Monday, December 15, 2008

കൌമാര സ്വപ്നങ്ങൾ

പലരും മറന്നു കഴിഞ്ഞ, എന്നാൽ മലയാള സംഗീതചരിത്രത്തിൽ സുപ്രധാനമായ സ്ഥാനം അർഹിക്കുന്ന “കൌമാരസ്വപ്നങ്ങൾ... പീലിവിടർത്തിയ മാനസതീരങ്ങളിൽ” എന്ന മലയാളം പാട്ടിനെ ഓർമ്മപ്പെടുത്താനാണ് ഈ പോസ്റ്റ്. 1981ൽ പി.ചന്ദ്രകുമാർ സംവിധാനം ചെയ്ത “ആരതി” എന്ന ചിത്രത്തിലേതാണ് എം.ബി ശ്രീനിവാസൻ സംഗീതം പകർന്ന ഈ മനോഹര ഗാനം. ഗാനരചന ഇന്നത്തെ പ്രശസ്ത സിനിമാ സംവിധായകനായ സത്യൻ അന്തിക്കാടാണ്. മലയാളം വരികളെ അച്ചടിഭാഷാ ചുവയില്ലാതെ സ്വാഭാവികമായ വായ്മൊഴി ഉച്ചാരണത്തോടെ പാടാൻ കഴിവുള്ള ഏക അയൽ-സംസ്ഥാന ഗായികയായ ജാനകിയാണ് ഈ പാട്ടു പാടിയിരിക്കുന്നത്.


                  എം.ബി.ശ്രീനിവാസൻ

ഈ പാട്ടിന്റെ സവിശേഷത “രണ്ട് ജാനകിമാർ“ ഒരുമിച്ചു പാടിയിരിക്കുന്നു എന്നുള്ളതാണ്! സാധാരണ സംഘഗാനം പാടുന്നതുപോലെ ഒരുമിച്ചു പാടുകയല്ല ഇവിടെ ചെയ്തിരിക്കുന്നത്. പാട്ടിന്റെ ഉടനീളം പ്രധാന മെലഡിയുടെ അനുപൂരകമായ മെലഡി (counter melody) അതേ സാഹിത്യത്തിൽ,അതേ മനുഷ്യശബ്ദത്തിൽ തന്നെ പാശ്ചാത്തലമായി ഉപയോഗിച്ച് ഹാർമണിയുടെ എഫക്റ്റ് ഉണ്ടാക്കിയിരിക്കുന്നു.

പാട്ട് ഇവിടെ കേഴ്ക്കാം/Download ചെയ്യാം.

എന്റെ കൌമാരകാലത്ത് റേഡിയോയില്‍ തേടിപ്പിടിച്ചു കേട്ടിരുന്ന ഒരു പാട്ടായിരുന്നു ഇത്. പിന്നെ പിന്നെ കേഴ്ക്കാതെ ഓർമ്മയിൽ നിന്നും പൂർണ്ണമായി മറഞ്ഞു. ഈ പാട്ടിന്റെ റെക്കോര്‍ഡിഗ് സവിശേഷതകളെപ്പറ്റി രവിമേനോന്‍ ഈയടുത്ത് മാതൃഭൂമി ആഴ്ചപ്പതിപ്പിലെ എം.ബി.ശ്രീനിവാസനെക്കുറിച്ചുള്ള ‘പാട്ടെഴുത്ത്‘-ൽ ഓർമ്മിപ്പിച്ചിരുന്നു. അങ്ങനെയാണ് ഒരു 'blast from the past' ആയി ഈ ഗാനം വീണ്ടും മനസ്സിൽ തിരിച്ചെത്തിയത്! ഇന്നത്തെപ്പോലെ ഡിജിറ്റൽ ട്രാക് എഡിറ്റിങ്ങും മിക്സിങ്ങും ഒന്നുമില്ലാത്ത 1981ൽ ഇങ്ങനെയൊരു പാട്ടുണ്ടാക്കിയ എം.ബി.ശ്രീനിവാസൻ ഒരു ജീനിയസ് തന്നെ. മെലഡിയും ഹാർമണിയും തമ്മിലുള്ള ഒരു മത്സരമാണ് ഈ പാട്ട്. മെലഡി തന്നെ ജയിച്ചു എന്നാണ് എനിക്കു തോന്നുന്നുത്.


