Sunday, February 17, 2008

ലജ്ജാവതിക്ക് അയിത്തം?

മാതൃഭൂമി ആഴ്ച്ചപ്പതിപ്പിന്റെ ഡിസംബറില്‍ വന്ന ജനപ്രിയ സംഗീതത്തെക്കുറിച്ചുള്ള പ്രത്യേക പതിപ്പിലെ ജാസി ഗിഫ്റ്റുമായുള്ള അഭിമുഖം അല്പം കൌതുകത്തോടെയാണ് വായിച്ചത്. മലയാള സംഗീത ലോകം തനിക്കും “ലജ്ജാവതിയേ“ എന്ന ഗാനത്തിനും അയിത്തം കല്‍പ്പിച്ചു നിര്‍ത്തി അകറ്റി നിര്‍ത്തിയിരിക്കുകയാണെന്ന് അദ്ദേഹം വിചാരിക്കുന്നു. മാത്രവുമല്ല ശാസ്ത്രീയ സംഗീതത്തെ ‘ഉന്നത‘ജാതിക്കാരുടെ സംഗീതമാക്കി ചിത്രീകരിച്ച് ജനപ്രിയ സംഗീതത്തിന്റെ ശത്രുപക്ഷത്തു നിര്‍ത്താനും അദ്ദേഹം തുനിയുന്നു.



-----------------------------------------------------------------
അഭിമുഖത്തില്‍ നിന്നുള്ള ജാസിയുടെ ചില ഉദ്ധരണികള്‍:

1. "(ഇന്ത്യയുടെ)പരമ്പരാഗത സംഗീതവുമായി ഇനി അധിക കാലം
മലയാളിക്കു മുന്നോട്ടു പോവാനാവില്ല”

2. “ശാസ്ത്രീയ സംഗീതം പഠിക്കാതിരുന്നത് നല്ലതായിട്ടാണ് എനിക്കു തോന്നിയത്”

3. “ശാസ്ത്രീയ സംഗീതത്തിന്റെ അതിപ്രസരമാണ് മലയാള സിനിമയില്‍”
-----------------------------------------------------------------

ഈ നൂറ്റാണ്ടിലെ വന്‍ ജനപ്രീതിയാര്‍ജ്ജിച്ച, എനിക്കിഷ്ടപ്പെട്ട ഒരു ഗാനമാണ് ജാസി സംവിധാനം ചെയ്തു പാടിയ “ലജ്ജാവതിയേ നിന്റെ കള്ളക്കടക്കണ്ണില്‍”. എന്നാല്‍ ചില ഇംഗ്ലീഷ് വരികളും പാശ്ചാത്യ ശൈലിയിലുള്ള ഓര്‍ക്കസ്റ്റ്റേഷനുമുണ്ടെകിലും ലജ്ജാവതി അടിസ്താനപരമായി ഭാരതീയമായ മെലഡി തന്നെയാണ്. അതിനാലാണ് സംവിധായകനായ ജയരാജിന് കഥകളി, മോഹിനിയാട്ടം, പുലികളി തുടങ്ങിയ ദൃശ്യങ്ങള്‍ ഇതിന്റെ ചിത്രീകരണത്തില്‍ വിജയകരമായി ഉപയോഗിക്കാന്‍ കഴിഞ്ഞത്. താരതമ്യം ചെയ്യുകയാണെണ്‍കില്‍ ഇതെപോലെ ഫാസ്റ്റായ അടിപൊളിപ്പാട്ടാണ് സ്വപ്‌നക്കൂടിലെ “കറുപ്പിനഴക്.....”. എന്നാല്‍ പൂര്‍ണ്ണമായും പാശ്ചാത്യ ശൈലിയില്‍ ചെയ്ത ഗാനമാണ് ഇത്. പറഞ്ഞു വരുന്നത് സംഗീതം ഇന്ത്യനാണെങ്കിലും വെസ്റ്റേണാണെങ്കിലും കേള്‍ക്കാനിമ്പമുണ്ടെങ്കില്‍ ജനത്തിനിഷ്ടപ്പെടും. ഹിറ്റാവുകയും ചെയ്യും. ജാസി ഗുരുതുല്യനായി കാണുന്ന എ.ആര്‍.റഹ്മാന്‍ പോലും തന്റെ മിക്കഗാനങ്ങളിലും ഭാരതീയമായ മെലഡിയാണ് ഉപയോഗിക്കുന്നത്. പാശ്ചാത്യശൈലിയിലുള്ള ഇലക്ട്രോണിക് ഉപകരണ സംഗീതമുപയോഗിച്ച് റഹ്മാന്‍ തന്റെ മെലഡികള്‍ക്ക് പുതുമ നല്‍കുന്നു എന്നു മാത്രം.

