായ്മ കൊണ്ട് പ്ണ്ടു മുതല്‍ക്കേ നടക്കുന്ന തെറ്റായ പ്രയോഗമാണ്. ഞാന്‍ ഒന്‍പതാ ക്ലാസില്‍ പഠിക്കുന്ന 80കളില്‍ എന്റെ മലയാളം ഗുരു (പീതാംബരന്‍ മാസ്റ്റര്‍ക്ക് സ്തുതി!) ഈ തെറ്റായ പ്രയോഗം ചൂണ്ടിക്കാണിച്ചിരുന്നു. ഇന്ന് ജനപ്രിയ ഇലക്ട്രോണിക് മാധ്യമങ്ങള്‍ വഴി ഈ തെറ്റ് ഒരു പകര്‍ച്ചവ്യാധി പോലെ പടര്‍ന്നു പിടിച്ചു എന്നു മാത്രം. പോരാഞ്ഞതിന് ഇക്കാലത്ത് ബ്ലോഗുകളും!

എതിരന്‍ കതിരവന്‍ said...

കിഷോര്‍:
ഇതു പല ഭാഷകളിമുണ്ട്.Terrific എന്ന ഇംഗ്ലീഷ് വാക്കിനും ഇപ്പോള്‍ നല്ലത് എന്ന അര്‍ത്ഥമാണുള്ളത്.

കിഷോർ‍:Kishor said...

terrific ഇക്കാലത്ത് ‘വളരെ നല്ലത്’ എന്ന അര്‍ത്ഥത്തില്‍ മാത്രമേ ഉപയോഗിക്കപ്പെടുന്നുള്ളൂ എന്ന് തോന്നുന്നു. നമ്മുടെ ഭയങ്കരത്തിന്റെ പഴയ അര്‍ത്ഥവും കാലക്രമേണ വിസ് മൃതിയിലായിക്കൂടെന്നില്ല.

ഭാഷയുടെ പരിണാമങ്ങള്‍ ഭയങ്കരം തന്നെ!

Anonymous said...

മറ്റുവാക്കുകളുമുണ്ടിങ്ങനെ: മേധാവി - ബുദ്ധിമാന്‍; അതിശയിക്കുക - കവിയുക ഇങ്ങനെയാണ് ഒറിജിനല്‍ അര്‍ത്ഥം :: ഉപയോഗമോ ?

ഏ.ആര്‍. നജീം said...

ഭയങ്കരം പിന്നെയും സഹിക്കാം ചിലര്‍ ടിവിയില്‍ പറയുന്ന കേക്കാം
ബയങ്കരം , ബാര്യ...

Cartoonist said...

നജീം,
‘ബയങ്കര’ അല്പം സവര്‍ണ്ണനായിപ്പോയി ! ടീവിയില്‍ അത്രയ്ക്കൊന്നൂല്യ - ‘ബാങ്കര’ അഥവാ ‘ബേങ്കര’, അത്ര മതി. ഫാമിലിയിലെ ഇംഗ്ലീഷ് പൈതൃകം ഉറപ്പാക്കിക്കഴിഞ്ഞു. :)

പിന്നെ, ഇതിലും ഭയനകമാണ് പാവം വിദ്യാര്‍ഥികളുടെ കാര്യം ! വിദ്യാഭ്യാസമന്ത്രിമാരും, വിദ്യാര്‍ഥി രാഷ്ട്രീയക്കാരും ടിവി ആങ്കര്‍മാരും ബാക്കി മിയ്ക്കവരും ഇപ്പോള്‍ ‘വിഥ്യാര്‍ഥി’ പക്ഷത്തല്ലെ .
എന്താ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ കഥ !!!

പിന്നെ , കിഷോര്‍, രാഗകൈരളിയിലൂടെ ചെയ്യുന്ന സമാനതകളീല്ലാത്ത സംഭാവനകള്‍ക്കായി താങ്കളുടെ ഒരു ചെറുപടം കേരളഹഹഹ യില്‍ വരച്ചിട്ടുണ്ട്. വര്‍ണ്ണചിത്രമല്ലെങ്കിലും, സ്വീകരിക്കുമല്ലൊ. :)

കിഷോർ‍:Kishor said...

ഉച്ചാരണശുദ്ധി മറ്റൊരു കാര്യം. ഇംഗ്ളീഷുകാരുടെ മലയാള ഉച്ചാരണം ഏറ്റവും മോശമായിരിക്കും! :)

കാര്‍ട്ടൂണിസ്റ്റ്, കാര്‍ടൂണിനു നന്ദി.

Inji Pennu said...

ഞാന്‍ ഭയങ്കരമായി ഉപയോഗിക്കുന്ന ഒരു വാക്കാണീ ഭയങ്കരം. എവിടുന്ന് കിട്ടിയതെന്ന് യാതൊരു ഐഡിയയും ഇല്ല. ഇതൊക്കെ അപ്പൊ ആരും ഉപയോഗിക്കാറില്ലേ? ഇതെന്താ ഞാന്‍ മാത്രം ഇതൊക്കെ ഉപയോഗിക്കുന്നേ? ഭയങ്കരം തന്നെ എന്റെ കാര്യം. ഭയങ്കര ഭാഷാപ്രശ്നങ്ങള്‍ ഉള്ളയാളാണ് ഞാനെന്ന് തോന്നുന്നു. ഇതിലെ ഭയങ്കരം എന്നുള്ളത് ഞാന്‍ മനപൂര്‍വ്വം ഉപയോഗിച്ചതല്ല, പക്ഷെ ഞാന്‍ സ്വതേ ഈ ഭയങ്കരം പുട്ടിനു തേങ്ങായോ ബീഫിനു തേങ്ങാക്കൊത്തോ പോലെ ഉപയോഗിക്കാറുണ്ട്.
:(

കിഷോർ‍:Kishor said...

ബൂലോകത്തിലൂടെ ഭൂലോക പ്രശസ്തിയിലേക്കുയര്‍ന്ന ഇഞ്ചിപ്പെണ്ണിന്റെ കമന്റ് ഇതാദ്യമായാണ് എനിക്കു കിട്ടുന്നത്. ഭയങ്കര നന്ദി!

സ്വവര്‍ഗ്ഗ പ്രണയികളുടെ ധര്‍മ്മസംകടങ്ങളെക്കുറിച്ച് ആംഗലേയത്തിലെഴുതിയ ബ്ലോഗിനുള്ള (http://myonlinestories.blogspot.com/2008/01/queer-notes-from-india-vacation.html) കമന്റിനും പ്രത്യേകം നന്ദി.

Unknown said...

njan orikkalum angane chintichilla!

thought provoking!!...

good one! and ur website is really helpful! :)

Neetha.

ശ്രീവല്ലഭന്‍. said...

എന്തായാലും ഭയങ്കരം തന്നെ!