                  എസ്. ജാനകി (Image courtesy : Hindu)

പാട്ടിന്റെ വരികൾ ഈ ലിങ്കിൽ കൊടുത്തിട്ടുണ്ട്. സാഹിത്യത്തിന്റെ ഘടനയിലും ഈ പാട്ട് സാധാരണ കീഴ്വഴക്കമായ “പല്ലവി-അനുപല്ലവി-ചരണം” എന്ന ഫോർമുലയെ അട്ടിമറിക്കുന്നു. അനുപല്ലവി എന്ന വസ്തുവേ ഇതിലില്ല. മൂന്നു ചരണങ്ങൾ ഉള്ളത് വരികളുടെ എണ്ണത്തിലും ദൈർഘ്യത്തിലും ട്യൂണിലും ഒന്നിനൊന്നു വ്യത്യസ്തം! (സാധാരണ പാട്ടുകളിൽ എല്ലാ ചരണങ്ങൾക്കും വരികളുടെ എണ്ണം, ദൈർഘ്യം, ട്യൂൺ എന്നിവ സമാനമായിരിക്കും). എം.ബി.ശ്രീനിവാസന്റെ തന്നെ ജനപ്രിയ മാസ്റ്റർപീസായ “ഒരു വട്ടം കൂടിയെന്നോർമ്മകൾ” എന്ന ഗാനത്തിലും ഇതുപോലെ സാമ്പ്രദായികമായ ഗാനഘടനയുടെ നിരാകരണം കാണാം.

ഇതിന്റെ റെക്കോർഡിങ് സങ്കേതത്തെ “Dual Track Mixing" എന്നു പറയാമെന്നു തോന്നുന്നു. രണ്ടു ട്രാക്കുകളും തമ്മിൽ മെലഡിയിൽ സാരമായ വ്യതിയാനങ്ങളുണ്ട്. ‘Wave Theory' യിലെ 'Variable Phase Difference' പോലെ രണ്ടു ട്രാക്കുകൾക്കും ഇടയിൽ മാറിമറിഞ്ഞു വരുന്ന കാലവ്യത്യാസം കൊടുത്തിരിക്കുന്നതിലാണ് ഈ പാട്ടിന്റെ മനോഹാരിത. ഉദാഹരണമായി പാട്ടിന്റെ തുടക്കം തന്നെ ഒന്നാം ട്രാക്കിലെ “കൌമാരസ്വപ്നങ്ങൾ...” എന്നു പാടിക്കഴിഞ്ഞതിന്റെ അവസാനത്തിലാണ് രണ്ടാം ട്രാക്കിലെ “കൌമാരസ്വപ്നങ്ങൾ“ വരുന്നത്. എന്നാൽ ഒന്നാം ട്രാക്കിലെ “പീലിവിടർത്തിയ മാ” എന്നു പകുതി പാടിയ സ്ഥാനത്തെത്തുമ്പോഴേക്കും രണ്ടാം ട്രാക്കിലെ “പീലിവിടർത്തിയ” തുടങ്ങിയിരിക്കുന്നു! ഇങ്ങനെ പാട്ടിലുടനീളം ഏതോ അഭൌമമായ ഗണിതസമവാക്യമുപയോഗിച്ച് അനുയോജ്യമായ സമയ-ഇടവേള രണ്ടു ട്രാക്കുകൾക്കും ഇടയിൽ കൊടുത്തിരിക്കുന്നു. രണ്ട് സമാന്തര ട്രാക്കുകളുള്ളതിനാൽ ഒരാൾക്കും ഈ പാട്ട് ഒറ്റക്ക് പാടി പൂർണ്ണത കൈവരുത്താൻ കഴിയില്ല. അതിനാൽ തന്നെയായിരിക്കണം ഒരു റ്റി.വി. പരിപാടിയിലും വരാതെ ഈ പാട്ട് വിസ്മൃതിയിൽ തള്ളപ്പെട്ടത്. ഈ പാട്ടിനു അതിന്റെ പ്രത്യേക സൌന്ദര്യം കൊടുക്കുന്ന ഘടകം തന്നെ അതിന്റെ ജനപ്രീതിക്കു വിഘാതമായി! പാട്ടിന്റെ മൊത്തം സമയ ദൈർഘ്യം 3:14(same as 'Pi' in mathematics) മിനിട്ട് ആയത് വെറും coincidence മാത്രമോ? ‘അല്ല’ എന്നാണ് എന്റെ മനസ്സിലെ എഞ്ജിനീയർ പറയുന്നത് :-)

താളവാദ്യ അകമ്പടിയും ഡബിൾ വോയ്സ് ട്രാക്കും ഒന്നുമില്ലാതെ ഈ പാട്ടിന്റെ ഒരു സാദാ വെർഷനും ജാനകിയുടെ ശബ്ദത്തിൽ തന്നെ റെക്കോർഡു ചെയ്യപ്പെട്ടിട്ടുണ്ട്. (ഇവിടെ കേഴ്ക്കാം). പാട്ടിന്റെ MP3 തപ്പിപ്പിടിച്ചു തന്ന ഭൂമിപുത്രിക്കും കിരൺസിനും പ്രത്യേകം നന്ദി...