ഇനി സിനിമയിലെ ശാസ്ത്രീയ സംഗീതത്തെ കുറിച്ച്. സിനിമയിലെ ഗാനങ്ങള്‍ ലളിതമായോ (ഉദാ: മഞ്ഞള്‍ പ്രസാദവും)അതോ സ്വരപ്രസ്താരത്തോടെ/അതി-ഗമകങ്ങളോടെ കച്ചേരി ശൈലിയിലോ (ഉദാ: രാമകഥാ ഗാനലയം) ആവാം. എങ്ങിനെയുള്ള പാട്ടാണെങ്കിലും അത് രൂപഭദ്രതയുള്ള മെലഡിയാണെങ്കില്‍ അതിന്നടിസ്താനമായി ഒരു രാഗംകാണുമെന്നത് തീര്‍ച്ചയാണ്. രൂപഭദ്രതയുള്ള മെലഡിയുടെ പലതരത്തിലുള്ള തരം തിരിവിനേയാണല്ലോ ഭാരതീയസംഗീതത്തില്‍ ‘രാഗം’എന്ന് പറയുന്നത്. മഞ്ഞള്‍ പ്രസാദം മോഹനത്തിലും രാമകഥാ ഗാനലയം ശുഭപന്തുവരാളിയിലുമാണ് ( മലയാള ഗാനങ്ങളുടെ രാഗപ്രകാരമുള്ള പട്ടിക ഇവിടെ ). അതിനാല്‍ മെലഡിയിലതിഷ്ടിതമായ ഭാരതീയ സംഗീതത്തില്‍ നിന്ന് ശാസ്ത്രീയസംഗീതത്തെ വേര്‍തിരിച്ചു നിര്‍ത്താവാവില്ല തന്നെ. ലളിതമായ സിനിമാ ഗാനങ്ങള്‍ ചെയ്യാന്‍ ശാസ്ത്രീയ സംഗീതത്തിലുള്ള പരിജ്ഞാനം ആവശ്യമില്ല. ജാസി തന്നെ സംഗീതം നല്‍കിയ ഗാനങ്ങളായ “ലോകാ സമസ്താ സുഖിനോ”(ശുദ്ധധന്യാസി), “അലകടളിനലകളില്‍ ഒഴുകിയ“(ഹംസധ്വനി) എന്നിവ ഉദാഹരണം. ലജ്ജാവതി പോലും സിന്ധുഭൈരവിയും നടഭൈരവിയും ചേര്‍ന്ന ഒരുമിശ്രണമല്ലേ എന്നാണ് എന്റെ സന്ദേഹം! ശാസ്ത്രീയ ഗാനങ്ങള്‍ എന്നാല്‍ ഒച്ചിഴയുന്നതുപോലെയുള്ള വേഗത്തിലുള്ള മുഷിപ്പനായ ഗാനങ്ങള്‍ മാത്രമാണ് എന്നു വിചാരിക്കുന്നവര്‍ കടുകു വറുക്കുന്ന ദ്രുതഗതിയില്‍ മൂന്നാം കാലത്തില്‍ പാടുന്ന വര്‍ണ്ണങ്ങളോ തില്ലാനകളോ കേട്ടിരിക്കാനിടയില്ല. സിനിമാപാട്ട് ലളിതമാണോ സങ്കീര്‍ണ്ണമാണോ ഫാസ്റ്റാണോ സ്ലോയാണോ നാടനാണോ ഫോറിനാണോ എന്നൊക്കെ തീരുമാനിക്കുന്നത് നിനിമയിലെ കഥാ സന്ദര്‍ഭം മാത്രമാണ്. സംഗീതസംവിധായകന് ഇക്കാര്യം തീരുമാനിക്കുന്നതില്‍ യാതൊരു സ്വാതന്ത്ര്യവുമില്ല. ഇത് മനസ്സിലാക്കാതെ ശാസ്ത്രീയ സംഗീതത്തെ മൊത്തം അടച്ചാക്ഷേപിക്കുന്നത് സംഗീതത്തിന്റെ ഉല്‍പ്പത്തിയെക്കുറിച്ച് വ്യക്തമായി ചിന്തിക്കാതെ നടത്തുന്ന ബാലിശമായ അഭിപ്രായപ്രകടനമായി തോന്നുന്നു. അല്‍പ്പം ശാസ്ത്രീയമായി പഠിക്കുന്നത് ജന്മസിദ്ധമായ സംഗീത വാസനയെ പരിപോഷിപ്പിക്കുകയേ ഉള്ളൂ.

