Saturday, September 29, 2007

“വനജ” എന്ന അഭ്ര ഔഷധം!

കഴിഞ്ഞ ആഴ്ച “വനജ” എന്ന തെലുഗു പടം കാണാനിടയായി.
കലാമൂല്യമുള്ള സിനിമകള്‍ മാത്രം പ്രദര്‍ശിപ്പിക്കുന്ന ‍ബോസ്റ്റണിലെ
കെന്റല്‍ സിനിമയിലെ ആദ്യ പ്രദര്‍ശനത്തില്‍ സംവിധായകന്‍
രജനേഷ് ദൊമല്പള്ളിയും ഉണ്ടായിരുന്നു.

“വനജ എന്ന അഭ്ര കാവ്യം“ എന്നായിരുന്നു ആദ്യം ഈ പോസ്റ്റിനു
വിചാരിച്ചിരുന്ന തലക്കെട്ട്. എന്നാല്‍ ആന്ധ്രാ സമൂഹത്തിന്റെ
അടിത്തട്ടില്‍, ജാതി-ലിംഗ വിവേചനങ്ങള്‍ക്കെതിരെ പോരാടുന്ന
കൌമാരക്കാരിയായ അടുക്കള വേലക്കാരിയുടെ കഥയാണ് “വനജ”.
അതിലെന്ത് കാവ്യാത്മകത? കുച്ചിപ്പുഡി നൃത്തത്തിന്റെയും കര്‍ണ്ണാടക
സംഗീതത്തിന്റേയും പാശ്ചാത്തലമുണ്ടെങ്കിലും ജാതി-ലിംഗ
വിവേചനങ്ങള്‍ക്കെതിരെ സമൂഹത്തിനുള്ള മറുമരുന്നാണ്
“വനജ“എന്ന ഈ സിനിമ എന്നാണ് എന്റെ വിലയിരുത്തല്‍.



*************************Vanaja Poster**************************
സിനിമയുടെ വെബ് സൈറ്റ്: http://www.vanajathefilm.com/

കുച്ചിപ്പുഡി നൃത്തം പഠിക്കാനുള്ള അമിതമായ ആവേശം മൂലം
നൃത്ത അധ്യാപികയായ ഗ്രാമത്തിലെ ഉയര്‍ന്ന ജാതിക്കാരി
ജമീന്ദാര്‍ണിയുടെ വീട്ടുവേലക്കാരിയാകുന്നു വനജ. അമേരിക്കയില്‍
നിന്നും തിരിച്ചു വന്ന ജമീന്ദാര്‍ണിയുടെ മകനും വനജയും
പരസ്പരം ആകൃഷ്ടരാകുന്നതും തുടര്‍ന്നുള്ള സംഭവ വികാസങ്ങളുമാണ്
സിനിമയുടെ പ്രമേയം. ഒടുവില്‍ ഗര്‍ഭിണിയായി പടിയിറങ്ങേണ്ടി
വരുന്ന വനജ ‘സ്ത്രീ’ സീരിയലുകളിലെ നായികമാരെ പോലെ
കരഞ്ഞ് ആത്മഹത്യാ നാടകം നടത്തുന്നില്ല. കൌശലക്കാരിയും
തന്റേടിയുമായ വനജ എന്ന കഥാപാത്രം ഇന്ത്യന്‍ സിനിമയിലെ
സ്റ്റീരിയോറ്റൈപ്പ് സ്ത്രീ-പ്രതിനിധാനങ്ങളില്‍ നിന്നും വളരെ
വ്യത്യസ്തവും യാഥാര്‍ഥ്യാനുഷ്ഠിതവുമാണ്.

“വനജ“ കേരളമുള്‍പ്പെടെ 50-ഓളം ഫിലിം ഫെസ്റ്റിവലുകളില്‍
പ്രദര്‍ശിപ്പിച്ചു കഴിഞ്ഞിരിക്കുന്നു. ബര്‍ളിന്‍ ഫെസ്റ്റിവലില്‍ കന്നി
സംവിധായകനുള്ള അവാര്‍ഡും വനജക്ക് ലഭിച്ചിരിക്കുന്നു.
ഈ സിനിമ ആന്ധ്രയിലെ തിയേറ്ററുകളില്‍ പ്രദര്‍ശിപ്പിക്കുമോ
എന്ന് ഞാന്‍ സംവിധായനോട് ചോദിച്ചു. ഇന്ത്യന്‍ സെന്‍സര്‍
ബോര്‍ഡും വന്‍ താരങ്ങളാല്‍ നിയന്ത്രിക്കപ്പെടുന്ന ആന്ധ്രയിലെ
തിയെറ്റര്‍ വ്യവസായവും ഇത്തരം ചിത്രങ്ങള്‍ പൊതുജനങ്ങളിലേക്ക്
എത്തിക്കുന്നതില്‍ തടസ്സമാകുന്നു എന്നായിരുന്നു അദ്ദേഹത്തിന്റെ ഉത്തരം.

1 comment:

കിഷോർ‍:Kishor said...

ആന്ധ്രാ സമൂഹത്തിന്റെ അടിത്തട്ടില്‍, ജാതി-ലിംഗ വിവേചനങ്ങള്‍ക്കെതിരെ പോരാടുന്ന
കൌമാരക്കാരിയായ അടുക്കള വേലക്കാരിയുടെ കഥയാണ് “വനജ” എന്ന സിനിമ.