അവസാനമായി സംഗീതത്തിലെ മേലാള/കീഴാള തരംതിരിവുകളെക്കുറിച്ച് ചില ചിന്തകള്‍. ഇന്ത്യയിലെ ജാതി വ്യവസ്ഥ എന്നത് പാരമ്പര്യമായി കുടുംബങ്ങള്‍ തുടര്‍ന്നു വന്ന കുലത്തൊഴിലുകളില്‍ അധിഷ്ടിതമാണല്ലോ. ഇതനുസരിച്ച് ഓരോരുത്തരും അവരുടെ പിതാവില്‍ നിന്നു പഠിച്ച കുലത്തൊഴില്‍ മാത്രം ചെയ്ത് ജീവിതം നയിച്ചിരുന്നു. നായന്മാര്‍ യോദ്ധാക്കളായും കൃഷിപ്പണി നടത്തിച്ചും പുലയര്‍ കൃഷി ചെയ്തും ഈഴവര്‍ കള്ള് ചെത്തിയും തമ്പുരാക്കന്മാര്‍ രാജ്യം ഭരിച്ചും മാത്രം ജീവിച്ചു പോന്നു. അങ്ങനെയുള്ള ചുറ്റുപാടില്‍ കലകള്‍ പഠിക്കുക/ആസ്വദിക്കുക എന്നത് മെയ്യനങ്ങി തൊഴില്‍ ചെയ്യുന്ന,കുറഞ്ഞ വരുമാനക്കരായ ‘താഴ്ന്ന’ ജാതിയില്‍പ്പെട്ടവര്‍ക്ക് അസാധ്യവുമായിരുന്നു. അതിനാല്‍ തന്നെ പണ്ടുമുതലേ കലകളില്‍ ഉന്നതജാതിക്കാരുടെ ആധിപത്യം ഉണ്ടെന്നുള്ളത് ഒരു ചരിത്രസത്യമാണ്. എന്നാല്‍ സ്വാതന്ത്ര്യവും ജനാധിപത്യവും നിയമവാഴ്ചയും പൊതുവിദ്യാഭ്യാസവും വന്നതോടെ ഏവര്‍ക്കും അവരവരുടെ കഴിവുകള്‍ക്കും വിദ്യാഭ്യാസത്തിനുമനുസരിച്ചുള്ള ജോലികള്‍ ചെയ്യാമെന്നായി. സംഗീതമുള്‍പ്പെടെയുള്ള കലകളുടെ ശിക്ഷണം പൊതു സ്ഥാപനങ്ങളായ സര്‍വ്വകലാശാലകളും കലാമണ്ഡലം പോലുള്ള സ്ഥാപനങ്ങളും ഏറ്റെടുത്തു. കേരളത്തിലെ ഒന്നാം നിര സംഗീതജ്ഞരുടെ പട്ടിക തയ്യാറാക്കിയാല്‍ കാണാം ജാതി-മത അതിര്‍ വരമ്പുകള്‍ ഇവിടത്തെ സംഗീതലോകത്ത്
എന്നേ ഭേദിച്ചു കഴിഞ്ഞുവെന്ന്.

യേശുദാസ് - കൃസ്ത്യന്‍
രവീന്ദ്രന്‍ മാഷ് - പാണന്‍
കലാമണ്ഡലം ഹൈദരാലി (സോപാനം) - മുസ്ലീം
നെയ്യാറ്റിങ്കര വാസുദേവന്‍ (കര്‍ണ്ണാടിക്) - ദളിത്(?)
രാഘവന്‍ മാഷ് - അരയന്‍
ദേവരാജന്‍ മാഷ് - ആശാരി(?)
അര്‍ജ്ജുനന്‍ മാഷ് - ആശാരി
ബാബുരാജ് മാഷ് - മുസ്ലീം
വിദ്യാധരന്‍ മാഷ് - വേലന്‍
ഇസൈജ്ഞാനി ഇളയരാജ - ദളിത്
(അവലംബം : സംഗീതിക മാസിക)

കലാ രംഗത്ത് ജാതി-മതപരമായ വിവേചനങ്ങള്‍ പാലിക്കുന്ന ചിലര്‍ ഇന്നും ഉണ്ടാകാം. അതിനെ തുറന്നു നേരിടുന്നതിനു പകരം പാശ്ചാത്യ ശൈലികളിലേക്ക് ഒളിച്ചോടുന്നത് ബുദ്ധിപരമായ ഭീരുത്വമാണ്. ജാതീയമായ വിവേചനങ്ങള്‍ ഒഴിവാക്കാനായി ഇന്ത്യയിലെ എല്ലാവരും ഇംഗ്ലീഷില്‍ മാത്രം സംസാരിക്കണമെന്ന് ഒരു ദളിത്-മനുഷ്യാവകാശപ്രവര്‍ത്തകന്‍ ഈയിടെ പ്രസ്താവിച്ചതിനെയാണ് ഇത് ഓര്‍മ്മപ്പെടുത്തുന്നത്. ഇങ്ങനെയുള്ള ചിന്താരീതികള്‍ അപനിര്‍മ്മാണം ചെയ്താല്‍ വളരെ അപകടം പിടിച്ച പാശ്ചാത്യവംശീയ മേല്‍ക്കോയ്മയില്‍ ആണ് നാം ചെന്നെത്തി നില്‍ക്കുന്നത്. മേലാളം/കീഴാളം എന്ന് കലകളെ ദൃഢമായി തരംതിരിച്ചു നിര്‍ത്തുന്നത് കെട്ടുറപ്പിച്ച ജാതിവ്യവസ്തയിലേക്കുള്ള ഒരു തിരിച്ചുപോക്കായേ എനിക്കു കാണാന്‍ പറ്റുന്നുള്ളൂ. കലകള്‍ നാടനായാലും ഫോറിനായാലും ലളിതമായാലും ശാസ്ത്രീയമായാലും എല്ലാ വിഭാഗത്തില്‍പ്പെട്ട ആളുകള്‍ക്കും പഠിക്കുവാനും ആസ്വദിക്കുവാനുമുള്ള ചുറ്റുപാടുകള്‍ ഉണ്ടായിരിക്കേണ്ടതാണ്.

വായനക്കാര്‍ക്ക് എന്തു തോന്നുന്നു?

10 comments:

കിഷോർ‍:Kishor said...

മലയാള സംഗീത ലോകം തനിക്കും “ലജ്ജാവതിയേ“ എന്ന ഗാനത്തിനും അയിത്തം കല്‍പ്പിച്ചു നിര്‍ത്തി അകറ്റി നിര്‍ത്തിയിരിക്കുകയാണെന്ന് ജാസി ഗിഫ്റ്റ് വിചാരിക്കുന്നു.

തോന്ന്യാസി said...

തേങ്ങ എന്റേത്

തികച്ചും കാലിക പ്രസക്തിയാര്‍ന്ന പോസ്റ്റ്

സംഗീതം ജാതിക്കും,മതത്തിനും അതീതമായതുകൊണ്ടു തന്നെയാണ് ഇന്നും മരിക്കാതെ യിരിക്കുന്നത്.

മായാവി.. said...

ആ ജാസി ഗിഫ്റ്റിന്‍ എന്തോ കൊമ്പ്ലെക്സ് ഉണ്ട്, എപ്പോഴും ഇങ്ങനെ ചൊറിയുന്ന രീതിയില്‍ പറയും, ഇനി അതും വെച്ച് മുതലെടുപിന്നാണോ എന്നറിയില്ല, അയ്യാളോട് ഇളയരാജയുടെയും മറ്റും ജീവചരിത്രം വായിക്കാന്‍ പറയണം. നല്ലസംഗീതത്തിന്‌എന്നും.. ആളുകളുണ്ടാവും , ഇന്ത്യന്‍ സംഗീതത്തിന്റെ കൂമ്പടഞ്ഞു എന്ന് പറയാനാരാ ഈ ജാസി ഗിഫ്റ്റ്? ഗയകരായ മുഹമ്മദ് റഫിയോ, കിഷോറോ മരിച്ചെന്ന് കരുതി ഹിന്ദി സംഗീതരംഗം സ്തംഭിച്ചുവോ? അവരുടെ പാട്ടില്ലെന്നെല്ലെയുള്ളൂ, അല്ലെങ്കില്‍ അത്രയും മികച്ചഗാനങ്ങളീല്ല എന്നല്ലെ റഫി മരിച്ചപ്പൊ സമ്ഭവിച്ചുള്ളു. നാലുപാട്ടിന്‍ സംഗീതസം്‌വിധാനം ചെയ്യുമ്ബോഴേക്കും ഇങ്ങനെയൊക്കെപറയുകയാണെങ്കില്‍ ബബുരാജും, ദേവരാജനുമൊക്കെ എന്തായിരുന്നു പറയേണ്ടിയിരുന്നത്? അവരൊക്കെചെയ്തതിന്റെ ആയിരത്തിലൊരംശംനിലനില്കുന്നഒരുപാട്ട് ഈ ഗിഫ്റ്റിനെക്കൊണ്ടാവുമോ? ചുരുക്കിപറഞ്ഞാ അഹങ്കാരമാണ്‍ ഇതിനെയൊക്കെ (മിക്ക പുതുകലാകാരന്മാരെയും) ഭരിക്കുന്നത് എല്ലിനിടയില്‍ വറ്റുകുത്തുന്നൂന്ന് പറഞ്ഞരീതിയിലുള്ള വര്ത്താനങ്ങള്. പോയി പണിനോക്കാന്‍ പറ, എങ്ങനെയുണ്ടെന്നറിയാന്‍ ഒരുതവണയെങ്കിലും എല്ലപാറ്റും കേട്ട് നോക്കും

Gopan | ഗോപന്‍ said...

കിഷോര്‍,

ഈ പോസ്ടിനു വേണ്ടി ചെയ്ത ഗവേഷണത്തിന് ആദ്യം നന്ദി പറയട്ടെ.

But let me tell you, this guy does not deserve any reply for his arrogance.

സംഗീതം ദൈവത്തിന്‍റെ ഭാഷയാണെന്നും അതിന് ജാതിയുടെയോ മതത്തിന്‍റെയോ അതിര്‍ വരമ്പുകള്‍ ഇല്ല എന്നും സംഗീതത്തെ സ്നേഹിക്കുന്ന ആര്‍ക്കും അറിയാം.

ജാസിക്ക് എന്നെങ്കിലും വിവേകം ഉദിക്കും എന്നാശിക്കാം അല്ലേ.

കിഷോർ‍:Kishor said...

ജാസി കഴിവുള്ള സംഗീത സംവിധായകനാണ്. അനുയോജ്യമായ ചിത്രങ്ങള്‍ വന്നാല്‍ അദ്ദേഹം മലയാള സിനിമയിലേക്കു തിരിച്ചു വരും എന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു.

എതിരന്‍ കതിരവന്‍ said...

ജാസ്സിയെ ആരും അകറ്റിയിട്ടില്ല. ലജ്ജാവതി കഴിഞ്ഞ് അദ്ദേഹം ചെയ്ത പാട്ടുകള്‍ ആര്‍ക്കും വേണ്ടാതെയായതിനു പഴിചാരാന്‍ ആളെ നോക്കുകയാണ്.

ഇതിനെപ്പറ്റി ഒരു ചര്‍ച്ച സെബിന്‍ ജേക്കബിന്റെ ഒരു പോസ്റ്റില്‍ വന്നതാണ്.

ജയരാജ് കഥകളിവേഷത്തെക്കൊണ്ട് ചെയ്യിച്ചത് വളരെ നിന്ദ്യവും ഹീനവുമായ പ്രവൃത്തിയാണ്. പാട്ടുമായി അതിനു യാതൊരു ബന്ധവുമില്ല.

ഗുരുജി said...

സംഗീതലോകത്തിന്റെ പെരുവഴികളിലൂടെ ആരൊക്കെ വന്നു..ആരൊക്കെ പോയി...ചിലരുടെ കാല്‍പ്പാടുകള്‍ മാത്രം മായാതെ ആ വഴിയിലുണ്ടാകും. സ്വന്തം കാല്‍പ്പാടുകള്‍ പതിക്കാന്‍ പാകത്തില്‍ നടക്കാനറിയില്ലെങ്കില്‍ മുന്‍പേ നടന്നവരെക്കുറിച്ചും വഴിയുടെ ദുര്‍ഘടതയെക്കുറിച്ചും പരാതി പറയുന്നതു നടക്കാനറിയാത്തതുകൊണ്ടും വഴി അത്ര പിടിയില്ലാത്തതു കൊണ്ടുമല്ലേ? ഹിന്ദിയില്‍ ഒരു ചൊല്ലുണ്ട്. നാച് ന ജാനേ ആംഗന്‍ ടേഡാ...നൃത്തം ചെയ്യാന്‍ അറിയാത്തതിന്‌ അങ്കണം ചരിഞ്ഞതാണെന്നു പഴിപറയുന്നു..

absolute_void(); said...

എതിരന്‍ കതിരവന്‍ പറഞ്ഞ ആ പോസ്റ്റ് ഇവിടെ.

കിഷോർ‍:Kishor said...

കമന്റിയ എല്ലാവര്‍ക്കും നന്ദി. ജാസി പറഞ്ഞ കാര്യങ്ങള്‍ മലയാള സിനിമയിലെ ഒരു പോരായ്മയിലേക്കു ചൂണ്ടിക്കാണിക്കുന്നുണ്ട്. നമ്മുടെ സിനിമയില്‍ വൈവിധ്യമായ കഥകള്‍ കുറവാണ്. ഈ വൈവിധ്യക്കുറവ് കഥാസന്ദ്ദര്‍ഭങ്ങള്‍ക്ക് മിഴിവേറ്റാനായി ഉപയോഗിക്കുന്ന ഗാനങ്ങളിലും പ്രതിഫലിക്കുന്നു.

പഴയകാല സംഗീതസംവിധായകന്‍ പ്രതാപ് സിംഗ് ജാസിക്കു നല്‍കിയ മറുപടി എതിരന്‍ സ്കാന്‍ ചെയ്ത് അയച്ചു തന്നിട്ടുണ്ട് . ലിങ്ക്
ഇവിടെ.

AdamZ said...

Nice post on Jassie Music

I had a similar discussion based on the same article in one of the orkut community

regards,
Adarsh KR, DUbai